- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അങ്ങനെയുള്ള ഭാഗ്യം ആരെങ്കിലും വേണ്ടെന്നുവയ്ക്കുമോ'? അന്ന് ഭാഗ്യം തേടി പോയ ജയറാമിന് മൊഴി കൊടുക്കാനും എത്തേണ്ടി വരും; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ജയറാമിനെ സാക്ഷിയാക്കും; വീരമണിയുടെ മൊഴി എടുക്കുന്നതും പരിഗണനയില്‍; സ്വര്‍ണ്ണ പാളി എത്തിയിടത്തെല്ലാം അന്വേഷണം
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ നടന്‍ ജയറാമിന്റേയും മൊഴി എടുക്കും. സാക്ഷിയെന്ന നിലയിലാകും മൊഴി എടുക്കുക. ജയറാമിന്റെ സൗകര്യം തേടിയാകും തീയതി നിശ്ചയിക്കുക. ശബരിമല വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണപ്പാളിയുമായി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്റെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. നടന്‍ ജയറാമിനെയും ഗായകന്‍ വീരമണി രാജുവിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ജയറാമിനെയും വീരമണി രാജുവിനെയും കൊണ്ട് പൂജ നടത്തുകയും ചെയ്തു. ജയറാമിന്റെ വീട്ടിലും സ്വര്‍ണ്ണപാളി എത്തിച്ചെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ജയറാമിന്റെ മൊഴി എടുക്കുന്നത്.
സ്വര്‍ണപ്പാളിയുടെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി പൂര്‍ത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതിനിടയില്‍ പലയിടത്തും വച്ച് പണമീടാക്കുന്ന തരത്തില്‍ ഇതിന്റെ പ്രദര്‍ശനം നടത്തി വരുമാനം ഉണ്ടാക്കി എന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. 2019ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശബരിമലയിലെ ശ്രീകാവിലിന്റെ വാതില്‍ കട്ടിള എന്നെല്ലാം അവകാശപ്പെട്ട് അമ്പത്തൂരിലെ ഫാക്ടറിയിലാണ് പ്രദര്‍ശനവും പൂജയും സംഘടിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്ന് ജയറാം പ്രതികരിച്ചു. 'ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ വച്ചാണ് പരിചയപ്പെടുന്നത്. മാസ പൂജയ്ക്ക് പോകുമ്പോള്‍ കാണാറുണ്ട്. അദ്ദേഹമാണ് ശബരിമലയിലേക്ക് പോകുന്ന ശ്രീകോവിലിന്റെ കട്ടിളപ്പടിയുടെ പൂജ നടക്കുന്നുവെന്ന് പറഞ്ഞത്. ഞാന്‍ അവിടേക്ക് പോവുകയും ചെയ്തു' ജയറാം പറഞ്ഞിരുന്നു.
അമ്പട്ടൂരിലെ പൂജയ്ക്ക് ശേഷം കട്ടിളപ്പടി തന്റെ വീട്ടിലേക്ക് കൊണ്ടുവന്നുവെന്നും ജയറാം പറഞ്ഞിരുന്നു. തന്റെ വീട്ടില്‍ കട്ടിളപ്പടിയുടെ എല്ലാ ഭാഗങ്ങളും ഇറക്കിയില്ല. ഏതാനും ഭാഗങ്ങള്‍ ഇറക്കുകയും പൂജമുറിയില്‍ വച്ച് ആരതി ഉഴിയുകയും ചെയ്തു. അതിന് ശേഷം നേരെ ശബരിമലയിലേക്ക് കൊണ്ടുപോയെന്നാണ് പറഞ്ഞതെന്നും ജയറാം പറഞ്ഞു. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ പക്കല്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ജയറാം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മൊഴി എടുക്കുന്നത്. വീരമണിയുടെ മൊഴിയും എടുത്തേക്കും.
വിവാദം ഉണ്ടായപ്പോള്‍ ജയറാം പറഞ്ഞത്
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി നടന്‍ ജയറാം എത്തുകയായിരുന്നു. ശബരിമലയിലേക്ക് നിര്‍മ്മിച്ചു നല്‍കിയ സ്വര്‍ണവാതില്‍ ചെന്നൈയില്‍വെച്ച് പൂജ ചെയ്തത് തന്റെ വീട്ടിലല്ലെന്നും, സ്വര്‍ണം പൂശിയ കമ്പനിയിലെ ഓഫീസ് റൂമില്‍ വെച്ചായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആരോപണവിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് തന്നെ പൂജയിലേക്ക് ക്ഷണിച്ചതെന്നും, ഇതൊരു വിവാദമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈ അമ്പത്തൂരിലെ, സ്വര്‍ണവാതില്‍ നിര്‍മ്മിച്ച കമ്പനിയുടെ ഫാക്ടറിയിലാണ് പൂജ നടന്നതെന്ന് ജയറാം അറിയിച്ചു. ബെംഗളൂരുവില്‍ നിന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ വിളിച്ചത്. ശബരിമലയിലേക്ക് പോകുന്നതിനു മുമ്പ് അവിടെ വെച്ച് പൂജയുണ്ടെന്ന് അറിയിച്ചപ്പോള്‍, ഒരു അയ്യപ്പഭക്തനെന്ന നിലയില്‍ അതൊരു മഹാഭാഗ്യമായി കരുതി താന്‍ എത്തുകയായിരുന്നു. താനാണ് വീരമണി സ്വാമിയെ വിളിച്ചത്. വീരമണി പാട്ടുപാടുകയും താന്‍ പൂജയില്‍ പങ്കെടുക്കുകയും ചെയ്തു. പൂജയില്‍ താന്‍ ദക്ഷിണയൊന്നും നല്‍കിയില്ല. പൂജ ചെയ്യണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. താന്‍ പങ്കെടുക്കുന്ന പൂജയിലൂടെ അയ്യപ്പനെ കൊണ്ടുപോകാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്നും, ഇതൊന്നും പില്‍ക്കാലത്ത് വിവാദമാവുമെന്ന് അറിഞ്ഞിരുന്നില്ലെന്നും ജയറാം കൂട്ടിച്ചേര്‍ത്തിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് ശബരിമലയില്‍ വെച്ചുള്ള പരിചയമുണ്ടെന്നും എല്ലാ വര്‍ഷവും മകരവിളക്കിന് കാണാറുണ്ടെന്നും ജയറാം പറഞ്ഞു. സമൂഹ വിവാഹം, സൈക്കിള്‍ വിതരണം തുടങ്ങിയ പോറ്റിയുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തന്നെ വിളിക്കാറുണ്ട്. ശബരിമലയിലേക്കുള്ള സ്വര്‍ണപ്പാളിയോ സ്വര്‍ണവാതിലോ വീട്ടിലേക്ക് പൂജയ്ക്കായി കൊണ്ടുവന്നിരുന്നോ എന്ന ചോദ്യത്തിന്, 'അങ്ങനെയുള്ള ഭാഗ്യം ആരെങ്കിലും വേണ്ടെന്നുവയ്ക്കുമോ?' എന്നാണ് ജയറാം മറുപടി നല്‍കിയത്. മുന്‍പും ചങ്ങനാശ്ശേരിക്ക് അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ നട സമര്‍പ്പണം നടത്തുന്നതിന് മുന്‍പ് അവിടെ വെച്ച് പൂജയ്ക്ക് വെച്ചപ്പോള്‍ താന്‍ പോയി തൊഴാനുള്ള ഭാഗ്യം ലഭിച്ചിരുന്നതായും അദ്ദേഹം ഓര്‍മ്മിച്ചു.




