- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്കെതിരായ പോലീസ് കേസ് രാഷ്ട്രീയ പ്രേരിതം; അതിജീവിതയുടെ ഐഡന്റിന്റി വെളിപ്പെടുത്തിയിട്ടില്ല; പ്രധാന തെളിവായി പോലീസ് ചൂണ്ടിക്കാണിക്കുന്ന ഫോട്ടോ, വിവാഹം നടന്ന ദിവസം തന്നെ എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി സന്ദീപ് വാര്യര്‍
തനിക്കെതിരായ പോലീസ് കേസ് രാഷ്ട്രീയ പ്രേരിതം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ അതിജീവിതയുടെ ഐഡന്റിന്റി വെളിപ്പെടുത്തി എന്നാരോപിച്ച് തനിക്കെതിരെ കേസെടുത്തതില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ്് പോലീസ് തനിക്കെതിരെ ക്ള്ളക്കേസെടുത്തു എന്നു കാണിച്ചു സന്ദീപ് പരാതി നല്‍കിയത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ സൈബര്‍ പൊലീസെടുത്ത കേസില്‍ നാലാം പ്രതിയാണ് സന്ദീപ്. കേസില്‍ സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യ നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് സന്ദീപ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
തനിക്കെതിരായ കേസ് പകപോക്കലും കൃത്യവിലോപവുമാണെന്ന് സന്ദീപ് പരാതിയില്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ രാഷ്ട്രീയ പ്രേരിതവും വസ്തുതാപരമായി നിലനില്‍പ്പില്ലാത്തതുമാണ്. കേസില്‍ പരാതിക്കാരിയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തി എന്നാരോപിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ഈ പരാതിയുടെ അടിസ്ഥാനം. പോലീസധികാരത്തിന്റെ വ്യക്തമായ ദുരുപയോഗമാണ് ഈ നടപടിയിലൂടെ ഉണ്ടായിരിക്കുന്നത്.
പ്രധാന തെളിവായി പോലീസ് ചൂണ്ടിക്കാണിക്കുന്ന ഫോട്ടോ, വിവാഹം നടന്ന ദിവസം തന്നെ എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതാണ്. പ്രസ്തുത കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് വളരെ മുമ്പായിരുന്നു അത്. തീര്‍ത്തും നിരുപദ്രവകരമായ പോസ്റ്റ് പ്രസിദ്ധീകരിക്കുന്ന സമയത്ത്, ഫോട്ടോയിലുള്ള വ്യക്തി യാതൊരു നിയമനടപടികളിലും പരാതിക്കാരനോ ഇരയോ ആയിരുന്നില്ല. നിലവിലില്ലാത്ത ഒരു കേസിന്റെ പേരില്‍ നിയമം ലംഘിക്കാനുള്ള ക്രിമിനല്‍ ഉദ്ദേശ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും സന്ദീപ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
നിയമപരമായി പോസ്റ്റ് ചെയ്ത എന്റെ പഴയ പോസ്റ്റ് മറ്റുള്ളവര്‍ പരാതിക്കാരിയുമായി ബന്ധിപ്പിക്കാന്‍ ദുരുപയോഗം ചെയ്യുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍, ഞാന്‍ ആ ഫോട്ടോ ഉടന്‍ തന്നെ പരസ്യമായി ഡിലീറ്റ് ചെയ്യുകയാണ് ഉണ്ടായത്. പരാതിക്കാരിയുടെ വ്യക്തിവിവരം വെളിപ്പെടുത്തുന്നത് അനുചിതമാണ് എന്ന് തന്റെ രണ്ടാമത്തെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇത് നിയമവാഴ്ചയോടും വ്യക്തികളുടെ സംരക്ഷണത്തോടുമുള്ള എന്റെ പ്രതിബദ്ധത തെളിയിക്കുന്നതാണെന്നും സന്ദീപ് ചൂണ്ടിക്കാട്ടി.
ദുരുപയോഗം തടയാന്‍ സദുദ്ദേശ്യത്തോടെ എടുത്ത നടപടിയുടെ പേരില്‍ തന്നെ രാഷ്ട്രീയമായി കേസില്‍ കുടുക്കുകയായിരുന്നു. തനിക്കെതിരായ കേസും എഫ്‌ഐആറും തന്റെ ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുകയും, ഉത്തരവാദിത്തപരമായ എന്റെ നടപടിയെ ഒരു ക്രിമിനല്‍ കുറ്റമായി തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്. പോലീസിന്റെ സംവിധാനം രാഷ്ട്രീയ പകപോക്കലിനായി ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനും, ഈ വിഷയത്തില്‍ നീതി നടപ്പാക്കുന്നതിനും വേണ്ടി കേസിലെ എഫ്.ഐ.ആറില്‍ പരിശോധന വേണമെന്നും സന്ദീപ് വാര്യര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തല്‍, ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് സന്ദീപ് വാര്യര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍, അതിജീവിതയുടെ സ്വകാര്യ വിവരങ്ങള്‍ താന്‍ മനഃപൂര്‍വം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലും സന്ദീപ് വ്യക്തമാക്കിയത്. യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസാ പോസ്റ്റ്, ഒരു വര്‍ഷം മുന്‍പ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് മറ്റ് ചിലര്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഫോട്ടോ ഡിലീറ്റ് ചെയ്‌തെന്നും, അതിജീവിതയെ അപമാനിക്കുന്ന ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ജാമ്യാപേക്ഷയില്‍ വിശദീകരിക്കുന്നു.
കേസില്‍ ഒന്നാം പ്രതി മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ്. മറ്റൊരു പ്രതിയായ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിന് പിന്നാലെ, ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റ് നേതാക്കളെയും ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.




