തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണസംഘത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ച സമയപരിധി ഈമാസം 27-ന് തീരുമ്പോള്‍ ചോദ്യങ്ങള്‍ പലത്. അതിനിടെ ശബരിമല തന്ത്രിമാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം എടുത്തു. കണ്ഠരര് രാജീവര്, മോഹനര് എന്നിവരുടെ മൊഴിയാണ് എടുത്തത്. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണ് അനുമതി നല്‍കിത്. ദൈവഹിതം മാത്രമാണ് നോക്കിയതെന്നും തന്ത്രിമാര്‍ മൊഴി നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നും വിശദീകരിച്ചു. എസ് ഐ ടിയുടെ ഓഫീസിലെത്തിയാണ് മൊഴി നല്‍കിയത്. ഡിസംബര്‍ മൂന്നിന് കേസ് പരിഗണിക്കാനിരിക്കേ അടുത്ത ഇടക്കാല റിപ്പോര്‍ട്ട് നിര്‍ണായകമാകും. മുന്‍മന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതരിലേക്ക് അന്വേഷണം നീങ്ങാനിടയുള്ള സാഹചര്യത്തിലാണ് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്.

ഒക്ടോബര്‍ ആറിനാണ് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. രണ്ട് ഇടക്കാല റിപ്പോര്‍ട്ടുകള്‍ ഇതിനകം സംഘം കോടതിക്ക് കൈമാറി. സിപിഎം നേതാവും കോന്നി മുന്‍ എംഎല്‍എയുമായ എ. പത്മകുമാറും എന്‍. വാസുവും ഉള്‍പ്പെടെ രണ്ട് ദേവസ്വംബോര്‍ഡ് മുന്‍പ്രസിഡന്റുമാരാണ് ഇതുവരെ അറസ്റ്റിലായ പ്രമുഖര്‍. ഇവരുടെ ഭരണസമയത്ത് സര്‍ക്കാരില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നവര്‍ക്കും ഇടപാടില്‍ പങ്കുണ്ടോയെന്ന അന്വേഷണം പുരോഗമിക്കുകയാണ്. അന്നത്തെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപാടുകളും സംശയത്തിലാണ്. ഇതിനിടെയാണ് തന്ത്രിമാരേയും ചോദ്യം ചെയ്യുന്നത്. തന്ത്രിയെ വെട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ പത്മകുമാര്‍ നല്‍കിയിരുന്നു. ചെന്നൈയിലേക്ക് പാളികള്‍ കൊണ്ടു പോകാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും തന്ത്രിമാര്‍ പറയുന്നു.

ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍പോറ്റിയും സംഘവും ചേര്‍ന്ന് സ്വര്‍ണംപൂശിയ കട്ടിള, ദ്വാരപാലകശില്പങ്ങള്‍ എന്നിവയില്‍നിന്ന് അന്വേഷണസംഘം സാംപിള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടും കോടതിയിലെത്തും. ഇത് അതിനിര്‍ണ്ണായകമായി മാറും. പുതിയ പാളികളാണ് ശബരിമലയിലുള്ളതെന്ന് വന്നാല്‍ കേസിന്റെ ഗതി പോലും മാറും. ദേവസ്വം വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം ശബരിമലയില്‍നിന്ന് 475 ഗ്രാം സ്വര്‍ണമാണ് നഷ്ടമായത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നടത്തിയ തെളിവെടുപ്പില്‍ ബെംഗളൂരുവില്‍നിന്ന് സ്വര്‍ണം കണ്ടെടുത്തിരുന്നു. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരാണ് കേസ് പരിഗണിക്കുന്നത്. അറസ്റ്റിലായ ആറു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചിട്ടില്ല.

അറസ്റ്റിലായ പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. പോറ്റിക്കൊപ്പം ഇദ്ദേഹം വിദേശയാത്ര നടത്തിയിട്ടുണ്ടോ എന്ന അന്വേഷണം പുരോഗമിക്കുകയാണ്. സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്. പത്മകുമാറിനെ ഉടന്‍ കസ്റ്റഡിയില്‍വാങ്ങും. ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ നടത്തുന്ന വെളിപ്പെടുത്തല്‍ ഇനി നിര്‍ണ്ണായകമാണ്. ഭരണ നേതൃത്വത്തിലെ ഉന്നതര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടോയെന്നതടക്കം കണ്ടെത്തണം. പത്മകുമാറിനൊപ്പം തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടായിരുന്ന രണ്ട് അംഗങ്ങളുടെ മൊഴിയെടുത്തതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനായി പത്മകുമാര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അംഗങ്ങളുടെ മൊഴി. ഇതാണ് പത്മകുമാറിന് തിരിച്ചടിയായത്. സര്‍ക്കാരിന് ലഭിച്ച പോറ്റിയുടെ അപേക്ഷയാണ് ബോര്‍ഡിലേക്ക് നല്‍കിയതെന്ന പത്മകുമാറിന്റെ മൊഴിയിലും എസ്‌ഐടി കൂടുതല്‍ വ്യക്തത തേടും.