തിരുവനന്തപുരം: അതിദാരിദ്ര്യമുക്തമായ കേരളം എന്ന പ്രഖ്യാപനമാണ് ഈ കേരള പിറവി ദിനത്തില്‍ കേരള സര്‍ക്കാര്‍ നടത്തുന്നത്. അതിദാരിദ്ര്യം തുടച്ചുനീക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. കേരളപ്പിറവി ദിനത്തില്‍ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് പ്രത്യേക പ്രസ്താവന നടത്തും.

ഇക്കാര്യത്തില്‍ ലോകത്തില്‍ ചൈന കഴിഞ്ഞാല്‍ കേരളമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഈപ്രഖ്യാപനം വെറും തട്ടിപ്പാണെന്ന വിമര്‍ശനവും ശക്തമാണ്. ഇതിനിടെയാണ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ കേട്ട് മലയാളികള്‍ ഞെട്ടുന്നത്. 'കഴിഞ്ഞ ദിവസം ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ കേരളം അതിദരിദ്രരെ കണ്ടെത്തിയതിനെ കുറിച്ചും അവിടത്തെ മന്ത്രിമാരോട് വിശദീകരിച്ചു. തങ്ങള്‍ക്ക് ഇതിന് കഴിഞ്ഞിട്ടില്ലെന്ന്പറഞ്ഞ് കേരളത്തെ അവര്‍ അഭിനന്ദിച്ചു'- എന്നായിരുന്നു സജി ചെറിയാന്റെ വാക്കുകള്‍.

അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് ഞെട്ടിയത് മലയാളികളാണ്. ഖത്തറിന് പോലും ഇനിയും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് കേരളം പ്രഖ്യാപിക്കുന്നത് എന്ന് കേട്ടാണ് എല്ലാവരും ഞെട്ടുന്നത്. മന്ത്രിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളായിട്ടുണ്ട്. നേരത്തെ ഖത്തറില്‍ വെച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗവും ട്രോളായി മാറിയിരുന്നു.

കേരളത്തിലെ റോഡുകള്‍ കണ്ട് ന്യൂയോര്‍ക്കില്‍ നിന്ന് എത്തിയ കുട്ടി പോലും ഞെട്ടിയെന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. കേരളത്തിലെ റോഡുകള്‍ അദ്ഭുതത്തോടെയാണ് കുട്ടി വീക്ഷിച്ചത്. ന്യൂയോര്‍ക്കില്‍പ്പോലും ഇത്തരം റോഡുകളില്ലെന്ന് കുട്ടി അച്ഛനോടും അമ്മയോടും പറഞ്ഞു. ഇത് പറയാന്‍ വേണ്ടി മാത്രം കുട്ടിയും അച്ഛനും അമ്മയും എന്റെ അടുത്ത് വന്നു എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് സദസില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ന്യൂയോര്‍ക്ക് കഥ. കേരളത്തിലെ റോഡിലെ കുഴികള്‍ കണ്ട് ചന്ദ്രനില്‍ എത്തിയെന്ന് കുട്ടി തെറ്റിദ്ധരിച്ചു കാണാം എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രധാന അഭിപ്രായം.

റോഡിനെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി സ്ഥിരം പറയുന്ന കഥയാണിത്. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ നടന്ന പരിപാടിയിലും ന്യൂയോര്‍ക്കില്‍ നിന്നുമെത്തിയ മലയാളി കുടുംബത്തിന്റെ കഥ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തവണ ലോക കേരള സഭയുടെയും മലയാളം മിഷന്‍ സംസ്‌കൃതി ഖത്തര്‍ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മലയാളോത്സവത്തിലായിരുന്നു ന്യൂയോര്‍ക്ക് കഥ.