തിരുവനന്തപുരം: കേന്ദ്രമന്ത്രിയായിരുന്ന ഒ രാജഗോപാലിനെ ബ്രാന്‍ഡ് അംബാസിഡറാക്കി ചര്‍ച്ചയാക്കിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണിയാണ്. രാജഗോപാലിന്റെ ജനകീയ ഇടപെടലുകളാണ് ആന്റണിയുടെ ആ വാക്കുകള്‍ക്ക് കാരണമായത്. റെയില്‍വേ വികസനത്തില്‍ കേരളം കുതിച്ച കാലം. ഇപ്പോഴിതാ മറ്റൊരു ബിജെപിക്കാരനായ കേന്ദ്രമന്ത്രിയെ പുകഴ്ത്തുകയാണ് കേരളത്തിലെ ഒരു മന്ത്രി. മത്സ്യബന്ധന മേഖലയിലെ കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ക്ക് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നന്ദിപറഞ്ഞ് സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ കേരളത്തിന് ഡല്‍ഹിയില്‍ മറ്റൊരു അംബാസിഡറെ സൃഷ്ടിക്കുകയാണ്. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ചുമതല നിര്‍വ്വഹിച്ചത് ജോര്‍ജ് കുര്യനാണ്. ഈ ജോര്‍ജ് കുര്യന്‍ മോദി സര്‍ക്കാരില്‍ മന്ത്രിയായി. ഈ ജോര്‍ജ് കുര്യാനാണ് ഇപ്പോള്‍ ഇടതുപക്ഷ മന്ത്രിയുടെ പ്രശംസ പിടിച്ചെടുക്കുന്നത്.

കേന്ദ്ര ഫിഷറീസ് സഹമന്ത്രിയായ ഉടന്‍ അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന് 167 കോടി അനുവദിച്ചതില്‍ സന്തോഷമെന്നും സജിചെറിയാന്‍ പറഞ്ഞു. വിഴിഞ്ഞത്ത് കൃത്രിമ പാരുകള്‍ സ്ഥാപിച്ച് മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് ഉദ്ഘാടകനായ ജോര്‍ജ് കുര്യനോട് മന്ത്രി നന്ദി അറിയിച്ചത്. ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയായി വന്നശേഷം നല്ലതുടക്കമാണ് കേരളത്തിന് ലഭിച്ചത്. മന്ത്രിയായി ചുമതലയേറ്റ ആദ്യം തന്നെ സംസ്ഥാനത്തിന് സന്തോഷിക്കാനുള്ള പദ്ധതിക്ക് അനുമതി ലഭിച്ചുവെന്ന് അഞ്ചുതെങ്ങ് തുറമുഖവികസനം ചൂണ്ടിക്കാട്ടി സജിചെറിയാന്‍ പറഞ്ഞു. ജോര്‍ജ് കുര്യന്റെ ഇടപെടലുകളെ എല്ലാ അര്‍ത്ഥത്തിലും പ്രശംസിക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് മുന്നോട്ട് നീങ്ങിയാല്‍ വിപ്ലവം സാധ്യമാകുമെന്ന പ്രതീക്ഷയാണ് മന്ത്രി സജി ചെറിയാന്റെ വാക്കുകളിലുള്ളത്. ബിജെപിക്കാരനായ ജോര്‍ജ് കുര്യനെ സിപിഎം സെക്രട്ടറിയേറ്റ് അംഗം കൂടിയായ മന്ത്രി സജി ചെറിയാന്‍ പുകഴ്ത്തിയെന്നത് വരും ദിനങ്ങളിലും കേരളം ചര്‍ച്ച ചെയ്യും.

മുതലപ്പൊഴിയിലെ അപകടങ്ങള്‍ കുറയ്ക്കാനുള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുകയാണ്. മൂന്നുമാസം കൊണ്ട് ഡിപിആര്‍ തയാറാക്കി പദ്ധതിക്ക് അംഗീകാരം നല്‍കി. കേന്ദ്രമന്ത്രിയായി തിരുവന്തപുരത്ത് എത്തിയപ്പോള്‍ തന്നെ അദ്ദേഹത്തെ കണ്ട് മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ അറിയിച്ചു. ഡിപിആര്‍ സമര്‍പ്പിക്കുകയാണെന്നും സഹായിക്കണമെന്നും പറഞ്ഞു. ഡിപിആര്‍ സമര്‍പ്പിച്ചതിന് പിന്നാലെ അതിവേഗം 167 കോടിക്ക് അംഗീകാരം ലഭിച്ചു. കേന്ദ്രമന്ത്രിയുടെ ഈ സഹായത്തിന് ആത്മാര്‍ത്ഥമായി സംസ്ഥാന സര്‍ക്കാരിന് വേണ്ടിയുള്ള നന്ദി അറിയിക്കുന്നുവെന്നും സജിചെറിയാന്‍ പറഞ്ഞു. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തെ സഹായങ്ങളും ഇപ്പോള്‍ നടന്നുവരുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതികളുടെ കേന്ദ്രസഹായവും മന്ത്രി വിവരിച്ചു. മന്ത്രിമാരായാല്‍ ജോര്‍ജ് കുര്യനെപോലെ ആകണമെന്ന് പറഞ്ഞ് സജി ചെറിയാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ഒരു കാര്യം പറഞ്ഞാല്‍ മനസിലാകുന്ന മന്ത്രിയാണ് ജോര്‍ജ് കുര്യനെന്നും സജി ചെറിയാന്‍ പറഞ്ഞു.

സംസ്ഥാന ഫിഷറീസ് വകുപ്പ് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുന്ന മന്ത്രിയാണ് ജോര്‍ജ് കുര്യനെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിനു കരുത്തേകുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കാണിച്ച ശുഷ്‌കാന്തി പ്രശംസനീയമാണെന്നും സജി ചെറിയാന്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കടലപകടത്തില്‍പ്പെട്ടു കാണാതാകുന്ന സംഭവത്തില്‍ തൊഴിലാളിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നില്ല. അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാമാറ്റങ്ങള്‍ കാരണം തൊഴിലാളികളുടെ നിരവധി തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുന്നു. ഇവയക്കു പരിഹാരം കാണുന്നതിന് നടപടിയെടുക്കണമെന്നും സജി ചെറിയാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും വേദിയില്‍ ഇരുന്ന് കാര്യങ്ങള്‍ ചര്‍ച്ചചെയ്തു.

രാജ്യത്തെ മത്സ്യബന്ധനമേഖലയുടെ സമഗ്രവികസനത്തിന് വിവിധ പദ്ധതികളും അവ നടപ്പാക്കുന്നതിന് പണവും ലഭ്യമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് എല്ലാ സഹായങ്ങളും ചെയ്യുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പൊഴിയൂര്‍ മുതല്‍ വര്‍ക്കല ഇടവ വരെയുള്ള തീരക്കടലില്‍ സ്ഥാപിച്ചിട്ടുള്ള കൃത്രിമ പാരുകളില്‍ മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന സീ റാഞ്ചിങ് പദ്ധതി ഏറെ പ്രതീക്ഷയുള്ളതാണ്. വിവിധ രൂപത്തില്‍ നിര്‍മിച്ച 6300 പാരുകളാണ് തിരുവനന്തപുരം ജില്ലയിലെ തീരക്കടലിലെ 42 ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്.

ട്രോളിങ് നിരോധന കാലത്തും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ മീന്‍ ലഭിക്കുന്നതിന് കൃത്രിമ പാരുകള്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ കേരളം മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടമായി 20,000 മത്സ്യവിത്തുകളാണ് നിക്ഷേപിച്ചത്. തുടര്‍ന്ന് 10 ലക്ഷത്തോളം കുഞ്ഞുങ്ങളെ നിക്ഷേപിക്കും. കേന്ദ്രത്തിന്റെ 60 ശതമാനം വിഹിതവും സംസ്ഥാനത്തിന്റെ 40 ശതമാനവും വിനിയോഗിച്ചാണ് ഈ പദ്ധതികള്‍ നടപ്പാക്കുക.

ഫിഷറീസ് ഡയറക്ടര്‍ ബി.അബ്ദുള്‍ നാസര്‍, അഡീഷണല്‍ ഡയറക്ടര്‍ സ്മിത ആര്‍.നായര്‍, കൗണ്‍സിലര്‍ നിസാമുദീന്‍, വിഴിഞ്ഞം ഇടവക വികാരി മോണ്‍. ഡോ ടി.നിക്കോളാസ്, തെക്കുംഭാഗം മുസ്ലിം ജമാ അത്ത് പ്രസിഡന്റ് മുഹമ്മദ് ഷാഫി, കോവളം എല്‍.സി.സി. സെക്രട്ടറി യു.സുധീര്‍, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ജെ.രാജ്മോഹന്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എച്ച്.എ.റഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.