- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യസമര സമയത്ത് കത്ര ഷേര്‍സിങ്ങിലെ വീട് അഗ്‌നിക്ക് ഇരയായി; മുത്തച്ഛന്‍ സരവ് ദയാലിന്റെ മരണശേഷം വീട് വിറ്റതായി വിവരം; അമൃത്സറില്‍ പോകുമ്പോഴെല്ലാം കുടുംബവീട് തേടി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന
കുടുംബവീട് തേടി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് സീനിയോരിറ്റി ഉണ്ടായിട്ടും അടിയന്തരാവസ്ഥയെ എതിര്‍ത്ത് വിധിന്യായം എഴുതിയതിന്റെ പേരില്‍ പരിഗണക്കപ്പെടാതെ പോയ സുപ്രീം കോടതി മുന്‍ ജഡ്ജ് എച്ച്.ആര്‍.ഖന്നയുടെ അനന്തരവനാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സഞ്ജീവ് ഖന്ന. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെക്കുകയും ഇല്ക്ട്രല്‍ ബോണ്ടുകള്‍ റദ്ദാക്കുകയും ചെയ്ത ഭരണഘടന ബെഞ്ചുകളുടെ ഭാഗമായിരുന്നു സഞ്ജീവ് ഖന്ന.
ചീഫ് ജസ്റ്റിസ് ഓഫിസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതും ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കേജ്രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം നല്‍കിയതും ഖന്നയുടെ ശ്രദ്ധേയമായ വിധികളാണ്.
സി.എ.എ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെ നിയമനം, വൈവാഹിക ബലാത്സംഗം, മുത്തലാഖ് തുടങ്ങി നിര്‍ണായകമായ ഒട്ടേറെ ഹര്‍ജികളില്‍ പുതിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തീരുമാനമെടുക്കേണ്ടിവരും. ഭരണഘടന ബെഞ്ച് രൂപീകരിച്ച് ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കാനായുള്ള നടപടി തുടങ്ങുമോയെന്നതും കേരളം മാത്രമല്ല രാജ്യമാകെയും ഉറ്റുനോക്കുന്നുണ്ട്.
രാജ്യത്തിന്റെ 51-ാംമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്ന് രാവിലെയാണ് സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, മന്ത്രിമാര്‍, മുന്‍ ചീഫ് ജസ്റ്റിസുമാര്‍, സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും സിറ്റിങ് ജഡ്ജിമാരും വിരമിച്ച ജഡ്ജിമാരും പങ്കെടുത്തിരുന്നു.
അതേ സമയം അമൃത്സറിലെ തന്റെ പൂര്‍വിക ഭവനം തേടിയുള്ള സഞ്ജീവ് ഖന്നയുടെ അന്വേഷണവും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ബാല്യകാലത്തില്‍ കണ്ടുമറന്ന ജാലിയന്‍ വാലാബാഗിനടുത്തുള്ള കത്ര ഷേര്‍സിങ്ങിലെ വീടാണ് ജസ്റ്റിസ് ഖന്ന കണ്ടെത്താന്‍ ശ്രമിക്കുന്നത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പുള്ള വീട് അദ്ദേഹത്തിന്റെ മുത്തച്ഛന്‍ സരവ് ദയാല്‍ നിര്‍മിച്ചതാണ്. കാലക്രമേണ, പ്രദേശം മാറിയെങ്കിലും ചീഫ് ജസ്റ്റിസ് ഖന്ന ഇപ്പോഴും തന്റെ മുത്തച്ഛന്‍ നിര്‍മിച്ച വീട് കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് ഖന്നയുടെ മുത്തച്ഛനും ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയുടെ പിതാവുമായ സരവ് ദയാല്‍ അദ്ദേഹത്തിന്റെ കാലത്തെ പ്രശസ്തനായ അഭിഭാഷകനായിരുന്നു.
ജാലിയന്‍ വാലാബാഗിനടുത്തുള്ള കത്ര ഷേര്‍സിങ്ങിലും ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസിയിലും രണ്ട് വീടുകള്‍ സരവ് ദയാല്‍ വാങ്ങിയിരുന്നു. കത്ര ഷേര്‍ സിങ്ങിലെ വീടാണ് ജസ്റ്റിസ് ഖന്ന കണ്ടെത്താന്‍ ശ്രമിക്കുന്നത്. 1947ല്‍ സ്വാതന്ത്ര്യസമര സമയത്ത്, കത്ര ഷേര്‍സിങ്ങിലെ വീട് അഗ്‌നിക്ക് ഇരയായെങ്കിലും പിന്നീട് മുത്തച്ഛന്‍ അത് പുനഃസ്ഥാപിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ഖന്നയ്ക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ പിതാവിനൊപ്പം ആ വീട് സന്ദര്‍ശിച്ചിരുന്നു. മുത്തച്ഛന്‍ എന്നര്‍ഥം വരുന്ന ബൗജി എന്നെഴുതിയ ഒരു ബോര്‍ഡ് വീട്ടില്‍ ഉണ്ടായിരുന്നു. സരവ് ദയാലിന്റെ മരണശേഷം അമൃത്സറിലെ വീട് 1970ല്‍ വിറ്റതായാണ് വിവരം.
അമൃത്സറില്‍ പോകുമ്പോഴെല്ലാം അദ്ദേഹം കത്ര ഷേര്‍ സിങ് സന്ദര്‍ശിക്കുകയും ആ വീട് അന്വേഷിക്കുകയും ചെയ്യുന്നു. അവധിക്കാലത്ത് സ്‌കൂള്‍ പുസ്തകങ്ങള്‍ കൊണ്ടുവരരുതെന്ന് മുത്തച്ഛന്‍ പറഞ്ഞിരുന്നത് ചീഫ് ജസ്റ്റിസ് ഖന്ന എപ്പോഴും ഓര്‍മിക്കുന്നു. താന്‍ പകര്‍ന്നു തരുന്ന പാഠങ്ങള്‍ പുസ്തകങ്ങളില്‍ പോലും കാണില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
ആറ് മാസം പദവിയില്‍
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയെ ശുപാര്‍ശ ചെയ്തത് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആയിരുന്നു. ശുപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി അംഗീകാരം ലഭിച്ചതിന് ശേഷമാണ് ജസ്റ്റിസ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
2025 മെയ് 13വരെ അദ്ദേഹം പദവിയില്‍ തുടരും. 2005 ജൂണില്‍ ദില്ലി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം, 2006ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്. സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ദില്ലി യൂണിവേഴ്സിറ്റി കാംപസ് ലോ സെന്ററില്‍ നിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്. 1983-ലാണ് ജസ്റ്റിസ് ഖന്ന അഭിഭാഷകനായി എന്റോള്‍ ചെയ്തത്.
1983ല്‍ ജില്ലാ കോടതിയില്‍ അഭിഭാഷകനായി തുടങ്ങിയ ഡല്‍ഹി സ്വദേശിയായ ഖന്ന 2005ല്‍ ഡല്‍ഹി ഹൈക്കോടതി അഡി. ജഡ്ജിയും അടുത്ത വര്‍ഷം സ്ഥിരം ജഡ്ജിയുമായി. ഹൈക്കോടതി ചീഫ് ജസ്റ്റിസാകും മുന്‍പുതന്നെ സുപ്രീം കോടതിയിലേക്ക് നിയമിക്കപ്പെട്ട ചുരുക്കം ചിലരില്‍ ഒരാളാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. 2019ലായിരുന്നു നിയമനം.