പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര്‍ക്കും, 'വാജിവാഹനം' കൈമാറിയ മുന്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്കും കുരുക്ക് മുറുക്കി നിര്‍ണായക ഉത്തരവ് പുറത്ത്. വാജിവാഹനം ഉള്‍പ്പെടെയുള്ള ക്ഷേത്രവസ്തുക്കള്‍ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നും ദേവസ്വത്തിന്റെ പൊതുസ്വത്താണെന്നും 2012-ല്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവിലാണ് വ്യക്തമാക്കുന്നത്. അതേസമയം, കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കൊല്ലം വിജിലന്‍സ് കോടതി ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

തന്ത്രിയെയും മുന്‍ ഭരണസമിതിയെയും കുടുക്കി 2012-ലെ ഉത്തരവ്

2012-ല്‍ ബോര്‍ഡ് കമ്മീഷണറാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. പുതിയ ക്ഷേത്രവസ്തുക്കള്‍ സ്ഥാപിക്കുമ്പോള്‍ പഴയവ പൊതുസ്വത്തായി സൂക്ഷിക്കണമെന്നും, പൂജകളുടെ ഭാഗമായി ഏതെങ്കിലും സാധനങ്ങള്‍ മാറ്റേണ്ടിവന്നാല്‍ അവ ദേവസ്വത്തിന്റെ സ്വത്തായി തുടരുമെന്നും ആര്‍ക്കും കൊണ്ടുപോവാന്‍ അവകാശമില്ലെന്നും ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ്, 2017-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കിയ ദേവസ്വം ബോര്‍ഡ് വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. ഇത് മുന്‍ ഭരണസമിതിയെ അന്വേഷണത്തിന്റെ പരിധിയിലാക്കും.

ഈ ഉത്തരവ് ഒരു സര്‍ക്കുലറായും 2012-ല്‍ എല്ലാ ഓഫീസുകളിലേക്കും അയച്ചിരുന്നു. ശബരിമലയില്‍ മാത്രമല്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങള്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണ്.

എന്‍.വിജയകുമാര്‍ വിജിലന്‍സ് കസ്റ്റഡിയില്‍

അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സി.പി.എം പ്രതിനിധിയുമായ എന്‍. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് കോടതി അദ്ദേഹത്തെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. എ. പത്മകുമാര്‍ നേതൃത്വം നല്‍കിയ ബോര്‍ഡിലെ സി.പി.എം നോമിനി ആയിരുന്നു വിജയകുമാര്‍.