ബെംഗളൂരു: കന്നഡ സിനിമയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നിന്നും നടി സഞ്ജന ഗല്‍റാണിയെ കര്‍ണാടക ഹൈക്കോടതി ഒഴിവാക്കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ കോടതി കഴിഞ്ഞ വര്‍ഷം ജൂണില്‍ നിയമനടപടികള്‍ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ കേസില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

കേസില്‍ 2020ല്‍ സഞ്ജന അറസ്റ്റിലായിരുന്നു. ബെംഗളൂരു പൊലീസിന് കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആയിരുന്നു സഞ്ജനയെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിന് ശേഷമാണ് കേസില്‍ നടിക്ക് ജാമ്യം ലഭിച്ചത്. 2020 ഏപ്രിലിനും സെപ്റ്റംബറിനും ഇടയ്ക്ക് സഞ്ജന ലഹരി ഇടപാട് നടത്തിയെന്ന് ആരോപിച്ച് കോട്ടണ്‍പേട്ട് പൊലീസ് ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ സഞ്ജനയെ കൂടാതെ കന്നഡ നടി രാഗിണി ദ്വിവേദിയും മലയാളി നടന്‍ നിയാസ് മുഹമ്മദും നൈജീരിയന്‍ സ്വദേശികളും ഉള്‍പ്പെടെ 15 പേരെ അസ്റ്റ് ചെയ്തിരുന്നു. രാഗിണി ദ്വിവേദിയെ കഴിഞ്ഞ മാസം ഹൈക്കോടതി കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

2015, 2018, 2019 വര്‍ഷങ്ങളില്‍ ഇവര്‍ ചെയ്തെന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ കൂടി കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ ബന്ധങ്ങളിലേക്കും ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളിലേക്കും കേസ് അന്വേഷണം നീണ്ടിരുന്നു.