കൊല്ലം: കുടിവെള്ളം കൊണ്ടു വരാനുള്ള യാത്രയ്ക്കിടെ കൊല്ലം പുത്തന്‍തുരുത്തില്‍ വള്ളം മറിഞ്ഞ് യുവതി മരിച്ചു. പുത്തന്‍തുരുത്ത് സ്വദേശിനി സന്ധ്യയാണ് മരിച്ചത്. മകനൊപ്പം കുടുവെള്ളം ശേഖരിക്കാന്‍ വള്ളത്തില്‍ പോയപ്പോഴാണ് അപകടമുണ്ടായത്.

രാവിലെയാണ് സന്ധ്യയും മകനും മത്സ്യബന്ധനത്തിന് ശേഷം കുടിവെള്ളമെടുക്കാനായി തൊട്ടടുള്ള ഐസ് പ്ലാന്റിലേക്ക് പോയത്. വെള്ളം ശേഖരിച്ച് മടങ്ങി വരുന്നതിനിടയിലാണ് വള്ളം മറിയുന്നത്. സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികള്‍ വന്നാണ് വള്ളത്തിന്റെ അടിയില്‍ നിന്ന് സന്ധ്യയെ പൊക്കിയെടുത്ത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാഴ്ചയായി കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് തുരുത്ത് നിവാസികള്‍ ചെറുവള്ളങ്ങളില്‍ മറുകരകളില്‍ എത്തിയാണ് വെള്ളം ശേഖരിക്കുന്നത്. ചവറ പാലത്തിനടുത്തുള്ള പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്നാണ് തുരുത്തിലേക്കുള്ള ജലവിതരണം നിലച്ചത്.

കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് തുരുത്ത് നിവാസികള്‍ ചെറുവള്ളങ്ങളില്‍ മറുകരകളില്‍ എത്തിയാണ് വെള്ളം ശേഖരിച്ചിരുന്നത്. ചവറ പാലത്തിനടുത്തുള്ള പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്നാണ് തുരുത്തില്‍ കുടിവെള്ളം ലഭിക്കാത്തത്. ഒന്‍പത് തുരുത്തുകളിലായി ഏകദേശം അഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. തുരുത്ത് നിവാസികളുടെ കുടിവെള്ള പ്രശ്‌നം കഴിഞ്ഞ കുറച്ചധികം നാളുകളായി ചര്‍ച്ചയാണ്. എന്നാല്‍ ഇതിനാവശ്യമായ ബദല്‍ സംവിധാനങ്ങള്‍ എത്തിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.

റേഷന്‍ പോലെയാണ് തങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നത് ഒരു കുടുംബത്തിനാവശ്യമായ വെള്ളം വേണ്ടവിധം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ തൊട്ടടുത്തുള്ള പ്ലാന്റുകളില്‍ നിന്നാണ് തുരുത്ത് നിവാസികള്‍ വെള്ളം ശേഖരിക്കുന്നത്. ശുദ്ധജലം കിട്ടാത്തത് ഇവരുടെ ദീര്‍ഘകാലമായുള്ള പ്രശ്‌നമാണ്. പുത്തന്‍തുരുത്തിന് അടുത്തുള്ള വക്കീല്‍തുരുത്തിലും ഇതേ അവസ്ഥയാണ്. ചീക്കല്‍തുരുത്തിലും പ്രശ്നമുണ്ടായിരുന്നു. നാട്ടുകാര്‍ കൂടി മുന്‍കൈ എടുത്ത് പൈപ്പ് സ്ഥാപിക്കുന്ന ജോലി ഏറ്റെടുത്താണ് അവിടുത്തെ പ്രശ്നം പരിഹരിച്ചത്.

ശാസ്താംകോട്ടയില്‍നിന്നുള്ള വെള്ളത്തിന്റെ വരവു കുറഞ്ഞതാണ് പ്രശ്‌നമെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്. ഈ പൈപ്പ് ലൈനില്‍നിന്ന് അനധികൃതമായി ചിലര്‍ വെള്ളം ചോര്‍ത്തുന്നതായും പരാതിയുണ്ട്. ഇതിനിടെയാണ് ചവറയിലെ പണിയും വന്നത്. ഇതോടെ വെള്ളം പൂര്‍ണ്ണമായും മുടങ്ങി.