തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ നടപടികളെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് സജന ബി സാജന്‍. നിയമം നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടെ. പക്ഷെ പാര്‍ട്ടി ഉണര്‍ന്നുതന്നെ പ്രവര്‍ത്തിക്കണം. തെരഞ്ഞെടുപ്പ് സമയം ആണ്. പാര്‍ട്ടി നിലപാട് ജനം വീക്ഷിക്കുന്നുണ്ടെന്ന് സജന ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു.

നിശബ്ദത ഒന്നിനും പരിഹാരമല്ല. പലതിനും ഉള്ള പ്രോത്സാഹനമാണ്. നിസ്സഹായതയ്ക്ക് നേരെ കൈകൊടുക്കല്‍ തന്നെയാണ് മാന്യത. അത് തന്നെയാണ് കോണ്‍ഗ്രസ് നയവും. സജന സാജന്‍ കോണ്‍ഗ്രസ് നേതാക്കളെ ഓര്‍മ്മിപ്പിക്കുന്നു. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടിയുടെ ദേശീയ തലത്തിലുള്ള വനിതാ നേതാക്കളടങ്ങുന്ന സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍?ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സജന നേരത്തെ എഐസിസിക്ക് പരാതി നല്‍കിയിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

'നിയമം നിയമത്തിന്റെ വഴിയ്ക്ക് തന്നെ പോകട്ടെ. പക്ഷെ പാര്‍ട്ടി ഉണര്‍ന്നുതന്നെ പ്രവര്‍ത്തിക്കണം. തിരഞ്ഞെടുപ്പ് സമയം ആണ്. പാര്‍ട്ടി നിലപാട് ജനം വീക്ഷിയ്ക്കുന്നുണ്ട്. നിശബ്ദത ഒന്നിനും പരിഹാരമല്ല. പലതിനും ഉള്ള പ്രോത്സാഹനമാണ്. ചിലപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടേക്കാം. പക്ഷെ നിസ്സഹായതയ്ക്ക് നേരെ കൈകൊടുക്കല്‍ തന്നെയാണ് മാന്യത. അത് തന്നെയാണ് കോണ്‍ഗ്രസ് നയവും.'

നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ എഐസിസിക്ക് സജന ബി സാജന്‍ പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. രാഹുലിനെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കണമെന്നാണ് സജനയുടെ ആവശ്യം.

ദേശീയതലത്തിലുള്ള വനിതാ നേതാക്കളെ ഉള്‍പ്പെടുത്തി അന്വേഷണസംഘം രൂപീകരിക്കണമെന്നും ആരോപണം ഉന്നയിച്ച യുവതികളെ കണ്ടെത്തി വിഷയം മനസ്സിലാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയും പിന്നീട് മാധ്യമങ്ങളിലൂടെയും സജന രാഹുലിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

രാഹുലിനെതിരെ പാര്‍ട്ടിയിലെ ചില വനിതാപ്രവര്‍ത്തകര്‍ക്കും ആരോപണം ഉണ്ടെന്നും രഹസ്യമായി തന്നോട് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ടെന്നുമായിരുന്നു സജന സാജന്‍ പറഞ്ഞത്. രാഹുലിനെ സംരക്ഷിക്കുകയല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ധര്‍മ്മമെന്നും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ രാഹുല്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയായ നടപടിയല്ലെന്നും സജന അഭിപ്രായപ്പെട്ടിരുന്നു. രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ തന്നാല്‍ കെപിസിസി അധ്യക്ഷന് പരാതി നല്‍കുമെന്നും സജന പറഞ്ഞിരുന്നു.