കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ശ്രീകോവില്‍ വാതിലില്‍ പതിപ്പിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ ചെമ്പ് പാളികള്‍ കടത്തി സ്വര്‍ണ്ണക്കൊള്ള നടത്തിയെന്ന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പത്താം പ്രതി നാഗ ഗോവര്‍ധന്‍. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റാരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും താന്‍ നിരപരാധിയാണെന്നും കാണിച്ച് പ്രതി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഈ സുപ്രധാന വിവരങ്ങളുള്ളത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ഒരു കുറ്റകൃത്യത്തിലും തനിക്ക് പങ്കില്ലെന്ന് പ്രതി കോടതിയെ അറിയിച്ചിട്ടുണ്ട്. ശ്രീകോവില്‍ വാതിലിന്റെ ഫ്രെയിമുകളുമായി ബന്ധപ്പെട്ട ഒരു നടപടിക്രമങ്ങളിലും താന്‍ ഭാഗമായിരുന്നില്ലെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. കേസിലെ പത്താംപ്രതിയാണ് ഗോവര്‍ധന്‍. ഗോവര്‍ധന്‍ തെളിവുകള്‍ അടക്കം ഹൈക്കോടതിയില്‍ നല്‍കുന്നു. ഇതോടെ കേസിലെ അന്വേഷണം പുതിയ തലത്തിലേക്ക് എത്തും. പ്രത്യേക അന്വേഷണ സംഘത്തിനും ഇനി പിന്നോട്ട് പോകാന്‍ കഴിയില്ല.

ഗോവര്‍ധന്റെ ഉടമസ്ഥതയിലുള്ള 'മെസേഴ്‌സ് റൊഡാം ജ്വല്‍സ്' എന്ന സ്ഥാപനത്തിന്റെ 2019-2020 വര്‍ഷത്തെ ലെഡ്ജര്‍ അക്കൗണ്ട് രേഖകളില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. ഈ രേഖകള്‍ പ്രകാരം 2.7 ലക്ഷം രൂപ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരില്‍ ഡെബിറ്റ് ചെയ്യുകയും, അതേ തുക തന്നെ ഒരു 'സ്വര്‍ണ്ണ ഹാരം' വാങ്ങിയതിനായി ക്രെഡിറ്റ് ചെയ്യുകയും ചെയ്തിട്ടുള്ളതായി കാണാം. ഇതുമായി ബന്ധപ്പെട്ട ലെഡ്ജര്‍ അക്കൗണ്ടിന്റെ പകര്‍പ്പ് ജാമ്യാപേക്ഷയോടൊപ്പം അനുബന്ധം എ20 ആയി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 2,70,135/ രൂപയുടെ ഈ ഇടപാടുമായി ബന്ധപ്പെട്ട് 21-11-2019 ലെ ഇന്‍വോയ്‌സ് നമ്പറായ 1818സി എന്ന രേഖയും അപേക്ഷയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരില്‍ വാങ്ങിയതായി പറയുന്ന ഈ സ്വര്‍ണ്ണ ഹാരത്തിന്റെ ചിത്രവും തെളിവായി കോടതിക്ക് മുന്‍പാകെ പ്രതി ഹാജരാക്കിയിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന അന്വേഷണ ഏജന്‍സിയുടെ സംശയങ്ങള്‍ക്കിടയിലാണ് ഇത്തരം സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖകള്‍ പുറത്തുവരുന്നത്. തന്റെ ബിസിനസ് ഇടപാടുകളുടെ ഭാഗമായിട്ടാണ് ഈ വിവരങ്ങള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

ശ്രീകോവില്‍ വാതിലിലെ സ്വര്‍ണ്ണം പൂശിയ ചെമ്പ് പാളികള്‍ വെറും 'ചെമ്പ് പാളികള്‍' മാത്രമാണെന്ന് രേഖകളില്‍ തെറ്റായി രേഖപ്പെടുത്തി ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 42.100 കിലോ ഭാരമുള്ള ഈ പാളികള്‍ ചെന്നൈയിലെ 'സ്മാര്‍ട്ട് ക്രിയേഷന്‍സ്' എന്ന സ്ഥാപനത്തിന് കൈമാറി അതില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്ത് ബിസ്‌ക്കറ്റുകളാക്കി മാറ്റി പ്രതികള്‍ അപഹരിച്ചുവെന്നും പോലീസ് ആരോപിക്കുന്നു. എന്നാല്‍, 2019 ജൂണ്‍ മാസത്തില്‍ പുതിയതായി നിര്‍മ്മിച്ച സ്വര്‍ണ്ണം പൂശിയ വാതില്‍ ഫ്രെയിമിലേക്ക് 184 ഗ്രാം സ്വര്‍ണ്ണം താന്‍ സ്വന്തം നിലയ്ക്ക് സംഭാവന നല്‍കുകയായിരുന്നുവെന്ന് പത്താം പ്രതി വാദിക്കുന്നു. ഏകദേശം 9 ലക്ഷം രൂപ വിലവരുന്ന ഈ സ്വര്‍ണ്ണം ദേവസ്വം ബോര്‍ഡിന് നല്‍കിയത് ഭക്തിയുടെ ഭാഗമാണെന്നും അദ്ദേഹം അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

താന്‍ നല്‍കിയ സ്വര്‍ണ്ണം സത്യസന്ധമായ സ്രോതസ്സുകളില്‍ നിന്നുള്ളതാണെന്നും ഇതുമായി ബന്ധപ്പെട്ട വാറന്റി സര്‍ട്ടിഫിക്കറ്റുകളും ബില്ലുകളും തന്റെ കൈവശമുണ്ടെന്നും പ്രതി അവകാശപ്പെടുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് നല്‍കിയ 15-06-2019 ലെ വാറന്റി സര്‍ട്ടിഫിക്കറ്റ് ഇതിന് തെളിവായി ഹാജരാക്കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ചതനുസരിച്ച് താന്‍ സ്വമേധയാ ഹാജരാകുകയായിരുന്നുവെന്നും ഒളിച്ചോടാന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞു. 2025 ഡിസംബര്‍ 19-ന് ചോദ്യം ചെയ്യലിനായി എത്തിയപ്പോള്‍ തന്നെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നും അപേക്ഷയില്‍ പറയുന്നു.

ദേവസ്വം ബോര്‍ഡിന്റെ സ്വര്‍ണ്ണം പ്രതികള്‍ ഗൂഢാലോചന നടത്തി തട്ടിയെടുക്കുകയായിരുന്നുവെന്ന ക്രൈം ബ്രാഞ്ച് വാദം പ്രതിഭാഗം തള്ളിക്കളഞ്ഞു. സ്വര്‍ണ്ണം അപഹരിക്കാനോ ബോര്‍ഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കാനോ താന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ തോമസ് ജെ. ആനക്കല്ലുങ്കല്‍ കോടതിയില്‍ വാദിച്ചു. ശബരിമലയിലേക്ക് നല്‍കിയ സ്വര്‍ണ്ണ വാതില്‍ ഫ്രെയിമും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും തന്റെ വീട്ടില്‍ വെച്ച് നടന്നതാണെന്നും ഇതിന്റെ ഫോട്ടോഗ്രാഫുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രതി അറിയിച്ചു. ഭക്തിപൂര്‍വ്വം നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ കുറ്റമായി കാണുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

അപഹരിച്ച സ്വര്‍ണ്ണം ബിസ്‌ക്കറ്റുകളാക്കി മാറ്റിയതിലോ അവ കൈവശം വെച്ചതിലോ തനിക്ക് യാതൊരു അറിവുമില്ലെന്ന് ഗോവര്‍ധന്‍ വ്യക്തമാക്കി. സ്വര്‍ണ്ണം കടത്താനോ വില്‍ക്കാനോ താന്‍ ആരെയും സഹായിച്ചിട്ടില്ലെന്നും പത്താം പ്രതി പറയുന്നു. ദേവസ്വം ബോര്‍ഡിന് ഒരു തരത്തിലുള്ള സാമ്പത്തിക നഷ്ടവും താന്‍ വരുത്തിയിട്ടില്ലെന്ന് പ്രതി വാദിക്കുന്നു. മറിച്ച്, തന്റെ കൈയ്യില്‍ നിന്നുള്ള പണമുപയോഗിച്ചാണ് സ്വര്‍ണ്ണം വാങ്ങി നല്‍കിയതെന്നും ഇതിന്റെ രേഖകള്‍ സുതാര്യമാണെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നതരായ മറ്റ് പ്രതികളെ സംരക്ഷിക്കാനോ അല്ലെങ്കില്‍ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെക്കാനോ തന്നെ ഈ കേസില്‍ കരുവാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. സ്വര്‍ണ്ണം പൂശിയ പാളികള്‍ കൈമാറിയതില്‍ താന്‍ തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഇസിജി റിപ്പോര്‍ട്ടുകളും അപേക്ഷയോടൊപ്പം നല്‍കിയിട്ടുണ്ടെന്നും പ്രതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ മാനുഷിക പരിഗണന വെച്ച് ജാമ്യം നല്‍കണമെന്നാണ് ആവശ്യം. കര്‍ണാടകയിലെ ബെല്ലാരിയില്‍ ജ്വല്ലറി ബിസിനസ് നടത്തുന്ന തനിക്ക് സമൂഹത്തില്‍ മാന്യമായ പദവി ഉണ്ടെന്നും ഒളിവില്‍ പോകാന്‍ സാധ്യതയില്ലെന്നും അപേക്ഷയില്‍ പറയുന്നു. വര്‍ഷങ്ങളായി ശബരിമലയിലെ ഭക്തനായ താന്‍ ക്ഷേത്രത്തിന് ദോഷം വരുന്ന ഒന്നും ചെയ്യില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.