- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഗതകുമാരി ടീച്ചർക്ക് സ്മാരകമാകേണ്ട 'വരദ' കൈവിട്ട് സർക്കാർ; കാറ് കയറാൻ വഴിയില്ലാത്ത 'വരദ' വേണ്ടെന്ന് വച്ചത് അധികൃതർ; തോമസ് ഐസകിന്റെ രണ്ട് കോടി ബജറ്റ് പ്രൊപ്പോസൽ ബാലഗോപാൽ 'മറന്നു'; നാശത്തിന്റെ വക്കിലായ വീട് മറ്റൊരാൾക്ക് വിൽപ്പന നടത്തിയെന്ന് മകൾ; സർക്കാരിന് കൈമാറിയാൽ ഏറ്റെടുക്കാൻ തയ്യാറെന്ന് മന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള വീടായ 'വരദ' ബന്ധുക്കൾ വിൽപ്പന നടത്തിയത് സർക്കാരുമായി ആലോചിക്കാതെയെന്ന് മന്ത്രി സജി ചെറിയാൻ. വീട് ബന്ധുക്കൾ വിട്ടുനൽകിയാൽ സർക്കാർ ഏറ്റെടുക്കാൻ തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു. സാംസ്കാരിക കേരളത്തെ ഞെട്ടിച്ച 'വിൽപ്പന' വിവാദമായതോടെയാണ് മന്ത്രിയുടെ പ്രതികരണം. വീട് സ്മാരകമാക്കാൻ ബന്ധുക്കൾക്ക് താൽപര്യമില്ലാതെ സർക്കാരിന് എന്തു ചെയ്യാൻ കഴിയുമെന്നും മന്ത്രി ചോദിച്ചു.
എന്നാൽ വരദ' മറ്റൊരാൾക്ക് വിൽപ്പന നടത്തിയെന്നും വീട് സ്മാരകമാക്കാമെന്നു ഒരിക്കലും സർക്കാർ പറഞ്ഞിട്ടില്ലെന്നും ലക്ഷ്മി ദേവി പ്രതികരിച്ചു. സുഗതകുമാരി ടീച്ചർക്ക് സ്മാരകം സ്ഥാപിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്ന സമയത്തല്ല വിൽപ്പന നടന്നിരിക്കുന്നത്.
സ്മാരകം വേണമെന്ന് ആവശ്യപ്പെട്ടു സാംസ്കാരിക നായകർ ഒപ്പിട്ട ഒരു റിക്വസ്റ്റ് സർക്കാരിനു നൽകിയിരുന്നു. മുഖ്യമന്ത്രിക്കും കൊടുത്തു സാംസ്കാരിക മന്ത്രിക്കും കൊടുത്തു. മന്ത്രി ശിവൻകുട്ടിയാണ് അത് ഫോളോ അപ് ചെയ്തത്. ടീച്ചർക്ക് സ്മാരകം പണിയണം എന്നത് സർക്കാരിന്റെ മനസിലുണ്ട്. പക്ഷെ അവർക്ക് ഇപ്പോൾ വിൽപ്പന നടത്തിയ വീട് സ്മാരകമാക്കാൻ താത്പര്യമില്ലായിരുന്നുവെന്നും മകൾ ലക്ഷ്മി ദേവി പറയുന്നു.
'ഈ വീടിനു വഴിയില്ല. ഇത് എന്റെ അമ്മൂമ്മ വാങ്ങിയ സ്ഥലമാണ്. മുകൾ വശം അമ്മയുടെ ചേച്ചിക്കും താഴെ അമ്മയ്ക്കുമായി രണ്ടു പ്ലോട്ടായിട്ടാണ് നൽകിയത്. വീട്ടിലേക്ക് കാർ കയറില്ല. മുകളിലത്തെ വീട്ടിൽ മാത്രമേ കാർ കയറുകയുള്ളൂ. എല്ലാവരും ഉപയോഗിക്കുന്നത് ആ വഴിയാണ്. വല്യമ്മയുടെ മകൾ ആ വഴി അടച്ചു. അതോടെ എൻട്രൻസ് ഇല്ലാതായി. വഴിയും ഇല്ലാതെ വന്നു. പിറകിലത്തെ വഴിയിലൂടെയും കാർ കയറില്ല. വീട് വാങ്ങിയവർ ഇടിച്ചിട്ടുണ്ടെങ്കിൽ അത് പിൻഭാഗത്തുകൂടി കാർ കയറ്റാൻ ആയിരിക്കണം.
ചെറിയ കാർ മാത്രമേ അവിടെ കയറൂ. അവർ ഇടിച്ച ഔട്ട് ഹൗസ് ഞാൻ ഉണ്ടാക്കിയതാണ്. എന്റെ ഓഫീസ് മുറി ആണിത്. പഴയ വീടിന്റെ ഭാഗമല്ല അത്. അത് ഒരൊറ്റ മുറിയാണ്. സ്ഥലം വാങ്ങിയവർ ഒരു ചെടിപോലും അവിടെ നിന്നും വെട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്. അവിടെ ഒന്നും കത്തിച്ചിട്ടില്ല. ഞാൻ അവിടെ പോയി ക്ലീൻ ചെയ്തതാണ്. വീട് ക്ലീൻ ചെയ്ത ശേഷം വീണു കിടന്നിരുന്ന ഇലകൾ മാത്രമാണ് കത്തിച്ചത്.
വരദ സ്മാരകം ആക്കുന്നതിനോട് സർക്കാരിനു താത്പര്യമില്ല. വഴിയില്ലാത്തതിനാൽ ആ പ്രോപ്പർട്ടിയിൽ താത്പര്യമില്ലാതായി. വേറെ ഒരു സ്ഥലമെടുത്ത് അവിടെ സ്മാരകം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതാണ് അതിന്റെ നിലവിലെ പൊസിഷൻ. വീട് സ്മാരകമാക്കാം എന്ന് സർക്കാർ പറഞ്ഞിട്ടില്ല. വാഹനം കയറാത്ത ഈ വീട്ടിൽ സർക്കാരിനു താത്പര്യമില്ല' എന്നും ലക്ഷ്മി ദേവി പറയുന്നു.
അമ്മ പോയതിനു ശേഷം ഞാൻ ആ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീട് നാശത്തിന്റെ വഴിയിലായിരുന്നു. എനിക്ക് അവിടെ പോയി താമസിക്കാൻ കഴിയില്ല. വീടും താമസിക്കാൻ കഴിയാത്ത കണ്ടീഷൻ ആവുകയായിരുന്നു. ആ വീട് കൊടുക്കാതെ ഒരു നിവൃത്തിയുമില്ല. ഞാൻ അത് എന്ത് ചെയ്യണം എന്നാണ് പറയുന്നത്? 'വരദ' സ്മാരകമാക്കാൻ സർക്കാരിനു താത്പര്യമില്ല. സർക്കാരിനോട് ഒരു സ്മാരകം വേണം എന്നാണ് ആവശ്യപ്പെട്ടത്. ഈ വീട് സ്മാരകമാക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. വലിയമ്മയുടെ വീട്ടിൽക്കൂടിയാണ് ഈ വീടിനു വഴിയുള്ളത്. അതുകൊണ്ട് തന്നെ ഈ വീട് സ്മാരകമാക്കാൻ സർക്കാരിനും താത്പര്യമില്ല.
ആറന്മുളയിലെ വീട് ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിന് നൽകിയതാണ്. അത് അവരുടെ കയ്യിലാണ്. അവരതിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ആ വീട് ഞങ്ങളുടെ തറവാടാണ്. അമ്മയുള്ളപ്പോൾ തന്നെ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിന് ആ വീട് നൽകിയതാണ്. തോമസ് ഐസക് മന്ത്രിയായിരുന്ന സമയത്ത് അമ്മ മരിച്ചയുടൻ തന്നെ ബജറ്റിൽ രണ്ടു കോടി അനുവദിച്ചു. പക്ഷെ അത് ബജറ്റ് പ്രൊപ്പോസൽ മാത്രമാണ്. നടപടിക്രമങ്ങൾ പിന്നീട് മുന്നോട്ടു പോയില്ല. മന്ത്രിസഭാ മാറി. കെ.എൻ.ബാലഗോപാൽ വന്നു. അതോടെ പ്രോജക്റ്റ് റദ്ദായ അവസ്ഥയായി. രണ്ടു കോടി അനുവദിച്ചു എന്നത് ബജറ്റ് പ്രൊപ്പോസൽ മാത്രമാണ്.
'വരദ'യിൽ ഉണ്ടായിരുന്നത് അമ്മ ഉപയോഗിച്ച ഫർണ്ണിച്ചറായിരുന്നു. അത് ഞാൻ അഭയയിലേക്ക് മാറ്റി. പിന്നെ അവാർഡുകൾ. അത് അറേഞ്ച് ചെയ്ത് ആയിരുന്നില്ല വെച്ചിരുന്നത്. അത് ഞാൻ അഭയയിലേക്ക് മാറ്റി. കുറച്ച് ബുക്സ് ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ട് വന്നു. കുറച്ച് ബുക്സ് ഞാൻ ലൈബ്രറിക്ക് കൊടുത്തു. കത്തുകൾ ഒക്കെ വലിയ ബണ്ടിൽ ആക്കി ഞാൻ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. അത് എന്തൊക്കെ ആണെന്ന് അറിയില്ല. കത്തുകൾ സൂക്ഷിച്ച് വയ്ക്കുന്ന പരിപാടി അമ്മയ്ക്ക് ഇല്ലായിരുന്നു. എല്ലാം സ്മാരകം വരുമ്പോൾ അങ്ങോട്ട് മാറ്റുകയാണ് പരിപാടി.
അച്ഛന്റെ പുസ്തകങ്ങൾ ഒരു ലൈബ്രറിക്ക് കൊടുത്തു. സ്മാരകം വരുകയാണെങ്കിൽ അത് തിരിച്ച് നൽകാമെന്നു അവർ ഉറപ്പ് പറഞ്ഞിട്ടുണ്ട്. അഭയയുടെ ജോലികൾ എല്ലാം അതുപോലെ തന്നെ പോകുന്നുണ്ട്. വീട് പണിതത് എന്റെ അച്ഛനാണ്. സ്ഥലം അമ്മൂമ്മയുടേത് ആണ്. ഇത് അമ്മ എഴുതി തന്നെ പ്രോപ്പർട്ടി ആണ്. എനിക്ക് സർക്കാർ ജോലിയോ പെൻഷനോ ഒന്നും ഇല്ല. എനിക്ക് പ്രായമായി. വേറെ വരുമാനമില്ല. എനിക്ക് വേറെ വീടുണ്ടെങ്കിൽ ഞാൻ തന്നെ ഇത് സ്മാരകമാക്കുമായിരുന്നു. ആറന്മുള വീട് സർക്കാർ ഏറ്റെടുത്തതാണ്. ഇവിടെ വേറെ പ്രോജക്റ്റ് നടക്കുന്നുണ്ട്. ഞാൻ എത്രനാൾ ഈ വീട് ഇങ്ങനെ സൂക്ഷിക്കും-ലക്ഷ്മിദേവി പറയുന്നു.
സുഗതകുമാരിയുടെ ഓർമ്മകൾ ഉറങ്ങുന്ന ഈ വീട് തേടി ഇപ്പോഴും കേരളത്തിനകത്തും പുറത്തും നിന്നും ഒട്ടേറെപ്പേർ എത്താറുണ്ട്. ഇതിന്നിടയിലാണ് വീട് കൈമാറ്റവും ചെയ്തത്. സുഗതകുമാരിയുടെ മകളായ ലക്ഷ്മി ദേവിയാണ് വീട് കൈമാറ്റം ചെയ്ത വിവരം അറിയിച്ചത്. സാംസ്കാരിക കേരളത്തിന്റെ നീക്കിയിരിപ്പായി മാറേണ്ട ഒട്ടനവധി പുരാരേഖകളും പുസ്തകങ്ങളും ഉള്ള വീടു കൂടിയായിരുന്നു 'വരദ'
കവയത്രിയുടെ ഓർമ്മകൾ ഉറങ്ങുന്ന, അവരുടെ അദൃശ്യസാന്നിധ്യമുള്ള വീട് കൂടിയായിരുന്നു വരദ. 'വരദ'യെ കവയിത്രിക്ക് ഏറെ ഇഷ്ടവുമായിരുന്നു. എഴുത്തുകാരനും നിരൂപകനുമായിരുന്ന ഡോ. കെ വേലായുധൻ നായർക്കൊപ്പമുള്ള കുടുംബ ജീവിതവും 'അഭയ'യുടെ മേൽനോട്ടവും കാവ്യ ജീവിതവും ആവോളം നുകർന്നതും ഈ വീട്ടിൽ വച്ചായിരുന്നു.
ജീവിത പങ്കാളിയായ വേലായുധൻ നായരാണ് ഈ വീട് പണിതത്. സുഗതകുമാരിയുടെ മരണം കഴിഞ്ഞു മൂന്നു വർഷം പോലും ആകുംമുമ്പാണ് വരദയുടെ വിൽപ്പന നടന്നത്. സുഗതകുമാരി ടീച്ചറെ സ്നേഹിക്കുന്നവരുടെ ഹൃദയം പിളർക്കുന്ന കാഴ്ചയാണ് ഇപ്പോൾ വരദയിലും പരിസരത്തുമിപ്പോൾ. ഇന്ത്യയിലെ സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ ഉൾപ്പെടെ ഒട്ടേറെപ്പേരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ഒരിടമായിരുന്നു 'വരദ.'
2021 കേരള ബജറ്റിൽ സുഗതകുമാരി സ്മാരകത്തിനു രണ്ടു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട് വീട് സംരക്ഷിക്കുമെന്നും വീടിനെ മ്യൂസിയമായി മാറ്റുമെന്നും പ്രഖ്യാപിച്ച് സർക്കാർ നടപടികൾ മുന്നോട്ടു നീക്കുമ്പോഴാണ് തീർത്തും അപ്രതീക്ഷിതമായി സുഗതകുമാരിയുടെ വീടായ വരദ മറ്റൊരാൾക്ക് വില്കുന്നത്.
സുഗതകുമാരി സ്മാരകത്തിന്റെ നടപടിക്രമങ്ങളുമായി സർക്കാർ മുന്നോട്ടു നീങ്ങുന്നതിന്നിടെയാണ് വീട് കൈമാറ്റം. കാട്ടാക്കട സ്വദേശിയായ ഒരാളാണ് മകന് വേണ്ടി ഈ വീട് വാങ്ങിയിരിക്കുന്നത്. വാങ്ങിയ ഉടൻ തന്നെ വീടിന്റെ ഔട്ട് ഹൗസ് ഉൾപ്പെടെ പൊളിക്കുകയും ചെയ്തു.
സുഗതകുമാരിയുടെ സഹോദരി സുജാതദേവി അന്ത്യ നാളുകളിൽ താമസിച്ചതും വരദയിലായിരുന്നു. തൊട്ടപ്പുറത്ത് തന്നെയാണ് സുഗതകുമാരിയുടെ സഹോദരി ഹൃദയകുമാരിയുടെ വീടും സ്ഥിതി ചെയ്യുന്നത്. വാക്ക് പൂത്ത വീടായിരുന്നു വരദ. സുഗതകുമാരിക്ക് ഒപ്പം സാഹിത്യ ലോകത്ത് പ്രശസ്തരായ ഹൃദയകുമാരിയുടെയും സുജാതദേവിയുടേയും സ്മൃതികളും ഇവിടെ അലയടിക്കുനുണ്ട്.
ഇന്ദിരാഗാന്ധി മുതൽ സർദാർ കെ.എം.പണിക്കർ വരെ, ജി.ശങ്കരകുറുപ്പ് മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട് വരെയുള്ള കത്തുകൾ എല്ലാം ശേഖരത്തിലുണ്ടായിരുന്നു. ആശരണരായ ഒട്ടേറെ എഴുത്തുകുത്തുകളും എല്ലാം ടീച്ചറുടെ ശേഖരത്തിലുണ്ടായിരുന്നു. പ്രസിദ്ധീകരിക്കും മുൻപ് ടീച്ചറുടെ കൈപ്പടയിൽ എഴുതിയ കവിതകൾ അടങ്ങിയ ബുക്കുകൾ ഉൾപ്പെടെ, ചരിത്രമൂല്യമുള്ള ഒട്ടേറെ ഫോട്ടോകളും ശേഖരത്തിലുണ്ടായിരുന്നു.
ഭർത്താവ് വേലായുധൻ നായർ, ഗാന്ധിജി- അരബിന്ദോ കൃതികളുടെ പഠനത്തിനു ഗാന്ധിജിയുടെ 103 വോള്യങ്ങൾ വാങ്ങിയിരുന്നു. അരബിന്ദോ സാഹിത്യത്തിന്റെ 82 പുസ്തകങ്ങളും ഇവിടെയുണ്ടായിരുന്നു. പതിനായിരത്തിലധികം പുസ്തകങ്ങളും സുഗതകുമാരി കവിതകൾ എഴുതിയിരുന്ന 12 നോട്ടു ബുക്കുകളും ഇവിടെയുണ്ടായിരുന്നു. ഇത്തരം അമൂല്യമായ ശേഖരങ്ങൾക്ക് എന്ത് സംഭവിച്ചു എന്നറിയില്ല.
സാഹിത്യത്തെപ്പോലെ തന്നെ വൃക്ഷലതാദികളോടും ഏറെ പ്രേമമായിരുന്നു കവയിത്രിക്ക്. അതിന്റെ എല്ലാം ഉദാഹരണമായിരുന്നു ഈ ചെടികളെല്ലാം തന്നെ. എല്ലാ ചെടികളെയും ലാളിക്കാൻ കവയിത്രിയുടെ കൈകൾ നീണ്ടു ചെല്ലുകയും ചെയ്തിരുന്നു. ഹൃദയകുമാരിയുടെയും സുജാത ദേവിയുടെയും മരണങ്ങൾ കഴിഞ്ഞപ്പോഴാണ് ഈ വീടിനു ദുഃഖത്തിന്റെ മുഖം കൂടി കൈവന്നത്.
സുജാത ദേവി മരിക്കുന്ന നാളുകളിൽ ഈ വീട്ടിലാണ് താമസിച്ചിരുന്നതും. 2014ൽ ഹൃദയകുമാരിയും 2018 -ൽ സുജാതദേവിയും ഈ ലോകത്തോട് വിടപറഞ്ഞു. അതോടുകൂടിയാണ് വീടിന്റെ സജീവതയിൽ മങ്ങൽ വന്നത്. 2020 ഡിസംബറിൽ സുഗത കുമാരിയും കടന്നുപോയി. ഇപ്പോഴിതാ കവയിത്രിയുടെ സ്മൃതികൾ ഇല്ലാതാക്കി വരദയുടെ വിൽപ്പനയും.
മറുനാടന് മലയാളി ബ്യൂറോ