- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ നേതാക്കള്‍ എന്ത് അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നത്? വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകള്‍ക്ക് ഉള്ളതല്ല; മതപരമായ പരിഹാരം കാണണം; സര്‍ക്കാര്‍ തെറ്റുതിരുത്തുന്നത് ഭൂമി ഏറ്റെടുത്തു കൊണ്ടാകരുത്; നിലപാട് കടുപ്പിച്ച് സമസ്ത രംഗത്തു വരുമ്പോള്‍ സര്‍ക്കാര്‍ വെട്ടില്‍; മുനമ്പത്തില്‍ പരിഹാരം കേന്ദ്രനിയമം മാത്രം
കോഴിക്കോട്: മുനമ്പം വിഷയം ഇപ്പോൾ കേരളം മുഴുവനും കത്തിപ്പടരുകയാണ്. മുനമ്പത്ത് ഏകദേശം 614 കുടുംബങ്ങൾ കാലങ്ങളായി താമസിക്കുന്നുണ്ടെന്നാണ് വിവരങ്ങൾ. എന്നാൽ എണ്ണത്തിന്റെ കാര്യത്തിൽ വഖഫ് ബോർഡ് ഉൾപ്പെടെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. തങ്ങളുടെ പൂർവികർ പണം കൊടുത്ത് വാങ്ങിയ ഭൂമിയിൽ അവകാശം ആവശ്യപ്പെട്ട് നടത്തുന്ന സമരം 24 ദിവസത്തിലേക്ക് ഇപ്പോൾ കടന്നിരിക്കുകയാണ്.
അതേസമയം, വിഷയം മുൻ നിർത്തി വർഗീയ ചേരിതിരിവിനുള്ള ശ്രമങ്ങൾ ഒരു വശത്ത് കാര്യമായി നടക്കുന്നുണ്ട്.മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവിന്.ഇപ്പോഴിതാതീരദേശമേഖലയായ മുനമ്പത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആളിക്കത്തുന്നതിനിടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സമസ്ത.
മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത മുഖപത്രത്തിൽ പറയുന്നു. വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകൾക്ക് ഉള്ളതല്ലെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടേതാണ് ലേഖനം പുറത്തിറക്കിയിരിക്കുന്നത്. വഖഫ് ഭൂമിയെച്ചൊല്ലിയുള്ള ഇപ്പോഴത്തെ തർക്കം പലർക്കും സ്വന്തം താല്പര്യം സംരക്ഷിക്കാൻകൂടിയാണ്. പക്ഷെ രാഷ്ട്രീയപാർട്ടികൾ കാര്യങ്ങൾ നിസാരവത്കരിക്കുന്നു. മുനമ്പത്തെ ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഫാറൂഖ് കോളേജ് അധികൃതരും വഖഫ് ബോർഡും മാറിമാറിവന്ന സർക്കാരുകളുമാണെന്ന് ലേഖനത്തിൽ തുറന്നടിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഫാറുഖ് കോളേജിന്റെ മൗനം തന്നെ ദുരൂഹമാണ്.
എന്തിന്റെ അടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ നേതാക്കൾ വഖഫ് ഭൂമി അല്ലെന്ന് പറയുന്നത്. മുസ്ലിം സംഘടനകളുടെ യോഗത്തിൽ ഉണ്ടായ തീരുമാനം ആശങ്ക വർധിപ്പിക്കുന്നുണ്ട്. മുനമ്പത്തെ കുടികിടപ്പുകാർ നിരപരാധികൾ. അവർക്ക് നീതി ലഭിക്കണം. പക്ഷെ, റിസോർട്ട് ഉടമകളും വമ്പൻ മാഫിയകളുമൊക്കെയാണ് ഭൂമി പിടിച്ചെടുക്കാന്‍ രംഗത്ത് ഉള്ളത്.
താത്പര്യങ്ങളുടേയും അഡ്ജസ്റ്റുമെന്റുകളുടേയും പുറത്ത് പരിഹാരം കാണേണ്ടതല്ല വഖഫ് സ്വത്തെന്നും. വിഷയത്തിൽ മതപരമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പണ്ഡിതന്മാർ വിഷയത്തിൽ ഇടപെടണം. സർക്കാരിന് തെറ്റ് പറ്റിയെങ്കിൽ തിരുത്തുകയും വേണം. പക്ഷെ, അത് വഖഫ് ഭൂമി ഏറ്റെടുത്ത് കൊണ്ടാകരുത് എന്നും ലേഖനത്തിൽ പറയുന്നു.
മുനമ്പത്തേത് വഖഫ് ഭൂമി തന്നെ ആണെന്നും 1950-ലാണ് അത് വഖഫായതെന്നും സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം വ്യാഴാഴ്ച പറഞ്ഞിരുന്നു. 404 ഏക്കർ ഭൂമിയാണ് മുനമ്പത്ത് വഖഫ് സ്വത്തായിട്ടുള്ളത്. വഖഫ് സ്വത്ത് വിൽക്കാൻപാടില്ല. അതറിയാതെ സ്ഥലംവാങ്ങിയവർക്ക് വിറ്റവരിൽനിന്ന് വില തിരികെവാങ്ങിക്കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടതുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
അറുപതോളം വരുന്ന റിസോർട്ടുകാരാണ് അവിടെ ആളുകളെ ഇളക്കിവിടുന്നത്. നിരപരാധികളായ കുടിയേറ്റക്കാരെ ഇതിൽ നിന്നും രക്ഷിക്കണം. അങ്ങനെയാണ് പ്രശ്നം പരിഹരിക്കേണ്ടത്. കോഴിക്കോട് ഫാറൂഖ് കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലവും വഖഫാണ്. അതുപ്പോലെ തന്റെ വാക്കുകൾ ചില ചാനലുകൾ നിരന്തരം വളച്ചൊടിക്കുകയാണെന്നും താൻ പറയുന്നതും സമസ്തയുടെ നിലപാടും ഒന്നുതന്നെയാണെന്നും ഉമർ ഫൈസി വ്യക്തമാക്കുന്നു. വിഷയത്തിൽ എന്തായാലും പ്രതിഷേധം നാല് ചുറ്റിൽ നിന്നും ആളിപടരുകയാണ്. വിഷയത്തിൽ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റണമെന്നും വർഗീയമായി ചേരിതിരിക്കല്ലെന്നും അധികൃതർ പറയുന്നു.