പാലക്കാട്: മൂന്ന് മുന്നണികളും ശക്തമായ പോരാട്ടത്തിന് ഒരുങ്ങുന്ന പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വീര്യം കെടുത്തി ബിജെപി നേതാക്കളുടെ തമ്മിലടി രൂക്ഷമാകുന്നു. പാര്‍ട്ടി നേതൃത്വത്തിന് എതിരെ പരസ്യ പ്രതികരണവുമായി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരും മറുപടിയുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്ത് വന്നതാണ് പ്രചാരണ രംഗത്തുള്ള ബിജെപി പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്നത്.

സംസ്ഥാന ബിജെപി നേതൃത്വത്തെ പിടിച്ചുലച്ച കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലും ശോഭ സുരേന്ദ്രന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും പിന്നാലെയാണ് സന്ദീപ് വാര്യരുടെ പരസ്യ പ്രതികരണവും സംസ്ഥാന അധ്യക്ഷന്റെ മറുപടിയും വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.

പാര്‍ട്ടിയില്‍ നിന്ന് അവഗണനയും അപമാനവും നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാര്‍ പാലക്കാടുണ്ടെന്നും അത്തരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള യാതൊരു ഇടപെടലും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചിരുന്നു. ബിജെപിയില്‍ ജനാധിപത്യ വിരുദ്ധ നടപടികളാണുണ്ടാകുന്നതെന്നും ഇനി പ്രതീക്ഷയില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നു പറഞ്ഞു. ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണ്. നടപടി നേരിടാന്‍ മാത്രം യോഗ്യതയുള്ള നേതാവല്ല താന്‍. പാലക്കാട് പ്രചാരണത്തിന് പോകില്ലെന്നും സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.

സന്ദീപ് വാര്യര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ രംഗത്തെത്തി. പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് പാര്‍ട്ടിയില്‍നിന്ന് അപമാനം നേരിട്ടെന്നതടക്കമുള്ള സന്ദീപിന്റെ വാക്കുകളില്‍ സുരേന്ദ്രന്‍ അതൃപ്തി പ്രകടിപ്പിച്ചു. കാത്തിരുന്ന് കാണാം എന്നായിരുന്നു ഇതേക്കുറിച്ച് കെ.സുരേന്ദ്രന്‍ പ്രതികരിച്ചത്.

നേതൃത്വത്തിനെതിരായ വിമര്‍ശനത്തില്‍ സന്ദീപിനെതിരെ ധൃതിവെച്ച് നടപടിയില്ലെന്ന് കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. കാത്തിരുന്ന് കാണൂ എന്ന് പറഞ്ഞ അദ്ദേഹം ഇപ്പോഴത്തെ വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയാകില്ലെന്നും പറഞ്ഞു. വീട്ടിലെ മരണകാര്യങ്ങള്‍ വരെ മാധ്യമങ്ങളിലൂടെ പുറത്തുപറയുന്നു. ഈ സമയത്ത് എന്തിനാണ് സന്ദീപ് ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

'ഒരാള്‍ പോയിട്ടും ബി.ജെ.പിക്ക് ഒന്നും സംഭവിച്ചില്ല. ഇപ്പോഴത്തെ മാധ്യമശ്രദ്ധയും വലിയ പരിവേഷവും വീരാരാധനയുമെല്ലാം എത്ര ദിവസം ഉണ്ടാവും? മാധ്യമങ്ങള്‍ എത്രദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ പോകും? നാളെ ഇതേ മാധ്യമങ്ങള്‍ അദ്ദേഹത്തെ ഉപേക്ഷിക്കില്ലേ? സി.പി.എമ്മിലും കോണ്‍ഗ്രസിലും എന്താണ് സ്ഥിതി? മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലേക്ക് ആരെങ്കിലും പോകുമോ? കേരളത്തിലെ ബി.ജെ.പിയില്‍നിന്ന് ഒരാള്‍ പോയിട്ട് എന്തുചെയ്യാനാണ്.' സുരേന്ദ്രന്‍ ചോദിച്ചു.

ഭാരതീയ ജനതാ പാര്‍ട്ടിയെന്നത് ഒരു സാധാരണ രാഷ്ട്രീയ കക്ഷിയല്ല. അതൊന്നും അറിയാതെ ചോദ്യങ്ങള്‍ ചോദിക്കരുത്. കൊടകര കുഴല്‍പ്പണക്കേസിനുപിന്നില്‍ കോണ്‍ഗ്രസും സി.പി.എമ്മുമാണ്. വസ്തുത ഇതാണ്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് വോട്ടെടുപ്പ് തീയതി മാറ്റിയതില്‍ ഒരു പ്രതിസന്ധിയുമുണ്ടാവില്ലെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സന്ദീപ് വാര്യര്‍ ഉന്നയിച്ചത് കടുത്ത വിമര്‍ശനം

സംസ്ഥാന അധ്യക്ഷന്‍ രണ്ടു തവണ വിളിച്ചിരുന്നുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. പാലക്കാട് പ്രചാരണത്തില്‍ സജീവമാകണമെന്ന് പറഞ്ഞിരുന്നു. തന്റെ പരാതികള്‍ അപ്പോള്‍ അറിയിച്ചിരുന്നെങ്കിലും പരിഹരിക്കാനുള്ള നടപടിയുണ്ടായില്ല. നടപടിയെടുക്കാന്‍ മാത്രം വലിയ നേതാവൊന്നുമല്ല. അതിനുള്ള യോഗ്യതയായിട്ടില്ല. വെറുമൊരു സംസ്ഥാന കമ്മിറ്റി അംഗം മാത്രമാണ്. എന്റെ നാട്ടിലെ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ തുടരും. ജാതിമത രാഷ്ട്രീയങ്ങള്‍ക്ക് അതീതമായിട്ടുള്ള പ്രവര്‍ത്തനമാണ് ഇവിടെ നടത്തിവരുന്നത്. അത് ഇവിടെ തുടരാന്‍ എനിക്ക് പ്രയാസമില്ല.

സിപിഎമ്മിലേക്കുള്ള ക്ഷണത്തെക്കുറിച്ച് അറിയില്ല. നിലവില്‍ ബിജെപിയുടെ പ്രവര്‍ത്തകനാണ് താന്‍. അപ്പോള്‍ അത്തരം കാര്യങ്ങളെക്കുറിച്ച് മറുപടി പറയേണ്ട കാര്യമില്ല. എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്. പാലക്കാട് ജില്ലയില്‍ നിരന്തരമായ അവഗണന, അധിക്ഷേപം, അപമാനം തുടങ്ങിയവ നേരിടേണ്ടിവന്നു. അത്തരമൊരു സാഹചര്യത്തില്‍ ആരാണ് ഇതിന് പിന്നിലെന്ന് സമാന്യ യുക്തിയുള്ളവര്‍ക്ക് ബോധ്യമാകുമെന്ന് സി കൃഷ്ണകുമാറിന്റെ പേര് പരാമര്‍ശിക്കാതെ സന്ദീപ് വാര്യര്‍ പറഞ്ഞു.

ബിജെപിയില്‍ ഇനി പ്രതീക്ഷയില്ലെന്നും പരിഗണന കിട്ടില്ലെന്ന് ഉറപ്പായതു കൊണ്ടാണ് തുറന്ന് പറഞ്ഞതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ആര് അനുനയിപ്പിക്കാന്‍ വന്നാലും ഇനി പ്രചാരണത്തിനില്ല. ഇപ്പോള്‍ ബി ജെ പി പ്രവര്‍ത്തകനായി തുടരുമെന്നും നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നുമായിരുന്നു സി പി എമ്മിലേക്ക് പോകുമോ എന്ന ചോദ്യത്തിനോട് സന്ദീപ് വാര്യരുടെ പ്രതികരണം. പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന അവഗണനയെ കുറിച്ച് എപ്പോഴാണ് പരാതി പറയേണ്ടത്. തെരഞ്ഞെടുപ്പിന്ന് ശേഷം പരാതി പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോയെന്നും സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പ്രശ്‌ന പരിഹാരം പ്രതീക്ഷിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

എന്‍ഡിഎ കണ്‍വെഷനില്‍ സി കൃഷ്ണകുമാറിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തനിക്ക് അവിടെ സീറ്റുണ്ടായിരുന്നില്ല. കണ്‍വെന്‍ഷന്‍ വേദിയില്‍ ഇരിപ്പിടം ഇല്ലെന്ന് സംസ്ഥാന നേതാവ് മുഖത്ത് നോക്കി പറഞ്ഞു. പാലക്കാട് നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥി. പ്രശ്‌നങ്ങളില്‍ ഇടപെട്ട് ആവശ്യമായ പരിഹാരം കാണാന്‍ താന്‍ അദ്ദേഹത്തോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.

മാറ്റിനിര്‍ത്തപ്പെട്ട ഒരുപാട് പേര്‍ പാലക്കാട് ബിജെപിയിലുണ്ട്. അവഗണന നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാര്‍ പാലക്കാടുണ്ട്. ജനാധിപത്യവിരുദ്ധ പ്രവണതയാണ് നടക്കുന്നത്.പാലക്കാട് കെ സുരേന്ദ്രന്‍ മത്സരിക്കണമെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. അങ്ങനെയായിരുന്നെങ്കില്‍ പ്രാദേശികമായ എതിര്‍പ്പുകള്‍ ഒഴിവാക്കാമായിരുന്നു.എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടായിരിക്കണം തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്നത്. നേതൃത്വം ഇടപെട്ടിരുന്നെങ്കില്‍ ഒരു വിളിയില്‍ പരിഹരിക്കാവുന്ന വിഷയമാണ് ഇത്രയും വഷളാക്കിയത്. ഒരൊറ്റ ഫോണ്‍ കോള്‍ കൊണ്ട് പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നു പറഞ്ഞു.