മുംബൈ: ബാന്ദ്രയിലെ വീട്ടില്‍വെച്ചുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോ റിക്ഷയില്‍. സ്‌പൈനല്‍ കോഡിന് സമീപത്തായി സെയ്ഫിന് ആറ് കുത്തേറ്റിരുന്നു. മൂത്ത മകനായ ഇബ്രാഹിം ആണ് രക്തം വാര്‍ന്ന് അവശനിലയിലായ സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്.


ഗുരുതരമായി പരുക്കേറ്റു രക്തത്തില്‍ കുളിച്ച പിതാവിനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാനാണ് ഇബ്രാഹിം ഓട്ടോറിക്ഷ വിളിച്ചത് എന്നാണു റിപ്പോര്‍ട്ട്. വീട്ടിലെ കാറെടുത്തു പോകാന്‍ പെട്ടെന്ന് സാധിച്ചില്ല. ടാക്‌സി വിളിച്ച് സമയം കളയേണ്ടെന്നു ഇബ്രാഹിം കരുതി. ബാന്ദ്രയിലെ വീട്ടില്‍നിന്ന് 2 കിലോമീറ്റര്‍ അകലെയാണ് ആശുപത്രി. ഓട്ടോയില്‍ ഇബ്രാഹിനും സെയ്ഫുമാണ് ഉണ്ടായിരുന്നത്. ഭാര്യയും നടിയുമായ കരീന കപൂര്‍ ഖാന്‍ ഓട്ടോയ്ക്കു സമീപത്തുനിന്നു വീട്ടിലെ ജീവനക്കാരുമായി സംസാരിക്കുന്ന വിഡിയോ പുറത്തുവന്നു. കരീന വന്നിറങ്ങിയ ഓട്ടോയാണ് ഇതെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനു തൊട്ടുപിന്നാലെയാണ് ഇതെന്നാണു നിഗമനം.

കഴിഞ്ഞ രാത്രിയിലാണ് സെയ്ഫ് അലി ഖാന് നേരെ ആക്രമണം നടന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കടന്ന അക്രമി നടനെ ആക്രമിക്കുകയായിരുന്നു. മോഷണശ്രമമാണെന്ന് നടന്റെ ജോലിക്കാര്‍ പറയുമ്പോഴും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അതിക്രമം നടന്നു എന്ന് മാത്രമാണ് നിലവിലെ റിപ്പോര്‍ട്ടിലുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ആക്രമണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് വീട്ടിനുള്ളിലേക്ക് ആരും കടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ജോലിക്കാരുടെ സഹായം അക്രമിക്ക് ലഭിച്ചിട്ടുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്.

വീടിനുള്ളില്‍ നിന്ന് സഹായം ലഭിക്കാതെ ആര്‍ക്കും അകത്തേക്ക് കടക്കാനും കഴിയില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബാന്ദ്ര മേഖലയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിനോട് സിനിമാലോകം ആവശ്യപ്പെട്ടു കഴിഞ്ഞു. ബോളിവുഡ് നടന്മാര്‍ ഏറ്റവും സമ്പന്നരില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്‍. മികച്ച സുരക്ഷാ സംവിധാനത്തോട് കൂടിയ സെയ്ഫിന്റെ ബംഗ്‌ളാവില്‍ നടന്ന ആക്രമണം ഏവരിലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്.

നടന്‍ അപകടനില തരണംചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ആറ് തവണയാണ് സെയ്ഫിന് കുത്തേറ്റത്. അതില്‍ രണ്ട് മുറിവുകള്‍ ആഴത്തിലുള്ളതാണ്. സുഷുമ്‌ന നാഡിയോട് ചേര്‍ന്നും കുത്തേറ്റ പരിക്കുണ്ട്. കുട്ടികളുടെ മുന്നില്‍ വെച്ചാണ് സെയ്ഫിന് കുത്തേറ്റത്. മോഷ്ടാവ് അകത്തുകയറിയ വിവരമറിഞ്ഞ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി എത്തിയതായിരുന്നു സെയ്ഫ്. അക്രമിയുമായി വാക്തര്‍ക്കമുണ്ടാവുകയും അതിനു പിന്നാലെ കുത്തേല്‍ക്കുകയുമായിരുന്നു.

അക്രമിക്ക് വീട്ടിനകത്ത് നിന്നാരുടെ എങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ആക്രമണത്തില്‍ ജോലിക്കാരിക്കും പരിക്കുണ്ട്. ഇവരെയുള്‍പ്പെടെ ചോദ്യം ചെയ്യും. മൂന്നുജീവനക്കാരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാന്ദ്രയിലെ അതീവ സുരക്ഷ സംവിധാനങ്ങളുള്ള നാലുനില വീട്ടിലാണ് സെയ്ഫ് അലിഖാനും കുടുംബവും താമസിക്കുന്നത്.ഇവിടേക്ക് അക്രമി എങ്ങനെ എത്തി എന്നതാണ് സംശയം. കൃത്യം നടന്ന ഉടന്‍ രക്ഷപ്പെട്ടതിനും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമെന്നും പൊലീസ് കരുതുന്നുണ്ട്.

അക്രമം നടക്കുമ്പോള്‍ സെയ്ഫിന്റെ മക്കളായ തൈമൂര്‍, ജെഹ് എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. ഭാര്യ കരീന കപൂര്‍ സഹോദരി കരീഷ്മക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുലര്‍ച്ചെ 3.30നാണ് സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ആശുപത്രി സി.ഇ.ഒ നിരജ് ഉത്തമാനി പറഞ്ഞു. വീട്ടിനുള്ളില്‍ കടന്ന മോഷ്ടാവും സെയ്ഫ് അലി ഖാനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് മോഷ്ടാവ് കത്തി ഉപയോഗിച്ച് തുടര്‍ച്ചയായി കുത്തിയത്. ഏതാനും കുടുംബാംഗങ്ങള്‍ ആ സമയത്ത് വീട്ടിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.


മുംബൈയിലെ ഏറ്റവും സമ്പന്ന മേഖലയിലുണ്ടായ ആക്രമണം ബോളിവുഡില്‍ പരിഭ്രാന്തി പരത്തി. താന്‍ ഇത്രയും അരക്ഷിതയായി തോന്നിയിട്ടില്ലെന്നും ബാന്ദ്രയില്‍ കൂടുതല്‍ പൊലീസ് സാന്നിധ്യം വേണമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനോട് അഭ്യര്‍ഥിക്കുന്നതായും നടി പൂജാ ഭട്ട് പ്രതികരിച്ചു. താരങ്ങള്‍പ്പോലും ആക്രമിക്കപ്പെടുന്നെങ്കില്‍ സാധാരണ മുംബൈക്കാര്‍ എത്ര സുരക്ഷിതരാണെന്ന ചോദ്യവുമായി സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.