ഇടുക്കി: വ്യാജരേഖകള്‍ ചമച്ച് ഭൂമാഫിയ തട്ടിയെടുത്ത വാഗമണ്ണിലെ അഞ്ചേക്കര്‍ ഭൂമി 23 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിലൂടെ തിരിച്ചുപിടിച്ച് കൊല്‍ക്കത്ത സ്വദേശി. സ്വകാര്യ വ്യക്തികള്‍ കൈയ്യേറി റിസോര്‍ട്ടുകളും ഹോം സ്റ്റേയും നിര്‍മ്മിച്ച വാഗമണ്‍ കുരിശുമല ആശ്രമത്തിനു സമീപമുള്ള ഭൂമി പിടിച്ചെടുത്ത് കൊല്‍ക്കത്ത സ്വദേശിയായ സഞ്ജയ് മിത്രയുടെ പേരിലേക്ക് പോക്കുവരവ് ചെയ്തു നല്‍കാന്‍ പാലാ ആര്‍.ഡി.ഒയാണു ഉത്തരവിട്ടത്. ഭൂമാഫിയക്ക് സഹായം ചെയ്തു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്യോഗസഥരും ചേര്‍ന്നതോടെയാണ് നിയമ നടപടികള്‍ 23 വര്‍ഷം നീണ്ടത്.

പ്രശസ്ത വാസ്തുശില്‍പിയായിരുന്ന ലാറി ബേക്കറിന്റെ ഭാര്യ ഡോ എലിസബത്ത് ബേക്കറുടെ പക്കല്‍ നിന്നാണ് സഞ്ജയ് മിത്രയും ഭാര്യ സുമിത്ര മിത്രയും ചേര്‍ന്ന് 1989 ല്‍ വാഗമണ്ണില്‍ അഞ്ചേക്കര്‍ ഭൂമി വാങ്ങിയത്. അദ്ദേഹത്തിന്റെ കൂടെ മഹാരാഷ്ട്രയില്‍ ജോലി ചെയ്തിരുന്ന ഒരു മലയാളിയാണ് വാഗമണ്ണിലെ പ്രകൃതിരമണീയമായ സ്ഥലത്തിന്റെ കാര്യം സഞ്ജയ് മിത്രയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന്, തന്റെ അമ്മയുടെ ആഭരണങ്ങള്‍ വിറ്റ് അദ്ദേഹം ആ ഭൂമി വാങ്ങുകയായിരുന്നു. അദ്ദേഹം തന്റെ അമ്മയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തതും ആ മണ്ണിലായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നും ഇടയ്ക്കിടെ മാത്രമേ അദ്ദേഹം വാഗമണ്ണില്‍ വസ്തുവിലെത്തിയിരുന്നുള്ളൂ. അതിനിടെയാണ്, 1995 ല്‍ റീസര്‍വ്വേയുടെ മറവില്‍,വ്യാജ ആധാരങ്ങള്‍ ചമച്ച് ഭൂമി റവന്യൂ, രജിസ്ട്രേഷന്‍ അധികൃതരുടെ സഹായത്തോടെ ഭൂമാഫിയ പോക്കുവരവ് ചെയ്ത് തട്ടിയെടുത്തത്.

തന്റെ ഭൂമി ക്രമക്കേടിലൂടെ പലരുടേയും പേരിലാക്കി കരം അടയ്ക്കുന്ന വിഷയം സഞ്ജയ് മിത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അറിഞ്ഞത്. തുടര്‍ന്ന്, ഭൂമി തട്ടിയെടുത്തവര്‍ക്ക് എതിരേ സഞ്ജയ് മിത്ര ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയില്‍ 2002 ല്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. വ്യാജ ആധാരത്തിന്റെ മറവില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് ഭൂമാഫിയയും സഞ്ജയ് മിത്രയ്ക്ക് എതിരേ സിവില്‍ കേസ് നല്‍കി. സിവില്‍ കേസുകള്‍ അനന്തമായി നീളുന്ന സാഹചര്യം മുതലെടുക്കാനും ഭൂമാഫിയക്കു കഴിഞ്ഞു. 2004 ല്‍ സഞ്ജയ് മിത്ര നല്‍്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്നത്തെ പാലാ ആര്‍.ഡി.ഒ വ്യാജ പോക്കുവരവ് റദ്ദാക്കിയെങ്കിലും സിവില്‍ കേസുകള്‍ നിലവിലുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഭൂമി യഥാര്‍ത്ഥ ഉടമയുടെ പേരില്‍ പോക്കുവരവ് ചെയ്ത് നല്‍കിയില്ല. ഇതിനിടെ, സഞ്ജയ് മിത്രയുടെ ഭൂമിയില്‍ അനധികൃതമായി റിസോര്‍ട്ടുകളും ഹോം സ്റ്റേയും ഉയര്‍ന്നിരുന്നു. ഇതുവഴി ഭൂമാഫിയ വന്‍തോതില്‍ സാമ്പത്തികനേട്ടവും കൊയ്യുകയായിരുന്നു.

കോടതിയില്‍ ഹിയറിംഗുകള്‍ നീളുന്നതിനിടെ, സര്‍ക്കാരാണ് വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് പറഞ്ഞ് ഈരാറ്റുപേട്ട മുന്‍സിഫ് കോടതി 2007 ല്‍ രണ്ട് ഇന്‍ജക്ഷന്‍ ഹര്‍ജികളും തള്ളി. അതിനെതിരെ സഞ്ജയ് മിത്ര ഫയല്‍ ചെയ്ത അപ്പീലിലെ നടപടികള്‍ക്കെതിരെ ഭൂമാഫിയ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതിനിടെയാണ് വിവരാവകാശ പ്രവര്‍ത്തകനായ കോട്ടയം സ്വദേശി മഹേഷ് വിജയന്‍ സഞ്ജയ് മിത്രയുടെ സഹായത്തിനെത്തിയത്. ചെന്നൈ സ്വദേശിയായ സത്യ, വാഗമണ്‍ സ്വദേശിയായ കെ.ജെ ഷാന്‍ എന്നിവരും സഞ്ജയ് മിത്രക്ക് സഹായം നല്‍കാനെത്തി. നിയമ പോരാട്ടങ്ങള്‍ ശക്തമായപ്പോള്‍ ഭൂമാഫിയ ഒത്തുതീര്‍പ്പിനെത്തി. എട്ടു കോടി രൂപയോളം വില വരുന്ന ഭൂമിക്ക് 25 ലക്ഷം രൂപ നല്‍കാമെന്ന വാഗ്ദാനം സഞ്ജയ് മിത്ര നിരസിച്ചു.




സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന മുന്‍സിഫ് കോടതിയുടെ തീരുമാനം ശരി വച്ചുകൊണ്ട് 2022 മാര്‍ച്ചില്‍ പാലാ അഡീഷണല്‍ ജില്ലാക്കോടതി ഒന്നാം അപ്പീലില്‍ വിധി പുറപ്പെടുവിച്ചു. സഞ്ജയ് മിത്രയാണ് യഥാര്‍ഥ ഉടമയെന്ന് വ്യക്തമാക്കിയ കോടതി എതിര്‍കക്ഷികളുടേത് വ്യാജ ആധാരമാണെന്നും കണ്ടെത്തി. അതിനെതിരെ എതിര്‍കക്ഷികള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സിവില്‍ കേസുകള്‍ തീരുന്ന മുറയ്ക്ക് പോക്കുവരവ് ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കാമെന്ന 2004 ലെ ആര്‍.ഡി.ഒ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ക്കായി 2022 ല്‍ മീനച്ചില്‍ തഹസീല്‍ദാര്‍ക്ക് രേഖകള്‍ സഹിതം അപേക്ഷ നല്‍കി. സഞ്ജയ് മിത്രയുടെ മുന്നാധാരത്തില്‍ പറയുന്ന പൂഞ്ഞാര്‍ മഹാരാജാവ് നല്‍കിയ ഒരു പട്ടയത്തിന്റെ പകര്‍പ്പ് കൊടുത്താല്‍ മാത്രമേ വസ്തു പോക്കുവരവ് ചെയ്യാനാകൂയെന്ന വിചിത്രന്യായം പറഞ്ഞ് മീനച്ചില്‍ തഹസീല്‍ദാര്‍ 2023 നവംബറില്‍ പോക്കുവരവ് അപേക്ഷ തള്ളി. അതിനെത്തുടര്‍ന്നാണ് പാലാ ആര്‍.ഡി.ഒ മുന്‍പാകെ അപ്പീല്‍ നല്‍കിയത്.

ഇതിനിടയില്‍, നിയമ പോരാട്ടങ്ങള്‍ക്കായി മുന്നില്‍ നിന്ന വിവരാവകാശ പ്രവര്‍ത്തകനായ മഹേഷ് വിജയനെതിരെ ആക്രമണവുമുണ്ടായി. വാഗമണ്ണിലെ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് സര്‍വേ നടത്തി ഭൂമിയില്‍ സര്‍ക്കാര്‍ മിച്ചഭൂമി ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി മാത്രം ഒരു വര്‍ഷമെടുത്തു. തുടര്‍ന്നാണ്, ആധാരപ്രകാരമുള്ള ഭൂമി സഞ്ജയ് മിത്രക്ക് പോക്കുവരവ് ചെയ്ത് നല്‍കാന്‍ പാലാ ആര്‍.ഡി.ഒ ദീപ കെ.പി ഉത്തരവിട്ടത്. ഇനി താലൂക്കില്‍ നിന്നും ഭൂമി സബ്ഡിവിഷന്‍ ചെയ്താല്‍ ഉടന്‍ തന്നെ സഞ്ജയ് മിത്രയുടെ പേരില്‍ കരമടക്കാന്‍ കഴിയും.