തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍നിന്ന് എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഒഴിവാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിന്നാണ് അജിത് കുമാറിനെ മാറ്റിയത്. ഡിജിപിയും ഇന്റലിജന്‍സ്, ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിമാരും ആണ് യോഗത്തില്‍ പങ്കെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് തുടരുന്ന അജിത്ത് കുമാറാണ് നിലവില്‍ ശബരിമല കോ-ഓഡിനേറ്റര്‍ ചുമതല വഹിക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇദ്ദേഹത്തെ യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. എഡിജിപിക്ക് പകരം ഡിജിപി ഷേഖ് ദര്‍വേസ് സാഹിബാണ് യോഗത്തില്‍ പൊലീസിന്റെ കാര്യങ്ങള്‍ വിശദീകരിച്ചത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് മണ്ഡല മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് എഡിജിപിയെ മാറ്റിനിര്‍ത്തിയത്. മന്ത്രി വിഎന്‍ വാസവന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ്, അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അജിത് കുമാറിനെ ഒഴിവാക്കിയതെന്നാണ് വിവരം. അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് ഉടന്‍ ഡിജിപി സമര്‍പ്പിക്കുമെന്നാണ് വിവരം. ഇതിനു മുന്നോടിയായാണു മാറ്റിനിര്‍ത്തല്‍ എന്നാണു വിവരം. അതേ സമയം എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നും മുഖ്യമന്ത്രിക്ക് കൈമാറാന്‍ സാധ്യതയില്ല. റിപ്പോര്‍ട്ടിന് അന്തിമ രൂപമായിട്ടില്ലെന്നാണ് വിവരം. പ്രത്യേക സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ ഇപ്പോഴും പൊലീസ് ആസ്ഥാനത്ത് തുടരുകയാണ്.

തൃശ്ശൂര്‍ പൂരം അലോങ്കോലപ്പെട്ടതില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിനുള്ള ഉത്തരവും ഇതേവരെ പുറത്തിറങ്ങിയില്ല. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.ത്രിതല അന്വേഷണ ഉത്തരവ് ഇറക്കുന്നതിലും ആശയകുഴപ്പം തുടരുകയാണ്. പൊലീസ് ഒഴികെ മറ്റ് വകുപ്പുകളുടെ വീഴ്ച ഇന്റലിജന്‍സ് എഡിജിപി അന്വേഷിക്കാനായിരുന്നു തീരുമാനം. മറ്റ് വകുപ്പുകളുടെ വീഴ്ചയില്‍ പൊലീസിന്റെ പ്രാഥമിക പരിശോധന നടത്താന്‍ കഴിയുമോയെന്നതിലാണ് ആശയക്കുഴപ്പം തുടരുന്നത്.

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ മാത്രം തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പ്രതിദിനം പരമാവധി 80000 പേരെ മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീര്‍ത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും.

കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.