കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണസംഘം മുന്നോട്ട് പോകുമ്പോഴും ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറി ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ.പി. ശങ്കരദാസും എന്‍. വിജയകുമാറും. ഇന്ന് രാവിലെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വരുന്നത് വരെ അന്വേഷണസംഘത്തിന് മുന്നിലെത്തേണ്ടെന്നാണ് ഇവരുടെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരായാല്‍ ഉടന്‍ അറസ്റ്റുണ്ടായേക്കുമെന്ന ഭയമാണ് ഇതിന് പിന്നില്‍. ശങ്കരദാസ് സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ എതിര്‍ പരാമര്‍ശങ്ങള്‍ നീക്കണമെന്നാണ് ആവശ്യം.

ഇതേ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പത്മകുമാറിനൊപ്പം തീരുമാനങ്ങള്‍ എടുത്ത ബോര്‍ഡ് അംഗങ്ങളായ ശങ്കരദാസിനെയും വിജയകുമാറിനെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. കോടതിയുടെ ഈ പരാമര്‍ശത്തിന് പിന്നാലെയാണ് അന്വേഷണസംഘം ഇവര്‍ക്ക് മൂന്നാം തവണയും നോട്ടീസ് അയച്ചത്. ഈ സാഹചര്യത്തിലാണ് ശങ്കരദാസ് സുപ്രീംകോടതിയെ സമീപിച്ച്ത്. ഐപിഎസ് ഉദ്യോഗസ്ഥനയ ഹരിശങ്കറിന്റെ അച്ഛനാണ് ശങ്കരദാസ്. അതുകൊണ്ട് തന്നെ നോട്ടീസ് ലംഘിച്ചാലും ഇവരെ വീട്ടില്‍ പോയി പോലീസ് അറസ്റ്റു ചെയ്യില്ല. അതിനിടെ രണ്ടു പേരും രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നും സൂചനയുണ്ട്.

അറസ്റ്റ് സാധ്യത മുന്നില്‍ക്കണ്ട് ഇരുവരും കൊല്ലം വിജിലന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇവരുടെ അടുത്ത നീക്കം. ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികളിലും വിഗ്രഹങ്ങളിലും നടന്ന ക്രമക്കേടുകളില്‍ ബോര്‍ഡ് അംഗങ്ങളെന്ന നിലയില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമാണ് ഇവരെ ചോദ്യം ചെയ്യുന്നത്. സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ അനുകൂല തീരുമാനം ശങ്കരദാസ് പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ കേസ് തന്നെ അപ്രസക്തമാകുമെന്നാണ് വിലയിരുത്തല്‍.

നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഇരുവരും ഹാജരായിരുന്നില്ല. ഭരണസ്വാധീനം ഉപയോഗിച്ച് അറസ്റ്റ് വൈകിപ്പിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് എസ്‌ഐടി നിലപാട് കര്‍ക്കശമാക്കിയത്. 'ഡയമണ്ട് മണി' എന്നറിയപ്പെടുന്ന വിഗ്രഹക്കടത്ത് മാഫിയാ തലവനുമായി ശബരിമലയിലെ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ കൂടി പുറത്തുവന്നതോടെ മുന്‍ ബോര്‍ഡ് അംഗങ്ങളുടെ പങ്ക് കൂടുതല്‍ സംശയനിഴലിലായിരിക്കുകയാണ്. ഹൈക്കോടതിയുടെ നിരീക്ഷണവും ഇവര്‍ക്ക് എതിരാണ്.

സുപ്രീം കോടതിയില്‍ ശങ്കരദാസ് നല്‍കിയ ഹര്‍ജിയില്‍ അനുകൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ അത് നിലവിലെ കേസിനെത്തന്നെ ബാധിച്ചേക്കാം. എന്നാല്‍ വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചാല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഇവരെ പിടികൂടുകയല്ലാതെ മറ്റു വഴികളുണ്ടാകില്ല.