ആലപ്പുഴ: ആലപ്പുഴയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ എല്ലാ തെളിവുകളും ഉണ്ടായിട്ടും ഒഴിപ്പിക്കുന്നില്ല എന്ന ആക്ഷേപവുമായി സിപിഎം നേതാവും അമ്പലപ്പുഴ എംഎല്‍എ ആയ എച്ച്. സലാം രംഗത്തു വരുമ്പോള്‍ ചര്‍ച്ചയാകുന്നത് സിപിഎമ്മിലെ വിഭാഗീയത. സമ്പന്നര്‍ കൈയ്യേറിയാല്‍ കണ്ടില്ല എന്ന് ജില്ലാധികാരികള്‍ നടിക്കുന്നു എന്നും ആരോപണം. എംഎല്‍എ പറഞ്ഞത് നൂറ് ശരിയാണെന്ന വിലയിരുത്തല്‍ സജീവമാണ്. സിപിഎമ്മിലെ ആലപ്പുഴയിലെ പ്രബല വിഭാഗത്തിന്റെ പിന്തുണ കൈയ്യേറ്റക്കാര്‍ക്കുണ്ട്. ഈ പിന്തുണയിലാണ് കൈയ്യേറ്റം. സലാമിന്റെ വിമര്‍ശനങ്ങള്‍ ചെന്നു കൊള്ളുന്നത് ആലപ്പുഴയില്‍ നിന്നുള്ള സിപിഎം എംഎല്‍എയിലേക്കാണെന്ന ആരോപണം സജീവമാണ്.

വന്‍കിട റിസോര്‍ട്ടുടമകള്‍ പുറമ്പോക്കു ഭൂമി, നിലം എന്നിവ വന്‍തോതില്‍ കൈയേറി നിര്‍മാണം നടത്തിയിട്ടും ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുകയാണ്. 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമപ്രകാരം ജില്ലയില്‍ 215 സ്ഥലങ്ങള്‍ അനധികൃതമായി നികത്തിയിട്ടുണ്ടെന്ന് നിയമസഭയില്‍ റവന്യൂമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു. ഇതില്‍ 22 എണ്ണവും അമ്പലപ്പുഴ താലൂക്ക് പരിധിയിലാണ്. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിവാങ്ങാതെ വന്‍കിട നിര്‍മാണം നടക്കുകയാണ്. ആലപ്പുഴ നഗരസഭയുടെ അനുവാദമില്ലാതെയാണ് പള്ളാത്തുരുത്തിയിലെ റിസോര്‍ട്ട് നിലംനികത്തി ചുറ്റുമതിലും കെട്ടിടത്തിന്റെ നിര്‍മാണവും നടത്തിയത്. ഇവിടത്തെ സാധാരണക്കാര്‍ക്ക് റോഡുനിര്‍മിക്കാന്‍ തടസ്സംസൃഷ്ടിച്ച ഈ അനധികൃത നിര്‍മാണം സാധുവാക്കാന്‍ കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചുവെന്നും സലാം പറയുന്നു.

പുന്നമട ഫിനിഷിങ് പോയന്റിലെ റിസോര്‍ട്ട് ഉടമ 4.61 സെന്റ് പുറമ്പോക്കു ഭൂമി നികത്തി കൈവശപ്പെടുത്തി. 2019-ല്‍ റവന്യൂവിഭാഗം നടത്തിയ പരിശോധനയില്‍ ഇതു തിരിച്ചുപിടിച്ച് പൂര്‍വസ്ഥിതിയിലാക്കണമെന്ന് ഉത്തരവിട്ടു. ഈ ഉത്തരവ് ഇനിയും നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. സാധാരണക്കാര്‍ക്കെതിരേ നിയമങ്ങള്‍ കര്‍ശനമാക്കുന്ന ചില ഉദ്യോഗസ്ഥര്‍ ആലപ്പുഴയിലെ സമ്പന്നരായ കൈയേറ്റക്കാര്‍ക്കെതിരേ കണ്ണടയ്ക്കുകയാണ്. ഇതംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും അനധികൃത നിര്‍മാണങ്ങള്‍ തടയാനും റവന്യൂ അധികൃതരും തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തയ്യാറാകണം. ഇക്കാര്യത്തില്‍ ജില്ലാഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടാകണം. ജില്ലാ വികസനസമിതി യോഗത്തില്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും വന്‍കിട കൈയേറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തില്ലെന്നും എംഎല്‍എ ആരോപിച്ചു. എസ് എം സില്‍ക്കിന്റേയും പോപ്പി കുടയുടേയും കൈയ്യേറ്റങ്ങളെയാണ് പേരു പരാമര്‍ശിക്കാതെ സലാം ചര്‍ച്ചയാക്കുന്നത്.

ആലപ്പുഴയിലെ വ്യവസായ പ്രമുഖരായ, എസ് എം സില്‍ക്സ് ഉടമസ്തരും, പോപ്പി കുടകളുടെ ഉടമസ്തനും മിച്ചഭൂമി കൈയ്യേറി എന്ന എല്ലാ തെളിവുകളും ഉണ്ടായിട്ടും ഒരു നടപടിയും ഇതുവരെ നഗരസഭ എടുത്തിട്ടില്ല. ആലപ്പുഴ കിടങ്ങാംപറമ്പ് വാര്‍ഡില്‍ (പഴയ സനാതനം വാര്‍ഡ്) മിച്ചഭൂമി കൈയ്യേറി നീര്‍ച്ചാല്‍ നികത്തിയെന്നും വ്യാപകമായി കൈയേറ്റം നടന്നിട്ടുണ്ടെന്നും 5 മാസങ്ങള്‍ക്കു മുന്‍പ് താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ നിന്നും നഗരസഭക്ക് റിപ്പോര്‍ട്ട് നല്‍കിയതാണ്. തുടര്‍ന്ന് നഗരസഭ 10 വര്‍ഷത്തിന് മേലായ ഈ കൈയ്യേറ്റം ഒഴിയാന്‍ 06.11.2024 ല്‍ നോട്ടീസ് നല്‍കി. കൈയ്യേറ്റം പൊളിച്ചു നീക്കണമെന്നും അല്ലെങ്കില്‍ മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം പൊളിച്ച ശേഷം ചിലവായ തുക ഈടാക്കുമെന്നും നഗരസഭ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നോട്ടീസ് കൊടുത്തെങ്കിലും കൈയ്യേറ്റക്കാര്‍ ഒഴിഞ്ഞില്ല. ഒഴിപ്പിക്കാന്‍ നഗരസഭ തയ്യാറായുമില്ല. ഇതിന് കാരണം സിപിഎമ്മിലെ തന്നെ ഉന്നതരുടെ പിന്തുണയാണെന്നാണ് ആരോപണം.

നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും കളക്ടര്‍ നഗരസഭക്ക് കൈയ്യേറ്റം ഒഴിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും ഫലം കണ്ടില്ല. നീതി കിട്ടാന്‍ ഗത്യന്തരമില്ലാതെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നാട്ടുകാര്‍. എസ് എം സില്‍ക്സ് ഉടമസ്ഥരായ 3 സഹോദരങ്ങളാണ് മിച്ചഭൂമി തെക്കു നിന്നും, പടിഞ്ഞാറു നിന്നും ഏറ്റവും കൂടുതല്‍ കൈയ്യെറിയിരിക്കുന്നതെന്നാണ് സൂചന. ഇതില്‍ സന്തോഷ് നീര്‍ച്ചാല്‍ നികത്തി ഗോഡൗണും കെട്ടി ആ സ്ഥലം കോണ്‍ക്രീറ്റ് ചെയ്തത് മൂലം തന്റെ വീട്ടില്‍ ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അനുമതി ഇല്ലാതെ അയല്‍വാസിയുടെ മതില്‍ കുത്തിപ്പൊട്ടിച്ച് അയാളുടെ പുരയിടത്തിലേക്ക് വെള്ളമോഴുക്കി. മാത്രമല്ല, കൈയ്യേറിയ ഭൂമിയുടെ അപ്പുറമുള്ള അയല്‍ക്കാരന്റെ 28.50 മീറ്റര്‍ മതിലിനു മുകളില്‍ ഷീറ്റ് അടിച്ചു മതില്‍ മൊത്തം പൊട്ടിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുകയും ചെയ്തു. ഗുണ്ടായിസം ആണ് കാണിച്ചത്.

രണ്ടാമത്തെ പ്രധാന കൈയ്യേറ്റക്കാരന്‍ പോപ്പി കുടകളുടെ ഉടമസ്ഥന്‍ ഡേവിസ് തയ്യിലാണ്. നീര്‍ച്ചാല്‍ നീളത്തില്‍ നികത്തി 2 സ്ഥലങ്ങള്‍ ഒന്നാക്കി മാറ്റി. ഏകദേശം 12 മുതല്‍ 14 ലക്ഷം രൂപ വിലവരുന്ന ഭൂമിയാണ് കൈയ്യേറിയത്. മുഖ്യമന്ത്രിക്കും, റവന്യൂ മന്ത്രിക്കും, തദ്ദേശ സ്വയംഭരണ മന്ത്രിക്കും എല്ലാ തെളിവുകളോടും കൂടി പരാതികൊടുത്തിട്ടും നഗരസഭ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ തയ്യാറായിട്ടില്ല. താലൂക്ക്, വില്ലേജ് ഓഫീസുകളുടെ ഭാഗത്ത് നിന്നും ഒരു തെറ്റും സംഭവിച്ചിട്ടില്ല. ഇടതു പക്ഷം ഭരിക്കുന്ന ആലപ്പുഴ നഗരസഭ ആണ് കൈയ്യേറ്റം ഒഴിപ്പിക്കാന്‍ തടസമെന്നാണ് വിലയിരുത്തല്‍. മഴക്കുമുന്‍പ് 30 ഓളം കുടുംബങ്ങളെ വെള്ളകെട്ടില്‍ നിന്നും രക്ഷിക്കാന്‍ കൈയ്യേറ്റം ഒഴിപ്പിക്കണമെന്നതാണ് ആവശ്യം.