പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ അടിമുടി വെട്ടിലായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ചെന്നൈയില്‍ എത്തിച്ച സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉരുക്കിയ നിലയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ഇനി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ തിരികെ കൊണ്ടുവരാന്‍ സാധിക്കൂ. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇതോടെ ശബരിമല സ്വര്‍ണ പാളി കേസില്‍ ദേവസ്വം ബോര്‍ഡ് ഇന്ന് ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും.

അറ്റകുറ്റപ്പണിക്കായി ചെന്നൈയില്‍ കൊണ്ടുപോയ ശില്‍പങ്ങളുടെ സ്വര്‍ണപാളികള്‍ തിരികെ എത്തിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടും. അഡ്വക്കേറ്റ് ജനറല്‍ കേസില്‍ നേരിട്ട് ഹാജര്‍ ആകും. ശ്രീകോവിലിലെ ദ്വാരപാല ശില്‍പങ്ങളുടെ സ്വര്‍ണ പാളികള്‍ ചെന്നൈയിലേക്ക് അനുമതി ഇല്ലാതെ കൊണ്ട് പോയതിനാല്‍ ഉടന്‍ തിരികെ എത്തിക്കണം എന്ന് ദേവസ്വം ബെഞ്ച് ഉത്തരവ് ഇട്ടിരുന്നു. ഈ ഉത്തരവ് പുനഃപരിശോധിക്കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപെടുക.

അഡ്വക്കേറ്റ് ജനറല്‍ കേസില്‍ നേരിട്ട് ഹാജര്‍ ആകും. ദേവസ്വം കമ്മീഷണര്‍, എക്‌സിക്യൂട്ടിവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍ എന്നിവരോട് വീഴ്ചയില്‍ വിശദീകരണം നല്‍കണം എന്നും കോടതി ആവശ്യപ്പെട്ടിരുന്നു. റിവ്യൂ ഹര്‍ജി കോടതി പരിഗണിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ആണ് തീരുമാനം.

കോടതി അനുമതിയില്ലാതെ സ്വര്‍ണപാളി ഇളക്കിയെന്നാണ് സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വര്‍ണപ്പണികള്‍ നടത്താന്‍ പാടുള്ളുവെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കിയാണ് കമ്മിഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

താന്ത്രിക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണപാളി ഇളക്കിയത് എന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ശബരിമല ശ്രീകോവിലിനു മുന്നില്‍ ഇരുവശത്തും ഉള്ള ദ്വാരപാലകരുടെ മുകളില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണം പൂശിയ ചെമ്പു പാളികളാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ ക്ഷേത്രം തന്ത്രിയുടെയും ദേവസ്വം ബോര്‍ഡിന്റെയും അനുമതിയോടെ, ഇതു നിര്‍മിച്ചു സമര്‍പ്പിച്ച ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയത്.

തിരുവാഭരണങ്ങളുടെ ചുമതലയുള്ള തിരുവാഭരണം കമ്മിഷണര്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, ശബരിമല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫിസര്‍, ദേവസ്വം സ്മിത്ത്, വിജിലന്‍സ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍, ദേവസ്വം വിജിലന്‍സിലെ രണ്ടു പൊലീസുകാര്‍, രണ്ടു ദേവസ്വം ഗാര്‍ഡ്, ഈ പാളികള്‍ വഴിപാടായി സമര്‍പ്പിച്ച സ്പോണ്‍സറുടെ പ്രതിനിധി എന്നിവര്‍ ചേര്‍ന്നു സുരക്ഷിതമായ വാഹനത്തിലാണു ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.

2023 മുതല്‍ ദ്വാരപാലകരുടേയും സോപാനപടികളുടേയും വാതിലുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് താന്ത്രിക നിര്‍ദ്ദേശത്തെതുടര്‍ന്ന് വാതിലുകളുടെ പണികള്‍ നടത്തിയിരുന്നു. ദ്വാരപാലക പാളികളിലെ കീറലുകളും നിറംമങ്ങലും അടിയന്തരമായി പരിഹരിക്കണമെന്ന താന്ത്രികനിര്‍ദ്ദേശം വീണ്ടും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഓണം പൂജകള്‍ കഴിഞ്ഞ് നടയടക്കുന്ന ദിവസം കൊണ്ടുപോകാന്‍ അനുമതി നല്‍കിയത്. കന്നിമാസം മൂന്നാം തീയതി ശുദ്ധിക്രിയകള്‍ നടത്തി തിരികെ സ്ഥാപിക്കാനാണ് തീരുമാനിച്ചത്. മറ്റ് പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പി.എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.