തിരുവനന്തപുരം: ഖജനാവിലെ പ്രതിസന്ധി മാറ്റാന്‍ അതിവേഗ നീക്കങ്ങളുമായി സര്‍ക്കാര്‍. വായ്പ എടുക്കാനുള്ള പരിധി തീര്‍ന്നതോടെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ മാര്‍ഗ്ഗം നോക്കുകയാണ് സര്‍ക്കാര്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളും അവയ്ക്കു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളും 3000 കോടി രൂപ സര്‍ക്കാര്‍ നിര്‍ദേശത്തിനു വിരുദ്ധമായി ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിക്കുന്നുണ്ടെന്നു ധനവകുപ്പിന്റെ കണ്ടെത്തല്‍. തുക ഉടന്‍ ട്രഷറിയിലേക്കു മാറ്റാനാണ് നിര്‍ദ്ദേശം. ഇതോടെ ഡിസംബര്‍ മാസത്തെ അതിജീവിക്കാന്‍ കഴിയുമെന്നാണ് സൂചന.

ക്രിസ്മസിനു മുന്‍പ് 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ 3000 കോടി രൂപ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നു കടമെടുക്കും. ഇതിനു പുറമേ 1500 കോടി ഇന്നലെ റിസര്‍വ് ബാങ്ക് വഴിയും കടമെടുത്തു. നാലു മാസത്തെ ക്ഷേമ പെന്‍ഷനാണ് കുടിശികയുള്ളത്. ഇതോടെ ഡിസംബര്‍ വരെയുള്ള വായ്പാ പരിധിയെല്ലാം തീര്‍ന്നു. ഇനി ക്രിസ്മസ ശമ്പളം ഡിസംബറില്‍ കൊടുക്കേണ്ട സാഹചര്യവുമുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് നീക്കം.

ജനുവരിയില്‍ വീണ്ടും കടമെടുപ്പ് പരിധിയിലേക്ക് കൂടുതല്‍ തുക വരും. അങ്ങനെ വന്നാല്‍ അതെടുക്കാം. ഈ സാഹചര്യത്തിലാണ് ബാങ്ക് വായ്പകള്‍ ട്രഷറിയിലേക്ക് മാറ്റാന്‍ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നിര്‍ദേശിച്ചത്.. സര്‍ക്കാരിന്റെ കടുത്ത സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്താണിതെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയാണ് യോഗത്തില്‍ കണക്ക് അവതരിപ്പിച്ചത്. നടപ്പാക്കിയോ എന്നു ധന സെക്രട്ടറി നിരീക്ഷിക്കും.

ധനവകുപ്പിന്റെ സമാന നിര്‍ദേശപ്രകാരം കഴിഞ്ഞവര്‍ഷം പല സ്ഥാപനങ്ങളും പണം ട്രഷറിയിലേക്കു മാറ്റിയിരുന്നു. അനുസരിക്കാത്ത വകുപ്പുകളും സ്ഥാപനങ്ങളുമുണ്ടെന്ന തിരിച്ചറിവില്‍ കണക്കുകള്‍ എടുത്തു. അപ്പോഴാണ് 3000 കോടി കൂടി കിട്ടാനുണ്ടെന്ന് മനസ്സിലായത്. തുക ട്രഷറിയിലേക്കു മാറ്റിയാല്‍ ഉയര്‍ന്ന പലിശ നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. അതേസമയം, ട്രഷറിയിലേക്കു മാറ്റിയാല്‍ ആവശ്യാനുസരണം തുക പിന്‍വലിക്കാനാകില്ലെന്നാണു സ്ഥാപനങ്ങളുടെ വാദം. തുടര്‍ച്ചയായുള്ള ട്രഷറി നിയന്ത്രണമാണു കാരണം. ഇത് വകുപ്പുകളേയും സ്ഥാപനങ്ങളേയും ബാധിക്കും.

വകുപ്പുകള്‍ക്കു വരുമാനം കൂട്ടാനുള്ള ഹ്രസ്വകാല, ദീര്‍ഘകാല മാര്‍ഗങ്ങള്‍ സംബന്ധിച്ച് ധനസെക്രട്ടറി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നു ചീഫ് സെക്രട്ടറി യോഗത്തില്‍ ആവശ്യപ്പെട്ടു. കരാറുകാര്‍ക്ക് പണം നല്‍കുന്നതിനു പകരം ബില്‍ ഡിസ്‌കൗണ്ടിങ് സംവിധാനം പ്രോത്സാഹിപ്പിക്കണം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം നികുതി ഇതര വരുമാനം കുറവാണെങ്കില്‍ വകുപ്പുകള്‍ പരിഹാര നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.