- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദാസമയവും സുരക്ഷയൊരുക്കാന്‍ പത്തംഗ ആംഡ് ഗാര്‍ഡ്; സായുധ പോലീസിന് അതിക്രമിച്ച് കടക്കുന്നവരെ വെടി വച്ചിടാനും അധികാരം; ശബരിമല ശ്രീകോവിലിന് അതീവ സുരക്ഷയൊരുക്കുന്ന ആംഡ് ഗാര്‍ഡ് അറിയാതെ ഒന്നും നടക്കില്ല; സ്വര്‍ണപാളികള്‍ കൊണ്ടു പോയ വിവരം ഉന്നത പോലീസ് അധികൃതര്‍ അറിയാതെ പോയോ?
പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി മോഷണക്കേസില്‍ പോലീസും പ്രതിക്കൂട്ടില്‍. ശബരിമല ശ്രീകോവിലിന് സുരക്ഷയൊരുക്കുന്ന പോലീസ് അറിയാതെ അവിടെ ഒന്നും നടക്കാന്‍ പാടില്ല. സന്നിധാനത്ത് നിന്ന് ദ്വാരപാലക ശില്‍പവും പീഠവുമൊക്കെ പുറത്തു പോയെങ്കില്‍ പോലീസ് ഇത് അറിഞ്ഞിരുന്നോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. പോലീസിന്റെ ജനറല്‍ ഡയറി (ജി.ഡി) എന്‍ട്രിയില്‍ ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നോ? സംസ്ഥാന ഇന്റലിജന്‍സ് ഈ വിവരം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നോ? ജില്ലാ സ്പെഷല്‍ ബ്രാഞ്ച് വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിരുന്നോ? പ്രസക്തമായ ഈ ചോദ്യങ്ങള്‍ക്ക് പോലീസും സര്‍ക്കാരും മറുപടി പറയേണ്ടി വരും. അല്ലെങ്കില്‍ ഇതെല്ലാവരും ചേര്‍ന്ന് നടത്തിയ കൊള്ളയാണെന്ന സംശയിക്കേണ്ടി വരും.
പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ നിന്നുള്ള പത്തംഗ ആംഡ് ഗാര്‍ഡ് ആണ് ശബരിമല സന്നിധാനത്ത് ശ്രീകോവിലിന് സുരക്ഷയൊരുക്കുന്നത്. ഇവര്‍ സായുധ പോലീസുകാരാണ്. ക്ഷേത്രത്തിന് നേരെ ആരെങ്കിലും അതിക്രമത്തിന് വന്നാല്‍ വെടിവച്ചിടാനുള്ള അധികാരം വരെ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. എ.ആര്‍. ക്യാമ്പില്‍ നിന്നുള്ള എസ്.ഐയോ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറോ ആകും തലവന്‍. ഒരു ടീമിന് ഇവിടെ ഒരു മാസമാണ് ഡ്യൂട്ടി നല്‍കിയിരിക്കുന്നത്. അതിന് ശേഷം അടുത്ത ടീം എത്തും. ഇവരുടെ മേല്‍നോട്ട ചുമതല ഒരു എസ്.ഐക്കും പമ്പ എസ്.എച്ച്.ഓയ്ക്കും ജില്ലാ പോലീസ് മേധാവിക്കുമാണ്. എന്തെങ്കിലും സംഭവം നടന്നാല്‍ ഈ മൂന്നു പേരും മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ബാധ്യസ്ഥരാണ്. സായുധ ടീമിനായി ജി.ഡി രജിസ്റ്റര്‍ ഉണ്ട്. ഇവിടെ എന്തു നടന്നാലും ജി.ഡിയില്‍ രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്. ആ നിലയ്ക്ക് സ്വര്‍ണ പാളികളും പീഠവുമൊക്കെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടു പോയത് ജി.ഡിയില്‍ എഴുതേണ്ടതാണ്.
ക്ഷേത്രത്തിന്റെ സുരക്ഷ എന്നാല്‍ അതിലെ ഓരോ വസ്തുവിന്റെയും സുരക്ഷയാണ്. ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അനുമതിയോട് കൂടിയാണെങ്കില്‍ പോലും ഇവിടെ നിന്ന് എന്ത് സാധനം എടുത്താലും അതിന് പോലീസിന്റെ ക്ലിയറന്‍സ് ആവശ്യമാണ്. ആ വിവരം ജി.ഡിയില്‍ രേഖപ്പെടുത്തി മേല്‍നോട്ട ചുമതലയുള്ള എസ്.പി വരെയുള്ള ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം. അറ്റകുറ്റപ്പണിക്ക് പാളി ഇളക്കിയെടുക്കുമ്പോള്‍ അത് പരിശോധിച്ച് സ്വര്‍ണമോ ചെമ്പോ എന്ന് ജി.ഡിയില്‍ രേഖപ്പെടുത്തി വിടേണ്ട ആംഡ് ഗാര്‍ഡിന് വീഴ്ചയുണ്ടായി എന്നാണ് സംശയിക്കുന്നത്. സ്വര്‍ണപ്പാളി ഇളക്കിയെടുത്തുവെന്ന് പറയുന്ന കാലയളവില്‍ ആംഡ് ഗാര്‍ഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം എടുക്കേണ്ടതുണ്ട്. ശബരിമല സ്വര്‍ണപ്പാളി വിവാദം കൊഴുക്കുമ്പോഴും ഇക്കാര്യത്തില്‍ പോലീസിന്റെ വീഴ്ച എങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഇടുക്കി സ്വദേശിയായ എ.എസ്.ഐ 20 വര്‍ഷമായി സന്നിധാനം നിയന്ത്രിച്ചു പോരുകയാണ്. ഈ എഎസ്ഐയും എഡിജിപിയും അറിയാതെ അവിടെ ഒന്നും നടക്കില്ല എന്നാണ് പോലീസിലുള്ളവര്‍ തന്നെ പറയുന്നത്. സ്വര്‍ണപ്പാളി കൊണ്ടു പോയത് ജി.ഡി എന്‍ട്രിയില്‍ വന്നിട്ടില്ലെങ്കില്‍ അതിന് പിന്നില്‍ ഇവര്‍ തന്നെയാകണമെന്നാണ് പോലീസുകാര്‍ തന്നെ പറയുന്നത്. സ്വര്‍ണപ്പാളി കൊണ്ടു പോയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആംഡ് ഗാര്‍ഡ് അംഗങ്ങളെ കണ്ടെത്താന്‍ ഒരു പാടും ഇല്ല. ഇവരുടെ മൊഴി എടുത്താല്‍ കൃത്യമായ വിവരം അന്വേഷണ സംഘത്തിന് കിട്ടും.
എന്നാല്‍, അന്വേഷണസംഘം അതിന് മുതിരുമോ എന്ന കാര്യം സംശയമാണ്. സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ തീര്‍ച്ചയായും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍ കോടതിയെ സമീപിക്കാന്‍ തയാറെടുക്കുകയാണ്.