- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ ആ സ്വര്‍ണം എവിടെ? തനിക്ക് ലഭിച്ചത് ചെമ്പ് തകിടെന്ന് ആവര്‍ത്തിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി; ഉദ്യോഗസ്ഥര്‍ രേഖാമൂലമാണ് ചെമ്പ് തകിട് നല്‍കിയതെന്നും നിലപാട് വ്യക്തമാക്കല്‍; ദ്വാരപാലക ശില്‍പ്പത്തിലെ പീഠം കാണതെ പോയതില്‍ സഹപ്രവര്‍ത്തകനെ പഴിക്കല്; പല ചോദ്യങ്ങളിലും ഉത്തരം ലഭിക്കാത്തതിനാല്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും
ശബരിമലയിലെ ആ സ്വര്‍ണം എവിടെ?
തിരുവനന്തപുരം: ശബരിമലയിലെ ആ സ്വര്‍ണം എവിടെ പോയെന്നതില്‍ അവ്യക്തതകള്‍ തുടരുന്നു.30 പവന്‍ സ്വര്‍ണം ഉപയോഗിച്ചാണ് സന്നിധാനത്ത് സ്വര്‍ണം പൂശിയതെന്ന് മല്യയുടെ സംഘം ആവര്‍ത്തിക്കുമ്പോള്‍ തന്നെ തനിക്ക് ലഭിച്ചത് ചെമ്പു പാളികളാണ് എന്ന നിലപാടിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ഇതോടെ സ്വര്‍ണം സംബന്ധിച്ച ദുരൂഹതകള്‍ വീണ്ടും നീണ്ടു നില്‍ക്കുകയാണ്. ദേവസ്വം വിജിലന്‍സിന്റെ ചോദ്യം ചെയ്യലില്‍ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണങ്ങളെല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റി നിഷേധിച്ചു.
തന്റെ കൈവശം ലഭിച്ചത് ചെമ്പ് തകിടെന്നും ദേവസ്വം വിജിലന്‍സിന്റെ ചോദ്യം ചെയ്യലിലും ഉണ്ണികൃഷ്ണന്‍ പോറ്റി ആവര്‍ത്തിച്ചു. ചില കാര്യങ്ങളില്‍ പോറ്റി അവ്യക്തമായ മൊഴി നല്‍കിയതിനാല്‍ ദേവസ്വം വിജിലന്‍സ് വീണ്ടും മൊഴിയെടുക്കും. ഇന്നലെ മണിക്കൂറുകളോളമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തത്. ഇതിലെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പണം സമ്പാദനം നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ രേഖാമൂലമാണ് ചെമ്പ് തകിട് നല്‍കിയതെന്നും ഉദ്യോഗസ്ഥ വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. തന്റെയും മറ്റു സ്‌പോണ്‍സര്‍മാരുടെയും പണം കൊണ്ടാണ് പാളികള്‍ സ്വര്‍ണം പൂശിയതെന്നും പോറ്റി മൊഴി നല്‍കി.
പീഠം കാണാതായ സംഭവത്തില്‍ സഹപ്രവര്‍ത്തകനെ പഴിചാരിയാണ് പോറ്റി മൊഴി നല്‍കിയത്. സുഹൃത്തായ വാസുദേവന് കൈമാറിയ പീഠം കാണാതാവുകയായിരുന്നുവെന്നും പരാതി ഉന്നയിച്ചശേഷം തിരിച്ചുകൊണ്ടുവെക്കുകയായിരുന്നുവെന്നുമാണ് മൊഴി. അതേസമയം, പോറ്റിയുടെ മൊഴി വീണ്ടും എടുക്കുന്നതിനൊപ്പം 2019 ലും 2025ലും സ്വര്‍ണപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയ സമയത്തുള്ള ഉദ്യോഗസ്ഥരുടെ മൊഴിവിജിലന്‍സ് രേഖപ്പെടുത്തും. അന്വേഷണം രഹസ്യമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. അന്വേഷണ രഹസ്യങ്ങള്‍ ചോരരുതെന്ന് എസ്പിക്ക് കോടതി നിര്‍ദേശം നല്‍കി.
വിവാദത്തില്‍ ആരോപണ വിധേയന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായികളെയും ഉടന്‍ ചോദ്യം ചെയ്യും. വാസുദേവന്‍ പോറ്റി, അനന്തസുബ്രഹ്‌മണ്യം, രമേശ് എന്നിവരെയാണ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ഇവര്‍ക്ക് നേരത്തെതന്നെ ദേവസ്വം വിജിലന്‍സ് നല്‍കിയിരുന്നു.
ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തുമ്പോള്‍, മറുവശത്ത് പ്രാഥമികാന്വേഷണം നടത്താനുള്ള നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. നിയമോപദേശം ലഭിച്ചാല്‍ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം തുടങ്ങും. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡും ഹൈക്കോടതിയെ സമീപിക്കും. ശബരിമലയില്‍ നിന്ന് തനിക്ക് ചെമ്പ് പാളിയാണ് ലഭിച്ചതെന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദത്തോടെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതിരോധത്തിലായിരിക്കുകയാണ്.
വിജയ്മല്യ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി ദേവസ്വം വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. 1998ല്‍ വിജയ് മല്യ ശ്രീകോവിലും ദ്വാരപാലകശില്‍പങ്ങളും ഉള്‍പ്പെടെ സ്വര്‍ണം പൊതിഞ്ഞതു മുതല്‍ 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശിയതു വരെയുള്ള വിവരങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി ആരോടൊക്കെ പണം പിരിച്ചെന്നതടക്കം അന്വേഷണത്തിന്റെ ഭാഗമാണ്.
2019ല്‍ അറ്റകുറ്റപ്പണിക്കായി കൈമാറിയത് ചെമ്പു പാളികള്‍ എന്നാണ് ദേവസ്വം രേഖകളിലും പറയുന്നത്. അങ്ങനെയെങ്കില്‍ 1999-ല്‍ യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പത്തിന്റെ അസല്‍ പാളികള്‍ എവിടെയെന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉത്തരമില്ല.