- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുക്കര്‍ സമ്മാനം കരസ്ഥമാക്കുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ പുസ്തകം; 136 പേജുകള്‍, ആറ് ബഹിരാകാശ യാത്രികരുടെ ഒരു ദിവസത്തെ ജീവിതം പ്രമേയം, സാമന്ത ഹാര്‍വേയുടെ 'ഓര്‍ബിറ്റലി'ന് ബുക്കര്‍ സമ്മാനം; അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബുക്കര്‍ സമ്മാനം നേടുന്ന വനിത; മുറിവേറ്റ ലോകത്തെ കുറിച്ചുള്ള പുസ്തകമെന്ന് ജൂറി
ലണ്ടന്‍: മുറിവേറ്റ ലോകത്തെ കുറിച്ചുള്ള പുസ്തകം എന്നാല്‍ ഓര്‍ബിറ്റല്‍ എന്ന പുസ്തകത്തെ കുറിച്ച് ജൂറിയില്‍ ഒരാള്‍ പറഞ്ഞത്. സാമന്ത ഹാര്‍വേയ് എഴുതിയ ഈ പുസ്തകത്തിനാണ് 2024ലെ ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഒരു സയന്‍സ് ഫിക്ഷന്‍ നോവലാണ് ഓര്‍ബിറ്റല്‍. ലണ്ടനിലെ ഓള്‍ഡ് ബില്ലിംഗ്ഗേറ്റില്‍ നടക്കുന്ന ചടങ്ങിലാണ് ജേതാവിനെ പ്രഖ്യാപിച്ചത്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബുക്കര്‍ സമ്മാനം നേടുന്ന വനിതയായി മാറിയിരിക്കുകയാണ് ഈ 49കാരി. സാമന്തയുടെ അഞ്ചാമത്തെ നോവലാണ് ഓര്‍ബിറ്റല്‍. 50,000 പൗണ്ടാണ് ബുക്കര്‍ പ്രൈസ് ജേതാവിന് സമ്മാനത്തുകയായി ലഭിക്കുക. ബുക്കര്‍ പ്രൈസ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് 136 പേജുകള്‍ മാത്രമുള്ള ''ഓര്‍ബിറ്റല്‍'' അവാര്‍ഡ് കരസ്ഥമാക്കുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ നോവലാണ്. ആറ് ബഹിരാകാശ യാത്രികരുടെ ഒരു ദിവസത്തെ ജീവിതമാണ് പ്രമേയം. ഒരു ദിവസത്തെ 24 മണിക്കൂറില്‍ 16 സൂര്യോദയവും 16 അസ്തമയവും അവര്‍ കാണുന്നു.
ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ പുസ്തകമാണ് ഓര്‍ബിറ്റല്‍. 1979ല്‍ ബുക്കര്‍ പ്രൈസ് നേടിയ പെനെലോപ് ഫിറ്റ്സ്ഗെറാല്‍ഡിന്റെ ഓഫ്ഷോര്‍ എന്ന പുസ്തകമാണ് പുരസ്‌കാരം നേടിയ ഏറ്റവും ചെറിയ പുസ്തകം. 132 പേജായിരുന്നു ഓഫ്ഷോറിനുണ്ടായത്. ആദ്യ നോവലായ ദ വില്‍ഡെര്‍നെസില്‍ 2009ല്‍ തന്നെ ബുക്കര്‍ പ്രൈസിന്റെ ലോങ്ലിസ്റ്റില്‍ ഹാര്‍വേ ഇടംനേടിയിരുന്നു.
ലോക്ക്ഡൗണ്‍ സമയത്താണ് സാമന്ത ഈ നോവല്‍ എഴുതാനാരംഭിച്ചത്. ലണ്ടനില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച പുസ്തകമാണ് ഓര്‍ബിറ്റല്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശ യാത്രികരെ പിന്തുടരുന്ന, മറ്റൊരു കോണിലൂടെ ലോകത്തെ വീക്ഷിക്കുന്ന രീതിയിലാണ് ഓര്‍ബിറ്റലിനെ എഴുത്തുകാരി സമീപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നുള്ള ഭൂമിയുടെ വീഡിയോകള്‍ കാണുന്നതാണ് തന്നെ ഇങ്ങനെയൊരു നോവലെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് സാമന്ത 2023-ല്‍ പറഞ്ഞിരുന്നു.ഭൂമിക്ക് സംസാരിക്കുന്ന, ഭൂമിക്കെതിരെയല്ലാത്ത, സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന, സമാധാനത്തിന് എതിരല്ലാത്ത എല്ലാവര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി ഹാര്‍വേ പറഞ്ഞു.
'വില്‍റ്റ്ഷെയറിലെ ഒരു ഡെസ്‌കിലിരുന്ന് ഒരു സ്ത്രീ ബഹിരാകാശത്തെക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാന്‍ ആരെങ്കിലും തയ്യാറാകുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ ഈ പുസ്തകം എഴുതുമ്പോള്‍ ആലോചിച്ചിരുന്നു', ഹാര്‍വേ പറയുന്നു. പുരസ്‌കാരം ലഭിച്ചതില്‍ ഞെട്ടലും സന്തോഷവുമുണ്ടെന്നും ഈ പുരസ്‌കാരം തന്റെ ജീവിതം മാറ്റിമറിക്കുമെന്നും ഹാര്‍വേ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുരസ്‌കാര തുകയില്‍ ഒരു പുതിയ ബൈക്ക് വാങ്ങണമെന്നും അവര്‍ പറഞ്ഞു.
റേച്ചല്‍ കുഷ്നറിന്റെ ''ക്രിയേഷന്‍ ലേക്ക്'', ആന്‍ മൈക്കല്‍സിന്റെ ''ഹെല്‍ഡ്'',''ദ സേഫ്കീപ്പിന്'' യേല്‍ വാന്‍ ഡെര്‍ വുഡന്‍, ഷാര്‍ലറ്റ് വുഡ്‌ന്റെ ''സ്റ്റോണ്‍ യാര്‍ഡ് ഡിവോഷണല്‍'',പെര്‍സിവല്‍ എവററ്റിന്റെ ''ജെയിംസ്'' എന്നിവയും ഷോര്‍ട്ട്ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. പുരസ്‌കാരത്തിന്റെ 55 വര്‍ഷത്തെ ചരിത്രത്തിലിതാദ്യമായി തിരഞ്ഞെടുക്കപ്പെട്ട ആറ് എഴുത്തുകാരില്‍ അഞ്ച് പേരും സ്ത്രീകളാണെന്ന പ്രത്യേകതയും ഉണ്ടായിരുന്നു 2024 ലെ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപട്ടികയ്ക്ക്.
2005ല്‍ സ്ഥാപിതമായ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് എന്നറിയപ്പെട്ടിരുന്ന ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ്, യുകെയിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഫിക്ഷനുള്ള അഭിമാനകരമായ സാഹിത്യ പുരസ്‌കാരമായാണ് കണക്കാക്കുന്നത്.