ഇടുക്കി: ഇതുപോലെയുള്ള മനുഷ്യര്‍ ലോകത്തു ബാക്കിയുള്ളത് കൊണ്ടാണ് ലോകം പൂര്‍ണ്ണമായി നശിക്കാതിരിക്കുന്നത്… അമ്മ മായ പ്രസവത്തോടെ മരിച്ചപ്പോള്‍ സാക്ഷാല്‍ ശ്രീബുദ്ധനെ മുലയൂട്ടി വളര്‍ത്തിയത് ഒരു ആശ്രമ സ്ത്രീയായിരുന്നു……. ആദരവുകള്‍ സോദരാ… ബഹുമാനം സോദരി…ഈ വാക്കുകള്‍ ആ കുടുംബത്തിനുള്ള നന്ദി പറച്ചിലാണ്. വെറുമൊരു കമന്റ് വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് നല്‍കിയത് പുതിയ ഊര്‍ജ്ജമാണ്.

ഒരു കമന്റാണ് വൈറല്‍. ആ കമന്റിന് പിന്നിലെ നന്മയാണ് കേരളം ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'കുഞ്ഞുമക്കള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്'- വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയ്ക്കു വന്ന ഈ കമന്റാണ് കഴിഞ്ഞ ദിവസം ഏറെ വൈറലായത്. ഇതൊരു അസാധാരണ കമന്റായിരുന്നു. ഏതായാലും ഈ കുടുംബം വയനാട്ടില്‍ എത്തുകയാണ്.

ദുരന്തത്തില്‍ അകപ്പെട്ട് മാതാപിതാക്കള്‍ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാനുള്ള ദമ്പതികളുടെ തീരുമാനം മലയാളിയുടെ ചിന്തകള്‍ക്ക് പുതുമാനം നല്‍കുന്നു. ദുരന്തത്തില്‍ അകപ്പെട്ട നിരവധി പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലാതായെന്ന വിവരമാണ് ഭാവനയെ ഇതിന് പ്രേരിപ്പിച്ചത്. തുടര്‍ന്ന് മുലപ്പാല്‍ നല്‍കാന്‍ തയ്യാറാണെന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി അറിയിക്കുകയായിരുന്നു. 'ഞാന്‍ രണ്ടു കുട്ടികളുടെ അമ്മയാണ്. അമ്മയില്ലാതാവുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയറിയാം. അതുകൊണ്ടുതന്നെയാണ് ഇതിന് തയ്യാറായത്. ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ പിന്തുണ ലഭിച്ചു'- അങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ തീരുമാനിച്ചതെന്ന് ഭാവന പറയുന്നു.

നാലു വയസ്സും, നാലുമാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് ഭാവന. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒരുപാട് കുടുംബങ്ങള്‍ മണ്ണിനടിയിലായി. മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരുപാട് കുട്ടികളുണ്ടാവും. അങ്ങനെയുള്ളവരെ സഹായിക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് ഭര്‍ത്താവ് സജിനും പറയുന്നു. സംഭവം ശ്രദ്ധയില്‍പെട്ടതോടെ വയനാട്ടില്‍ നിന്നും വിളി വന്നു. കഴിയുന്നതും നേരത്തെ തന്നെ പുറപ്പെടാന്‍ പറഞ്ഞതോടെ രാത്രി തന്നെ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു ദമ്പതികള്‍. ഉപജീവനമായ പിക്കപ്പ് ജീപ്പിലാണ് ഇവരുടെ യാത്ര. കഴിയുന്നതും വയനാട്ടില്‍ എത്രത്തോളം നില്‍ക്കാന്‍ കഴിയുമോ അത്രയും താമസിച്ച് സഹായിക്കാനാണ് ദമ്പതികളുടെ തീരുമാനം. യൂത്ത് കോണ്‍?ഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റായിരുന്നു സജിന്‍.

വയനാട്ടില്‍ നിന്നും ആളുകള്‍ വിളിച്ചത് അനുസരിച്ച് ഒരു പിക്കപ്പ് വാനുമായി ഈ പാതി രാത്രിയില്‍ അയാള്‍ ഭാര്യയെയും രണ്ടു പൊടി കുഞ്ഞുങ്ങളെയും കൂട്ടി, മറ്റാരുമില്ലാതെ വണ്ടിയോടിച്ച് ദുരന്ത ഭൂമിയിലേക്ക് പോവുകയാണ്… കയ്യില്‍ നാമ മാത്രമായ പണമേ ഉള്ളൂ… വീട്ടില്‍ പ്രായമായ അമ്മ സാലിയുണ്ട്… അച്ഛന്‍ വര്‍ഗീസ് രണ്ടു വര്‍ഷം മുമ്പു മരിച്ചു. ഡ്രൈവിംഗ് ആണ് ഉപജീവന മാര്‍ഗം. രാഷ്ട്രീയ പ്രവര്‍ത്തനം വരുമാനത്തെ ബാധിക്കുമെന്ന് കണ്ടപ്പോള്‍ കുടുംബത്തിനു വേണ്ടി പിന്‍വാങ്ങി-ഇതാണ് സജിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന മറ്റൊരു കമന്റ്.

ജോസ് മാത്യു നേര്യംപറമ്പില്‍ ഇതുമായി ബന്ധപ്പെട്ടിട്ട പോസ്റ്റ് ഇങ്ങനെ

"ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ. എന്റെ വൈഫ് റെഡിയാണ്…"
സജിന്‍ പാറേക്കര… അയാള്‍ ആവേശത്തില്‍ വെറും വാക്ക് പറഞ്ഞതല്ല…
നാലുമാസം പ്രായമുള്ള മുല കുടിക്കുന്ന എല്‍ജിന്‍ എന്നൊരു കുട്ടി അയാള്‍ക്കുമുണ്ട്.

അയാള്‍ക്കും, ചേര്‍ന്നു നില്‍ക്കുന്ന ആ ഭാര്യക്കും എല്ലാം നഷ്ടപ്പെട്ട കുരുന്നുകളെ അറിയാന്‍ കഴിയും.

അദ്ദേഹത്തെ വിളിച്ചിരുന്നു…
ഇടുക്കി ഉപ്പു തറക്കാരനാണ്.
ഭാര്യ കോട്ടയംകാരി ഭാവനക്കും അയാള്‍ക്കും
ഇവാഞ്ജലിന എന്ന അഞ്ചു വയസ്സുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്.
വയനാട്ടില്‍ നിന്നും ആളുകള്‍ വിളിച്ചത് അനുസരിച്ച് ഒരു പിക്കപ്പ് വാനുമായി ഈ പാതി രാത്രിയില്‍ അയാള്‍ ഭാര്യയെയും രണ്ടു പൊടി കുഞ്ഞുങ്ങളെയും കൂട്ടി, മറ്റാരുമില്ലാതെ വണ്ടിയോടിച്ച് ദുരന്ത ഭൂമിയിലേക്ക് പോവുകയാണ്…
കയ്യില്‍ നാമ മാത്രമായ പണമേ ഉള്ളൂ…
വീട്ടില്‍ പ്രായമായ അമ്മ സാലിയുണ്ട്…
അച്ഛന്‍ വര്‍ഗീസ് രണ്ടു വര്‍ഷം മുമ്പു മരിച്ചു.
ഡ്രൈവിംഗ് ആണ് ഉപജീവന മാര്‍ഗം.
യൂത്ത് കോണ്‍ഗ്രസിന്റെ ഉപ്പുതറ മണ്ഡലം പ്രസിഡന്റ് ആയിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനം വരുമാനത്തെ ബാധിക്കുമെന്ന് കണ്ടപ്പോള്‍ കുടുംബത്തിനു വേണ്ടി പിന്‍വാങ്ങി.

അപകടത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിനെ മുലയൂട്ടുന്ന മനോരമയില്‍ പ്രസിദ്ധീകരിച്ച ഒരു വനിതാ കോണ്‍സ്റ്റബിള്‍ന്റെ ചിത്രവും, കൊറോണയില്‍ അമ്മ മരിച്ച കുഞ്ഞിനെ മുലയൂട്ടുന്ന ഒരു മലയാളി നഴ്‌സിന്റെയും ചിത്രങ്ങള്‍ ഓര്‍മ വന്നു.
അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ മെന്‍ഹോളിലേക്ക് എടുത്തുചാടി ജീവന്‍ ത്യജിച്ച നൗഷാദിനെയും ഓര്‍മ്മവന്നു…
മതങ്ങള്‍ക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്നവരുടെ എണ്ണം വര്‍ധിക്കട്ടെ…!
ഇതുപോലെയുള്ള മനുഷ്യര്‍ ലോകത്തു ബാക്കിയുള്ളത് കൊണ്ടാണ് ലോകം പൂര്‍ണ്ണമായി നശിക്കാതിരിക്കുന്നത്…
അമ്മ മായ പ്രസവത്തോടെ മരിച്ചപ്പോള്‍ സാക്ഷാല്‍ ശ്രീബുദ്ധനെ മുലയൂട്ടി വളര്‍ത്തിയത് ഒരു ആശ്രമ സ്ത്രീയായിരുന്നു…….
ആദരവുകള്‍ സോദരാ…
ബഹുമാനം സോദരി…
സസ്‌നേഹം
ജോസ് മാത്യു
നേര്യംപറമ്പില്‍