- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അയ്യപ്പന്റെ സ്വര്‍ണ്ണത്തില്‍ കൈവെച്ചവര്‍ക്ക് കുരുക്ക് മുറുകുന്നു! പത്മകുമാറിന്റെ 'കൈപ്പട' തന്നെ വില്ലനായി; 'പിച്ചള പാളി' വെട്ടി ചെമ്പാക്കി മാറ്റിയത് മിനുട്‌സില്‍ വെട്ടിത്തിരുത്തി; തന്ത്രിയുടെ പേരില്‍ കള്ളം പറഞ്ഞു; സ്വര്‍ണ്ണക്കൊള്ളയില്‍ പത്മകുമാറിനെ പൂട്ടി എസ്‌ഐടി; ശങ്കരദാസും പ്രതിപ്പട്ടികയില്‍
അയ്യപ്പന്റെ സ്വര്‍ണ്ണത്തില്‍ കൈവെച്ചവര്‍ക്ക് കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സംഘം (SIT). കേസില്‍ പത്മകുമാര്‍ നടത്തിയ തിരുത്തലുകളും കള്ളക്കളികളും അക്കമിട്ടു നിരത്തിക്കൊണ്ടുള്ള നിര്‍ണ്ണായക കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പിച്ചള പാളികളെ ചെമ്പ് പാളികളാക്കി മാറ്റിയത് മുതല്‍ തന്ത്രിയുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ചതുവരെ നീളുന്ന വലിയൊരു ഗൂഢാലോചനയുടെ ചുരുളാണ് ഇപ്പോള്‍ അഴിയുന്നത്.
മിനുട്‌സില്‍ തിരുത്തല്‍; പത്മകുമാറിന്റെ കൈപ്പട
ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ മനപൂര്‍വ്വം തിരുത്തലുകള്‍ വരുത്തിയത് പത്മകുമാര്‍ തന്നെയാണെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. മിനുട്‌സില്‍ 'പിച്ചള പാളി' എന്നെഴുതിയത് വെട്ടി 'ചെമ്പ് പാളി' എന്നാക്കി മാറ്റുകയും, സ്വന്തം കൈപ്പടയില്‍ 'അനുവദിക്കുന്നു' എന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഈ തിരുത്തലിന് ശേഷമാണ് പാളികള്‍ പോറ്റിയ്ക്ക് കൈമാറിയത്. സ്വര്‍ണ്ണത്തിന്റെ അളവിലും മാറ്റത്തിലും കൃത്രിമം കാട്ടാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാന്‍ പ്രകാരമാണ് ഈ തിരുത്തല്‍ നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
തന്ത്രിയെ കരുവാക്കി; കള്ളം പൊളിഞ്ഞു
തന്ത്രിയുടെ അനുമതിയോടെയാണ് എല്ലാം നടന്നതെന്ന പത്മകുമാറിന്റെ വാദം പൂര്‍ണ്ണമായും തെറ്റാണെന്ന് എസ്‌ഐടി വ്യക്തമാക്കി. കട്ടിള പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, ഇതിനായി തന്ത്രി ഒരു രേഖയും നല്‍കിയിട്ടില്ല. മഹസറില്‍ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവുകളില്ല. തന്ത്രിയെയും തന്ത്രിയുടെ ഓഫീസിനെയും മറയാക്കി വലിയ കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
ശങ്കരദാസും കുടുങ്ങി; പ്രതിപ്പട്ടിക നീളുന്നു
കേസില്‍ പത്മകുമാറിന് പുറമെ മറ്റ് വമ്പന്മാരിലേക്കും അന്വേഷണം നീങ്ങുകയാണ്. സംഭവത്തില്‍ ശങ്കരദാസിനെ പതിനൊന്നാം പ്രതിയായി എസ്‌ഐടി ചേര്‍ത്തു. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ശങ്കരദാസിനും വ്യക്തമായ പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. കൂടുതല്‍ ഉന്നതര്‍ പ്രതിപ്പട്ടികയിലേക്ക് വരാന്‍ സാധ്യതയുള്ളതിനാല്‍ ദേവസ്വം ബോര്‍ഡിനുള്ളില്‍ ഇപ്പോള്‍ ചങ്കിടിപ്പ് ഏറിയിരിക്കുകയാണ്.
അയ്യപ്പന്റെ സ്വര്‍ണ്ണം എവിടെ?
അറ്റകുറ്റപ്പണിക്കെന്ന പേരില്‍ മാറ്റിയ സ്വര്‍ണ്ണപ്പാളികള്‍ എവിടെപ്പോയി എന്നതിനെക്കുറിച്ച് എസ്‌ഐടി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കട്ടിള പാളികള്‍ മാറ്റാന്‍ ആരും ആവശ്യപ്പെടാതിരിക്കെ, മിനുട്‌സില്‍ തിരുത്തലുകള്‍ വരുത്തി ധൃതിപിടിച്ച് എന്തിന് ഇത് കടത്തിക്കൊണ്ടുപോയി എന്ന ചോദ്യത്തിന് ഉത്തരമാകുമ്പോള്‍ കേരളം കണ്ട വലിയൊരു അഴിമതിക്കഥയുടെ ക്ലൈമാക്‌സാകും.
സംഘടിത കുറ്റകൃത്യമെന്ന് എസ്‌ഐടി
ശബരിമലയിലെ സ്വര്‍ണക്കൊള്ള ഒരു സംഘടിത കുറ്റകൃത്യമാണെന്നും സംഭവത്തിനു പിന്നില്‍ വിശാലമായ ഗൂഢാലോചന നടന്നതായും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമങ്ങള്‍ നടത്തിയെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, കഴിഞ്ഞ ഒക്ടോബറില്‍ ബെംഗളൂരുവില്‍ വെച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരി, പത്താം പ്രതി ഗോവര്‍ധന്‍ എന്നിവര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി അന്വേഷണസംഘം വെളിപ്പെടുത്തി. 2019-ല്‍ നടന്ന സ്വര്‍ണക്കൊള്ള പുറത്തുവരാതിരിക്കാനും കേസിന്റെ ഗതി മാറ്റാനുമായിരുന്നു ഈ കൂടിക്കാഴ്ചയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ശബരിമല ശ്രീകോവിലിലെ സ്വര്‍ണം തട്ടിയെടുക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 1995 മുതല്‍ ശബരിമലയില്‍ സന്ദര്‍ശകനായിരുന്ന ഗോവര്‍ധന്, 1998-ല്‍ യുബി ഗ്രൂപ്പ് ശ്രീകോവില്‍ സ്വര്‍ണപ്പാളികള്‍ പൊതിഞ്ഞതിനെക്കുറിച്ച് അറിവുണ്ടായിരുന്നു.
താമസിയാതെ നടത്തിയ സ്വര്‍ണക്കൊള്ളയില്‍ താന്‍ വാങ്ങിയ സ്വര്‍ണത്തിന് 14.97 ലക്ഷം രൂപ നല്‍കിയെന്ന് ഗോവര്‍ധന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ഇത് കുറ്റകൃത്യത്തില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതായി എസ്‌ഐടി ചൂണ്ടിക്കാട്ടി. ശബരിമല അയ്യപ്പന്റെ സ്വര്‍ണത്തിന്റെ സൂക്ഷിപ്പുകാര്‍ ദേവസ്വം ബോര്‍ഡാണ്. സ്വര്‍ണം വാങ്ങുന്നതിനോ ബോര്‍ഡിന് പണം നല്‍കുന്നതിനോ ഗോവര്‍ധനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, പണം നല്‍കി കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും എസ്‌ഐടി വ്യക്തമാക്കി.
ഗോവര്‍ധന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് എസ്‌ഐടി ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും എത്രത്തോളം സ്വര്‍ണം നഷ്ടപ്പെട്ടു എന്നതിന്റെ ശാസ്ത്രീയ പരിശോധനാഫലം ലഭിക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. സ്വര്‍ണക്കൊള്ളയില്‍ നേരിട്ട് പങ്കുള്ള ഗോവര്‍ധന് ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും എസ്‌ഐടി ആവശ്യപ്പെട്ടു. 2019-ല്‍ ദേവസ്വം ബോര്‍ഡിനുണ്ടായത് വീഴ്ചകളുടെ പരമ്പരയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




