സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ 16 പേരെ കൂട്ടക്കൊല ചെയ്ത അക്രമികളില്‍ ഒരാളായ സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ. ഇതോടെ, സാജിദ് അക്രമിന്റെ മൃതദേഹം സര്‍ക്കാര്‍ സംസ്‌കരിക്കേണ്ടിവരുമെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 50കാരനായ സാജിദ് അക്രമും മകന്‍ 24കാരനായ നവീദ് അക്രമുമാണ് സിഡ്‌നിയിലെ ബോണ്ടയ് ബീച്ചില്‍ ഡിസംബര്‍ 14ന് വെടിവയ്പ്പ് നടത്തിയത്.

പൊലീസിന്റെ പ്രത്യാക്രമണത്തില്‍ സാജിദ് അക്രം കൊല്ലപ്പെടുകയും നവീദ് അക്രമിന് ഗുരുതര പരുക്കേല്‍ക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് നവീദ് അക്രം കോമയില്‍ നിന്ന് ഉണര്‍ന്നത്. ഇയാള്‍ക്കെതിരെ 59 വകുപ്പുകളാണ് ചുമത്തിയത്. ജെര്‍വിസ് ബേയിലേക്ക് വാരാന്ത്യ ട്രിപ്പ് പോവുകയാണെന്നാണ് അച്ഛനും മകനും കൂട്ടക്കൊലയ്ക്ക് പുറപ്പെടുന്നതിനു മുന്‍പ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്. കൂട്ടക്കൊലയ്ക്ക് മുന്‍പുള്ള 6 മാസങ്ങളില്‍ സാജിദ് അക്രം പലയിടങ്ങളിലായി മാറിമാറി താമസിക്കുകയായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

നവംബര്‍ ഒന്നു മുതല്‍ 28 ഇയാള്‍ ഫിലിപ്പീന്‍സിലെ ദാവോ നഗരത്തിലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന് വേരുകളുള്ള മേഖലയാണിത്. ഇവിടെ സാജിദ് അക്രമിന് പരിശീലനം ലഭിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ക്ക് പുറമേ സിഡ്‌നിയില്‍ നിന്നുള്ള മറ്റ് രണ്ടുപേര്‍ കൂടി ഇതേ സമയം മേഖലയിലുണ്ടായിരുന്നു. ഇവരുടെ കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അക്രമികള്‍ക്ക് ശേഷിയേറിയ തോക്കുകള്‍ എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്.

സജിദ് അക്രമിനും മകന്‍ നവീദിനും എങ്ങനെയാണ് ആധുനിക ആയുധങ്ങള്‍ ലഭിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. അക്രമികളുടെ വാഹനത്തില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. സിഡ്‌നിയിലുടനീളം പോലീസ് റെയ്ഡുകള്‍ നടത്തി. നവീദ് അക്രമിന്റെ ബോണിങ് എന്ന സ്ഥലത്തെ വീടും ഉള്‍പ്പെടുന്നു.

സജിദ് ഹൈദരാബാദില്‍ നിന്ന് ഓസ്‌ട്രേലിയയില്‍ എത്തിയയാളാണ്. സജിദിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു. 1998ല്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സജിദിന് നാട്ടിലെ കുടുംബവുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. ബികോം പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സജിദ് ഓസ്‌ട്രേലിയയിലേക്ക് പോയത്. ഹൈദരാബാദിലെ കുടുംബവുമായി ഇയാള്‍ക്ക് വലിയ ബന്ധമുണ്ടായിരുന്നില്ല. വര്‍ഷത്തില്‍ ആറുതവണ മാത്രമാണ് ഇന്ത്യ സന്ദര്‍ശിച്ചത്. കുടുംബപരമായ കാര്യങ്ങള്‍ക്കും മാതാപിതാക്കളെ കാണാനും വേണ്ടിയാണ് സജിദ് ഇന്ത്യയില്‍ വന്നിരുന്നത്.

അതേസമയം ബോണ്ടി ബീച്ചില്‍ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഓസ്‌ട്രേലിയ രംഗത്തുണ്ട്. വിദ്വേഷ പ്രചാരണം തടയാനായി നിയമനിര്‍മാണം നടത്തുമെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പറഞ്ഞു. വീസ റദ്ദാക്കല്‍, വീസ നിഷേധിക്കല്‍ അടക്കമുള്ള നടപടികളും പരിഗണനയിലുണ്ട്. വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളെയും നേതാക്കളെയും നിരീക്ഷിക്കാനും സംവിധാനമുണ്ടാക്കും. കൊല്ലപ്പെട്ട 15 പേരില്‍ ഏറ്റവും പ്രായം കുറഞ്ഞ 10 വയസ്സുകാരി മറ്റില്‍ഡയുടെ സംസ്‌കാരച്ചടങ്ങില്‍ ഇന്നലെ ആയിരങ്ങള്‍ പങ്കെടുത്തു.

അതിനിടെ, ബോണ്ടയ് ബീച്ചിലെ കൂട്ടവെടിവയ്പ് അഭിമാനകരമാണെന്ന് ഭീകരസംഘടനയായ ഐഎസ് പ്രസ്താവിച്ചു. ടെലഗ്രാം ചാനലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണു പരാമര്‍ശം.