പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തം. പോലീസ് ജീപ്പിന് കേടുപാടുകള്‍ വരുത്തിയതിനും റോഡ് ഉപരോധിച്ചതിനും കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ അടക്കം 17 പേരെ കോടതി റിമാന്‍ഡ് ചെയ്തു.

രാവിലെ നടന്ന മാര്‍ച്ചില്‍ പോലീസുമായി പിടിവലിയുണ്ടായി. ഇതിനിടെ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിന്റെ ജനാലച്ചില്ലുകള്‍ തേങ്ങ കൊണ്ട് എറിഞ്ഞു തകര്‍ത്തു. പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു, കൃത്യനിര്‍വഹണം തടസപ്പെടുത്തി, ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിലേക്ക് പോകുന്ന വഴിയില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡും കെട്ടാന്‍ ഉപയോഗിച്ച കയറും നശിപ്പിച്ചു, പോലീസ് ജീപ്പിന്റെ ബോണറ്റിനും വയര്‍ലെസ് ആന്റിനയ്ക്കും കേടുപാടുണ്ടാക്കി, മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ റോഡ് ഉപരോധിച്ചു എന്നിങ്ങനെയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

യുത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍, സെക്രട്ടറി ജിതിന്‍ ജി. നൈനാന്‍,

അനൂപ് വേങ്ങവിള, മുഹമ്മദ് സാലിഹ് സാലി, റോബിന്‍, സാംജി വര്‍ഗീസ്, ആരോണ്‍ ബിജിലി, അനന്തു ബാലന്‍, സുനില്‍കുമാര്‍, നജ്മല്‍, ബിനു, ഷിനു വിജി, ബിന്ദു ബിനു, രഞ്ജു, പി. അരുണ്‍ എന്നിവരാണ് റിമാന്‍ഡിലായത്.

പത്തനംതിട്ട ശാസ്താക്ഷേത്രത്തിന് മുന്നിലെ റോഡില്‍ പോലിസ് ബാരിക്കേഡ് വച്ച് മാര്‍ച്ച് തടഞ്ഞെങ്കിലും തള്ളി മാറ്റി ദേവസ്വം ഓഫീസ് വളപ്പിലേക്ക് ചാടിക്കയറി തേങ്ങയുടച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഇതോടെ പോലിസ് പ്രവര്‍ത്തകരുടെ നേരെ ലാത്തി ചാര്‍ജ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു.

ഏറെ നേരം സംഘര്‍ഷം നില നിന്നു. സെന്‍ട്രല്‍ ജങ്ഷനില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദൂ ചൂഡന്റെ നേതൃത്വത്തില്‍ 'ഇത് സ്വര്‍ണമല്ല...ദയവായി കക്കരുത്' എന്ന സ്വര്‍ണ പാളിയുടെ പ്രതീകാത്മക ബോര്‍ഡുമായിട്ടാണ് മാര്‍ച്ച് ആരംഭിച്ചത്. വനിതകള്‍ ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ശാസ്താ ക്ഷേത്രത്തിന് മുന്നില്‍ പ്രകടനം എത്തിയപ്പോള്‍ റോഡില്‍ സ്ഥാപിച്ച ബാരിക്കേഡ് ആദ്യം തള്ളിമറിച്ചിടാന്‍ ശ്രമം നടന്നു.

പിന്നീട് കോണ്‍ഗ്രസ് വ്യക്താവ് സന്ദീപ് വാര്യര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഉദ്ഘാടനത്തിന് ശേഷം വീണ്ടും ബാരിക്കേഡ് തള്ളി മറിച്ചിടുകയായിരുന്നു. ബാരിക്കേഡ് തള്ളി മറിച്ചിട്ട ശേഷം സന്ദീപ് വാര്യരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് ഓഫീസ് വളപ്പിലേക്ക് ഓടി കയറിയത്. അവിടെ ഓഫീസിന് മുന്നില്‍ തേങ്ങയുടച്ചു. ഇതോടെ ഉന്തും തള്ളുമായി. വീണ്ടും മുകളിലേക്ക് തേങ്ങയും കല്ലും വലിച്ചെറിഞ്ഞതോടെ ഓഫീസിന്റെ മുകള്‍ നിലയിലെ ജനല്‍ ഗ്ലാസുകളും പൊട്ടി.

ഇതോടെ പോലിസും നിയന്ത്രണം വിട്ടു. ഇതിനിടെ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു വാനില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ പ്രതിഷേധം ഉയരുകയും തടയുകയും ചെയ്തു. പിന്നീട് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ റോഡില്‍ കുത്തിയിരുന്നു. ഇതു വഴിയുള്ള വാഹന ഗതാഗതവും തടസപ്പെട്ടു. തുടര്‍ന്ന് ഒരു മണിയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലിസ് വാനില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ ഓഫീസ് മാര്‍ച്ച് നടത്തിയ തങ്ങളെ പോലീസ് മര്‍ദിച്ചതായി സന്ദീപ് വാര്യര്‍ പറഞ്ഞു. നെയിം പ്ലേറ്റ് ഇല്ലാത്ത പോലീസുകാരാണ് താനുള്‍പ്പെടെയുള്ളവരെ ലാത്തി കൊണ്ട് മര്‍ദിച്ചത്. ശബരിമലയിലെ സ്വര്‍ണ്ണ പാളികള്‍ നഷ്ടപ്പെട്ട വിഷയത്തില്‍ വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായ ആശങ്കയും പ്രതിഷേധവുമുണ്ട്. ശബരിമലയില്‍ ആചാര ലംഘനം നടന്ന സമയത്തെപ്പോലെ പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്നാണ സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ തെറ്റിപ്പോയെന്നും സമരം ആരംഭിച്ചിട്ടെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.