കൊച്ചി: തിരുവാങ്കുളത്ത് മകളെ കൊലപ്പെടുത്തിയത് അമ്മ തന്നെ. ഈ കേസില്‍ അമ്മയ്ക്ക് മാത്രമേ പങ്കുള്ളൂവെന്ന നിഗമനത്തിലാണ് പോലീസ്. മകളെ പുഴയില്‍ എറിഞ്ഞത് താന്‍ തന്നെയാണെന്ന് അമ്മ കുറ്റസമ്മതം നടത്തി. അതിനിടെ സന്ധ്യയ്ക്ക് മാനസിക ബുദ്ധിമുട്ടില്ലായിരുന്നുവെന്ന് അമ്മ അല്ലി പ്രതികരിക്കുകയും ചെയ്തു. സന്ധ്യയെ ഭര്‍ത്താവ് സുഭാഷ് തല്ലുമായിരുന്നുവെന്നും അല്ലി പറഞ്ഞു. ''ഭര്‍ത്താവ് തല്ലുമ്പോള്‍ സന്ധ്യ എടുത്തുചാടി എന്തെങ്കിലും പറയും, പിന്നാലെ അവളെ ഭര്‍ത്താവ് കരണത്ത് അടിക്കും. ആറാം ക്ലാസില്‍ പഠിക്കുന്ന മൂത്ത കുട്ടി ഉള്‍പ്പെടെ രണ്ട് കുട്ടികളാണ് സന്ധ്യയ്ക്കുള്ളത്. സന്ധ്യ നോര്‍മല്‍ ആണോയെന്ന് അറിയാന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് സുഭാഷിന്റെ അമ്മയും അയല്‍ക്കാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദേഷ്യം വരുമ്പോള്‍ സന്ധ്യയ്ക്ക് എന്തോ പ്രശ്‌നമുണ്ടെന്ന സംശയം അവര്‍ക്കുണ്ടായിരുന്നു. പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റ് ചോദിച്ചത്. എന്നാല്‍ ഒരു കുഴപ്പവുമില്ല നിങ്ങള്‍ വിട്ടോയെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും ലില്ലി പറയുന്നു. ഇതോടെ സന്ധിയ്ക്ക് അമിത ദേഷ്യത്തിന്റെ പ്രശ്‌നമായിരുന്നുവെന്നാണ് പുറത്തു വരുന്ന സൂചന. അമ്മയ്‌ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.

സന്ധ്യയ്ക്ക് ഇത്തിരി ബുദ്ധി കുറവുണ്ടെന്നും അമ്മ ലില്ലി പറയുന്നു. പഠിക്കുന്ന സമയത്ത് കാര്യങ്ങള്‍ മനസിലാക്കാന്‍ സമയമെടുക്കുമെന്ന് അധ്യാപകര്‍ പറയുമായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് സന്ധ്യ പറഞ്ഞപ്പോള്‍ തന്നെ കള്ളത്തരമാണെന്ന് മനസിലായിരുന്നു. കുട്ടിയെ എന്തോ അവള്‍ ചെയ്‌തെന്ന് ഞങ്ങള്‍ക്ക് മനസിലായിരുന്നു. അത്തരം എടുത്തുചാട്ടങ്ങളുണ്ട്. എന്നാലും കൊല ചെയ്യുമെന്ന് കരുതിയില്ല. കല്യാണിയെ കണ്ട് കൊതി മാറിയിട്ടില്ല'' അല്ലി പറഞ്ഞു. സന്ധ്യയുടെയും സുഭാഷിന്റെയും വിവാഹം കഴിഞ്ഞിട്ട് 13 വര്‍ഷമായി. ചോദിച്ച് അറിയട്ടെ എന്നു പറഞ്ഞാണ് സന്ധ്യയെ പൊലീസ് കൊണ്ടുപോയത്. വീട്ടുകാര്‍ ആരും കൂടെ പോയില്ലെന്നും അല്ലി പറഞ്ഞു. മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയില്‍നിന്ന് അമ്മ കൂട്ടിക്കൊണ്ടുപോയ മൂന്നു വയസ്സുകാരിയുടെ മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ 2.20 ഓടെയാണ് കണ്ടെത്തിയത്. അതിനിടെ മൂത്ത കുട്ടിയെ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കൊല്ലാന്‍ സന്ധ്യ ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്. അയല്‍വാസിയാണ് ഈ മൊഴി നല്‍കിയത്.

മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലില്‍ പതിഞ്ഞു കിടക്കുകയായിരുന്നു കുട്ടിയുടെ മൃതദേഹം. തിരച്ചല്‍ തുടങ്ങി മൂന്നു മണിക്കൂറിനുള്ളിലാണ് കുഞ്ഞുണ്ണിക്കര യു കെ സ്‌കൂബ ടീം മൃതദേഹം കണ്ടെത്തിയത്. മറ്റക്കുഴി കീഴ്പിള്ളില്‍ സുഭാഷിന്റെ മകള്‍ കല്യാണിയെയാണ് തിങ്കളാഴ്ച വൈകീട്ട് കാണാതായത്. വൈകീട്ട് 3.30- ഓടെ പണിക്കരുപടിയിലുള്ള അങ്കണവാടിയില്‍നിന്ന് അമ്മ കല്യാണിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അമ്മയില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് മൂഴിക്കുളം മേഖലയില്‍ കുഞ്ഞിനായി രാത്രി വൈകിയും തിരച്ചില്‍ നടത്തുകയായിരുന്നു. അമ്മ കുഞ്ഞുമായി മൂഴിക്കുളത്തിനടുത്ത് ബസ് ഇറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. അമ്മ പരസ്പരവിരുദ്ധമായാണ് ആദ്യം പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. മൂഴിക്കുളം പാലത്തിനു സമീപം കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് ഇവര്‍ പറഞ്ഞു. അഗ്നിരക്ഷാസേനയും പ്രദേശവാസികളും പാലത്തിന് സമീപം പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു.

കുഞ്ഞിനെയും കൂട്ടി അമ്മ മടങ്ങിയെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. ഏഴു മണിയോടെ അമ്മ ഓട്ടോറിക്ഷയില്‍ കുറുമശ്ശേരിയിലെ സ്വന്തം വീട്ടിലെത്തിയെങ്കിലും കൂടെ കുട്ടിയുണ്ടായിരുന്നില്ല. ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ് കുട്ടിയുടെ അമ്മ. അതേസമയം, ഭര്‍തൃവീട്ടില്‍ യുവതിക്ക് പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മൂഴിക്കുളം മേഖലയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയും തിരച്ചില്‍ നടത്തിയിരുന്നു. ഈ ഭാഗത്ത് കുഞ്ഞിനെ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണിത്. മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലില്‍ പതിഞ്ഞു കിടക്കുകയായിരുന്നു കുട്ടിയുടെ മൃതദേഹം.

കുട്ടിയെ ഉപേക്ഷിച്ച ശേഷം അമ്മ തനിയെ ഓട്ടോറിക്ഷയില്‍ കിഴക്കേ കുറുമശ്ശേരിയിലുള്ള വീട്ടിലേക്ക് പോയതായാണ് പോലീസിന്റെ കണ്ടെത്തല്‍. പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പുഴയുടെ ഭാഗത്ത് കുട്ടിയെ ഉപേക്ഷിച്ചതായി അമ്മ പറഞ്ഞിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയതില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പോലീസ് നിഗമനം.