ശബരിമല: ശബരിമലയിൽ ദേവസ്വം മെസിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തെച്ചൊല്ലി ജീവനക്കാർക്ക് ഇടയിൽ രൂക്ഷമായ വിമർശനം. ഇതിലും ഭേദം മണ്ണു വാരിത്തിന്നുതാണെന്ന് വിധത്തിൽ ജീവനക്കാർ പ്രതിഷേധിച്ചതോടെ അടിയന്തിര യോഗം ചേർന്ന ബോർഡ് ആഹാരം പാകം ചെയ്യാൻ കരാർ കൊടുക്കുന്നതിന് തീരുമാനിച്ചു.

നട തുറന്നിട്ടും ദേവസ്വം മെസിൽ ആഹാരം പാകം ചെയ്യുന്നതിന് കരാർ കൊടുത്തിരുന്നില്ല. മാനേജർ സ്വന്തം നിലയ്ക്ക് സാധനങ്ങൾ വാങ്ങി പാചകം ചെയ്തു വരികയായിരുന്നു. ഇതാണ് പരാതിക്ക് ഇടയാക്കിയത്. ദേവസ്വം പരാതി പരിഹാസ സെൽ, ജീവനക്കാരുടെ കൂട്ടായ്മ എന്നീ വാട്സാപ്പ് കൂട്ടായ്മകളിലാണ് വിമർശനം ഉയർന്നത്.

ജീവനക്കാർക്ക് സമയത്ത് ആഹാരം ലഭിക്കാതെ വന്നതോടെ വിഷയത്തിൽ ബോർഡ് ഇന്നലെ അടിയന്തിരമായി ഇടപെട്ട് കരാർ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടു. കരുതൽ അരവണ നിർമ്മാണം തുടങ്ങിയ നവംബർ ഒന്നു മുതൽ സന്നിധാനത്തെ മെസിന്റെ പ്രവർത്തനവും ആരംഭിച്ചിരുന്നു. ഈ കാലയളവിൽ ലോക്കൽ പർച്ചേസ് വഴി ഇവിടേക്ക് സാധനങ്ങൾ എത്തിക്കുകയായിരുന്നു. തീർത്ഥാടനം ആരംഭിച്ചതോടെ ജീവനക്കാരുടെ എണ്ണം വർധിച്ചു. ഇതോടെ മതിയായ ഭക്ഷണമൊരുക്കാൻ പാചകശാലയിൽ സാധനങ്ങൾ തികയാതെ വന്നു. ഇത് വ്യാപക പരാതിക്ക് ഇടവരുത്തിയതോടെയാണ് ബോർഡ് അടിയന്തിര ഇടപെടൽ നടത്തിയത്.

ടെണ്ടർ വിളിച്ചെങ്കിലും നടപടി പൂർത്തീകരണം നീണ്ടുപോകുകയായിരുന്നു. ഇതൊടെ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകുകയും ചെയ്തതെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ നൽകുന്ന സൂചന.