- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'നരേന്ദ്ര മോദി രാജ്യത്ത് ഭിന്നതയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ഭരണാധികാരി'; ഇന്നലെ വരെ 'നമോ' എന്നു വിളിച്ചു പുകഴ്ത്തിയ മോദിയെ സന്ദീപ് വാര്യര്‍ തള്ളിപ്പറഞ്ഞപ്പോള്‍ ബിജെപി സൈബര്‍ അണികളുടെ രോഷം അണപൊട്ടി; സൈബറിടങ്ങളില്‍ തെറിവിളികള്‍; ഫേസ്ബുക്ക് ഫോളോവേഴ്സും ഇടിഞ്ഞു
'നരേന്ദ്ര മോദി രാജ്യത്ത് ഭിന്നതയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ഭരണാധികാരി'
പാലക്കാട്: രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിക്കൊണ്ട് കോണ്‍ഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യര്‍ ഇന്നലെ കളം പിടിച്ചത്. ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനൊപ്പം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഇന്നലെ വിമര്‍ശനം ഉയര്‍ത്തി. നരേന്ദ്ര മോദി രാജ്യത്ത് ഭിന്നതയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ഭരണാധികാരിയാണെന്ന വിമര്‍ശനമാണ് സന്ദീപ് ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച മാധ്യമ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സന്ദീപ് അക്കാര്യം പറഞ്ഞത്.
രാജ്യത്തെ പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായമാണ് ഇപ്പോഴുള്ളത്. ആ അഭിപ്രായം എന്താണെന്ന് അറിയാമല്ലോ? സമൂഹത്തില്‍ ഭിന്നതയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന വിധത്തില്‍ ഒരു ഭരണാധികാരി പോകരുത് എന്നാണ് എന്റെ അഭിപ്രായം- സന്ദീപ് വ്യക്തമാക്കി. അതേസമയം മോദിയെ വിമര്‍ശിച്ച സന്ദീപിനോട് പരിവാറുകാര്‍ പൊറുത്തിട്ടില്ല. കടുത്ത വിമര്‍ശനമാണ് സൈബറിടത്തില്‍ ഇതോടെ സന്ദീപിനെതിരെ ഉയരുന്നത്. കാവിപ്പട ഗ്രൂപ്പില്‍ അടക്കം കടുത്ത വിമര്‍ശനമാണ് സന്ദീപിനെതിരെ ഉയരുന്നത്
അതേസമയം ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്ക് നിമിഷനേരംകൊണ്ട് നഷ്ടമായത് വന്‍ ഫോളോവേഴ്‌സിനെ നഷ്ടമായി. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പ് ഫേസ്ബുക്കില്‍ 318 K ഫോളോവേഴ്‌സാണ് സന്ദീപ് വാര്യര്‍ക്കുണ്ടായിരുന്നത്. ഇതോടെ ഒറ്റയടിക്ക് സന്ദീപിന്റെ ഫോളോവേഴ്‌സ് 304 K യിലേക്ക് ഇടിഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അണ്‍ഫോളോ ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയില്‍ സന്ദീപിന് തിരിച്ചടിയായത്. ഫോളോവര്‍മാരുടെ എണ്ണം ഇനിയും കുറയാനാണ് സാധ്യത.
കോണ്‍ഗ്രസിലെത്തി മണിക്കൂറുകള്‍ക്കകം സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലെ ബയോ തിരുത്തി. കോണ്‍ഗ്രസ് ക്യാംപിലെത്തി അംഗത്വമെടുത്തശേഷവും ഫേസ്ബുക്ക് പേജിലെ ബയോയില്‍ 'ബിജെപി സംസ്ഥാന കമ്മിറ്റി അംഗം' എന്ന് തുടര്‍ന്നതിനെ ബിജെപി പ്രവര്‍ത്തകര്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഇതുമാറ്റി 'കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍' എന്ന് തിരുത്തിയത്. എന്നാല്‍ സന്ദീപിന്റെ മുന്‍കാല പോസ്റ്റുകള്‍ തപ്പിയെടുത്ത് ട്രോള്‍ രൂപത്തില്‍ പ്രചരിപ്പിക്കുകയാണ് ഇടത്, ബിജെപി പ്രവര്‍ത്തകര്‍.
കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായപ്പോള്‍ സന്ദീപ് കുറിച്ച വരികളാണ് അതിലൊന്ന്. 'കീരിക്കാടന്‍ ജോസാണെന്ന് കരുതി കെപിസിസി പ്രസിഡന്റാക്കിയത് കീലേരി അച്ചുവിനെ' എന്ന അന്നത്തെ കുറിപ്പാണ് സുധാകരനൊപ്പമുള്ള സന്ദീപിന്റെ ചിത്രത്തിനൊപ്പം പ്രചരിക്കുന്നത്. കെപിസിസി യോഗത്തില്‍ കണ്ടുമുട്ടിയ സന്ദീപ് വാര്യരുടെയും ജ്യോതികുമാര്‍ ചാമക്കാലയുടെയും മീമുകളും വൈറലാണ്. ഇരുവരും തമ്മിലുണ്ടായ ചാനല്‍ ചര്‍ച്ചയിലെ വാടാ പോടാ വിളിയെ സൂചിപ്പിച്ചുള്ളതാണ് ഈ മീമുകള്‍.
പി. സരിനെ എല്‍.ഡി.എഫ് ക്യാമ്പിലെത്തിച്ച് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസിനെ സി.പി.എം. ഞെട്ടിച്ചതിന് പിന്നാലെയാണ് സന്ദീപ് വാര്യരുടെ ബി.ജെ.പി. നേതൃത്വത്തോടുള്ള അതൃപ്തി പുറത്തുവരുന്നത്. യു.ഡി.എഫിന് പിന്നാലെ ബി.ജെ.പി.ക്കും കൊടുക്കാവുന്ന ഒരടി അന്ന് സി.പി.എം. നേതൃത്വത്തിലെ ചിലരെങ്കിലും സ്വപ്നം കണ്ടു. സരിനെക്കുറിച്ച് പറഞ്ഞതുപോലെ സന്ദീപ് ആദ്യം നിലപാട് വ്യക്തമാക്കട്ടെ എന്ന് പറയുന്നതിനൊപ്പം സന്ദീപിനെ പുകഴ്ത്താനും സി.പി.എം. നേതാക്കള്‍ മറന്നില്ല. പക്ഷേ, സി.പി.എം. നേതാക്കളുമായി ചര്‍ച്ചയൊന്നും നടത്തിയില്ല എന്ന വാദത്തില്‍ സന്ദീപ് ഉറച്ചുനിന്നു.
സന്ദീപ് ശനിയാഴ്ച കോണ്‍ഗ്രസിലെത്തിയതോടെ സി.പി.എം. നേതാക്കള്‍ പതുക്കെ വാക്കുകള്‍ മാറ്റി. ആരെക്കുറിച്ചും മോശമായി ഒന്നും പറയാത്ത എ.കെ. ബാലന്‍ സന്ദീപിനെക്കുറിച്ചും അങ്ങനെ പറഞ്ഞതാവാമെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ ആദ്യ പ്രതികരണം. പിന്നീട് വര്‍ഗീയകാളിയന്‍ എന്ന വിശേഷണത്തോടെ വാക്കുകള്‍ കടുപ്പിക്കുകയും ചെയ്തു. ആര്‍.എസ്.എസ്. ഇടപെടലിനെത്തുടര്‍ന്ന് തത്കാലം സന്ദീപ് വാര്യര്‍ക്കെതിരേ നടപടിവേണ്ടെന്ന നിലപാടില്‍ ബി.ജെ.പി. നേതൃത്വം എത്തിയെങ്കിലും കെ. സുരേന്ദ്രന്റെയും സി. കൃഷ്ണകുമാറിന്റെയുമുള്‍പ്പെടെ പരാമര്‍ശങ്ങള്‍ സന്ദീപിന് രസിച്ചില്ലെന്നുവേണം പിന്നീടുണ്ടായ കാര്യങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍.
തിരഞ്ഞെടുപ്പുകഴിഞ്ഞാല്‍ തനിക്കെതിരേ നടപടി സന്ദീപ് വാര്യരും പ്രതീക്ഷിച്ചിരിക്കണം. പുറത്താര്‍ക്കും പിടികൊടുക്കാത്തവിധമായിരുന്നു കോണ്‍ഗ്രസ് നേതൃത്വവുമായുള്ള നീക്കം. ആര്‍.എസ്.എസ്. നേതാക്കള്‍ വീട്ടിലെത്തി നടത്തിയ അനുനയശ്രമത്തെത്തുടര്‍ന്ന് കുറച്ചുദിവസം സന്ദീപ് മൗനം പാലിച്ചതും നീക്കങ്ങള്‍ രഹസ്യമായിരിക്കാന്‍ സഹായിച്ചു. കോണ്‍ഗ്രസ് അനുകൂല അധ്യാപകസംഘടനയിലെ അംഗമായിരുന്നു സന്ദീപിന്റെ അമ്മ. 1999-2000-ത്തിലാണ് യുവമോര്‍ച്ചയിലൂടെ സന്ദീപ് വാര്യര്‍ പൊതുപ്രവര്‍ത്തകനാവുന്നത്. യുവമോര്‍ച്ച പഞ്ചായത്ത് സെക്രട്ടറി, ജില്ലാ വൈസ്പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബി.ജെ.പി. ഒറ്റപ്പാലം നിയോജകമണ്ഡലം സെക്രട്ടറി, ബി.ജെ.പി. വീവേഴ്‌സ് സെല്‍ ദേശീയ സമിതി അംഗം തുടങ്ങിയ ചുമതലകളും വഹിച്ചു.
സംസ്ഥാനത്തെ 40 വക്താക്കളില്‍ ഒരാളായിരുന്നു, നൂറ് സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഒരാളാണ് എന്നൊക്കെ വിശദീകരിച്ച് സന്ദീപ് വാര്യരുടെ വലിപ്പം കുറയ്ക്കാന്‍ ബി.ജെ.പി. നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളില്‍ ബി.ജെ.പി.യിലെ യുവതലമുറയുടെ നല്ലപിന്തുണ സന്ദീപിനുണ്ടായിരുന്നു. മാറിയ സാഹചര്യത്തില്‍ അത് എത്രമാത്രമെന്ന് പിന്നീടേ വ്യക്തമാവൂ.
കോണ്‍ഗ്രസിലേക്കുള്ള കടന്നുവരവ് ഉപാധിരഹിതമാണെന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കുമ്പോഴും അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെങ്കിലും പൂര്‍ണമായി വിശ്വസിക്കുന്നില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തിലേക്ക് സന്ദീപ് വാര്യരുടെ പേരെത്തുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല.