തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങുകളില്‍, പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷന്‍ സന്ദീപ് വാചസ്പതിയായിരുന്നു. തികച്ചും വ്യത്യസ്തവും പ്രധാനമന്ത്രിയുടെ സൂക്ഷ്മത വെളിപ്പെടുത്തുന്നതുമായ ഒരു അനുഭവമാണ് സന്ദീപ് പങ്കുവെച്ചത്.

ഒരു ദിവസം പ്രധാനമന്ത്രിയുടെ രണ്ട് പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്താനുള്ള അപൂര്‍വ്വ അവസരം ലഭിച്ചത് തനിക്കാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മോദിജി എന്തു കൊണ്ട് അമാനുഷികന്‍ ആകുന്നു എന്ന സംശയത്തിന് ഒരുത്തരം ഇന്നത്തെ പരിപാടിയില്‍ നിന്ന് ലഭിച്ചുവെന്നും വാചസ്പതി അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപന ചടങ്ങിലും പാര്‍ട്ടിയുടെ പ്രവര്‍ത്തക സമ്മേളനത്തിലുമായിരുന്നു സന്ദീപ് വാചസ്പതി പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയത്. പരിഭാഷ തുടങ്ങി മുപ്പതാം സെക്കന്റില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത ഇടപെടല്‍ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. സന്ദീപിന്റെ ശബ്ദം സദസ്സിന് വ്യക്തമായി കേള്‍ക്കുന്നില്ലെന്നും, അത് ശരിയാക്കാന്‍ മൈക്ക് ഓപ്പറേറ്ററോട് പറയണമെന്നും മോദി നിര്‍ദ്ദേശിക്കുകയായിരുന്നു. എങ്ങനെയാണ് പ്രധാനമന്ത്രിക്ക് അത് മനസ്സിലായതെന്ന് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് വാചസ്പതി പറഞ്ഞു. പരിഭാഷ മികച്ചതായിരുന്നെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പ്രധാനമന്ത്രിയുടെ ഒ.എസ്.ഡി. അശുതോഷ്ജിയും സുഹൃത്തുക്കളും അറിയിച്ചപ്പോള്‍ അഭിമാനവും സന്തോഷവുമുണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിജി എന്തു കൊണ്ട് 'അമാനുഷികന്‍' എന്ന് വിളിക്കപ്പെടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത്തരം ചെറിയ കാര്യങ്ങളിലെ അദ്ദേഹത്തിന്റെ വലിയ ശ്രദ്ധയെന്ന് സന്ദീപ് തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഉള്‍പ്പെടെ നാല് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. CSIR ഇന്നൊവേഷന്‍ ഹബ്ബ്, ശ്രീചിത്രയില്‍ റേഡിയോ സര്‍ജറി സെന്റര്‍, പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസ് എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തിലെ ബിജെപിയുടെ വിജയം കേരള രാഷ്ട്രീയത്തിലെ വലിയ മാറ്റത്തിന്റെ തുടക്കമാണെന്നും, ഗുജറാത്ത് മോഡല്‍ വികസനം കേരളത്തിലും സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ സ്വര്‍ണ്ണ നഷ്ടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റവാളികളെ ജയിലിലാക്കുമെന്നും മോദിജി ഉറപ്പ് നല്‍കി.

സന്ദീപിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരു ദിവസം പ്രധാനമന്ത്രിയുടെ രണ്ട് പ്രസംഗം പരിഭാഷപ്പെടുത്തുക എന്ന അപൂര്‍വ്വ സൗഭാഗ്യമാണ് എനിക്ക് ഇന്ന് കിട്ടിയത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപന ചടങ്ങിലും പാര്‍ട്ടിയുടെ പ്രവര്‍ത്തക സമ്മേളനത്തിലും Narendra Modi ജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. മോദിജി എന്തു കൊണ്ട് അമാനുഷികന്‍ ആകുന്നു എന്ന സംശയത്തിന് ഒരു ഉത്തരം കൂടി ഇന്നത്തെ പരിപാടിയില്‍ നിന്ന് കിട്ടി.

പരിഭാഷ തുടങ്ങി മുപ്പതാം സെക്കന്റില്‍ മോദിജിയുടെ ഇടപെടല്‍. സന്ദീപിന്റെ ശബ്ദം സദസിന് നന്നായി കേള്‍ക്കുന്നില്ല എന്നും അത് ശരിയാക്കാന്‍ മൈക്ക് ഓപ്പറേറ്ററോട് പറയണമെന്നും മോദിജി നിര്‍ദ്ദേശിച്ചു. അത്ഭുതത്തോടെ മാത്രമേ അത് അനുസരിക്കാന്‍ സാധിച്ചുള്ളൂ. എങ്ങനെയാണ് അദ്ദേഹത്തിന് അത് മനസിലായത് എന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല. പരിഭാഷ നന്നായി എന്ന് Rajeev Chandrasekhar ജി ഉള്‍പ്പെടെയുള്ള നേതാക്കളും പ്രധാനമന്ത്രിയുടെ ഒഎസ്ഡി അശുതോഷ്ജിയും സുഹൃത്തുക്കളും പറയുമ്പോള്‍ അഭിമാനം, സന്തോഷം. നന്ദി മോദിജി, രാജീവ്ജി എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന്.

പരിഭാഷ തുടങ്ങുന്നതിന് മുന്‍പ് മോദിജി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ് ചിത്രം