- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായ തുറക്കാന്‍ പറ്റാത്ത തരത്തില്‍ ജനിച്ച കുഞ്ഞിന് അതീവ ഗൗരവമായ വൈകല്യങ്ങള്‍; ഡോക്ടര്‍മാരേക്കാള്‍ ഗുരുതര പിഴവുണ്ടായത് ആ രണ്ട് സ്‌കാനിംഗ് സെന്ററുകളില്‍; അവസാന സ്‌കാനുകള്‍ എടുത്ത ശങ്കേഴ്സില്‍ സംഭവിച്ചത് ഞെട്ടിക്കുന്ന വീഴ്ച; ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ പ്രസവത്തില്‍ അന്വേഷണം പ്രത്യേക സംഘത്തിന്
ആലപ്പുഴ: ആലപ്പുഴയില്‍ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ ഗര്‍ഭകാലത്ത് അമ്മയെ ചികിത്സിച്ച നാലുഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുമ്പോഴും ഒരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിച്ച് വിവാദ സ്‌കാന്‍ സെന്റുകള്‍. ആലപ്പുഴ ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. ഗര്‍ഭകാലത്ത് സ്വകാര്യലാബില്‍ വെച്ച് നടത്തിയ സ്‌കാനിങ്ങില്‍ വൈകല്യങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതില്‍ ഗുരുതരമായ കൃത്യവിലോപമുണ്ടെന്ന് കുഞ്ഞിന്റെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. ചികില്‍സിച്ച ഡോക്ടര്‍മാരും സ്‌കാന്‍ റിപ്പോര്‍ട്ടുകളെയാണ് കുറ്റം പറയുന്നത്. വായ തുറക്കാന്‍ പറ്റാത്ത തരത്തില്‍ ജനിച്ച കുഞ്ഞിന് അതീവ ഗൗരവമായ വൈകല്യങ്ങള്‍ ഉണ്ടായിരുന്നിട്ടുപോലും സ്‌കാനിങ്ങിന്റെ ഒരുഘട്ടത്തില്‍ പോലും ഇത് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് പ്രധാന ആരോപണം. സര്‍ക്കാര്‍ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ പേരു പറഞ്ഞ് പ്രതിയാക്കി. പക്ഷേ സ്‌കാനിംഗ് സെന്ററിലെ ഡോക്ടര്‍മാരുടെ പേരില്ല.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അന്വേഷണം നടത്താന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാതലത്തിലുള്ള അന്വേഷണം ഇന്നലെ ആരംഭിച്ചു. സ്‌കാനിങ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തുന്നതാണ്. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി പറയുന്നു. സംഭവത്തില്‍ നേരത്തെ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തിരുന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
മിഡാസ് ഹെല്‍ത് കെയര്‍ സ്‌കാന്‍സ് ആന്റ് ലബോറട്ടറിയിലെ ഡോക്ടര്‍, ശങ്കേഴ്സ് ഹെല്‍ത്ത് സ്‌കാന്‍ ആന്‍ഡ് ഡയഗണോസിസിലെ ഡോക്ടര്‍ എന്നാണ് എഫ് ഐ ആറിലെ പേരുകള്‍. അതായത് ഏത് ഡോക്ടറാണെന്ന് കൃത്യമായി പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ സ്‌കാനിംഗ് സെന്റര്‍ ഏതെന്ന് വ്യക്തമാക്കി തന്നെയാണ് എഫ് ഐ ആര്‍. ആലപ്പുഴയിലെ രണ്ട് പ്രധാന ലാബുകളാണ് ഇവ. ഇവിടെ നടന്ന സ്‌കാനിംഗിനെതിരെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയത്. ഇതിനൊപ്പം ചികില്‍സാ പിഴവിലും പരാതിയുണ്ട്. ഇതു രണ്ടും പരിഗണിച്ചാണ് നാല് ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് എഫ് ഐ ആര്‍ ഇട്ടത്. രണ്ടിടത്തുമായി ഏഴ് സ്‌കാനുകള്‍ നടന്നു. ഇതില്‍ ആദ്യ മൂന്ന് സ്‌കാനുകള്‍ മിഡാസ് ഹെല്‍ത് കെയറിലാണ്. അവസാനത്തെ നാലും ശങ്കേഴ്‌സിലും. ശങ്കേഴ്‌സിലെ അവസാന ലാബ് റിപ്പോര്‍ട്ടിലൊന്നും പ്രശ്‌നം കണ്ടില്ലെന്നതാണ് ഞെട്ടിക്കുന്നത്. പക്ഷേ ഈ വിവാദത്തില്‍ കടപ്പുറത്തെ സര്‍ക്കാര്‍ ആശുപത്രി കേന്ദ്രീകരിച്ചാണ് പ്രതിഷേധങ്ങള്‍. ലാബുകളിലേക്ക് പ്രതിഷേധമോ പരിശോധനയോ എത്തുന്നില്ല. ആലപ്പുഴയിലെ സാധാരണക്കാര്‍ പ്രസവത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് കടപ്പുറത്തെ ആശുപത്രി. നിരന്തരം ആശുപത്രിയ്ക്കെതിരെ ചികിത്സാപ്പിഴവുകള്‍ ഉയരാറുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചോ വൈകല്യത്തെക്കുറിച്ചോ ഡോക്ടര്‍മാര്‍ ഒരു സൂചനയും തന്നില്ല എന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.
'' പ്രസവിച്ച് മൂന്നുദിവസം കഴിഞ്ഞാണ് കുഞ്ഞിനെ അടുത്ത് കിട്ടിയത്. ഗര്‍ഭകാലത്ത് ഏഴുതവണ സ്‌കാന്‍ ചെയ്തതാണ്. ഏഴുതവണയും പറഞ്ഞത് കുട്ടിക്ക് ഒരു കുഴപ്പവുമില്ല എന്നാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം വരെ സാധാരണഗതിയിലാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ ഇപ്പോള്‍ പറയുന്നത് കാര്‍ഡിയാക് ഡോക്ടറെ കാണിക്കാനാണ്. കുഞ്ഞ് ഇപ്പോള്‍ കണ്ണുതുറക്കുന്നില്ല, ഹൃദയത്തില്‍ ദ്വാരമുണ്ടെന്ന് പറയുന്നു. ജനനേന്ദ്രിയം നേരെയല്ല. ശ്വാസംമുട്ട് ഉണ്ട്. മലര്‍ത്തികിടത്താന്‍ പറ്റില്ല. ചെരിച്ചോ, കമഴ്ത്തിയോ മാത്രമേ കിടത്താന്‍ പറ്റുള്ളൂ. ട്യൂബിലൂടെയാണ് ഫീഡിങ് നടത്തുന്നത്. കൈയ്ക്കും കാലിനും വളവുണ്ട്. സ്‌കാനിങ്ങില്‍ ഒരു കുഴപ്പവുമില്ല, പിന്നെ ഞങ്ങള്‍ എങ്ങനെ കണ്ടുപിടിക്കാനാണ് എന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ ചോദിക്കുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് എല്ലാ സ്‌കാനിങ്ങും നടത്തിയിരുന്നു. സാധാരണഗര്‍ഭിണികളേക്കാള്‍ കൂടുതല്‍ പ്രാവശ്യം എനിക്ക് സ്‌കാനിങ് നിര്‍ദ്ദേശിച്ചിരുന്നു. അതെല്ലാം ചെയ്തിട്ടുണ്ട്. പ്രസവത്തിന് അഡ്മിറ്റായതിനുശേഷവും സ്‌കാനിങ് നിര്‍ദ്ദേശിച്ചിരുന്നു-അമ്മ പറയുന്നു.
ഒന്‍പതാം മാസത്തെ സ്‌കാനിങ്ങില്‍ വീണ്ടും ഫ്ലൂയിഡ് കൂടിയെന്നു പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഇത്. അടുത്തദിവസം വീണ്ടും സ്‌കാനിങ്. ഒടുവില്‍ കുട്ടിക്ക് അനക്കക്കുറവു പറഞ്ഞ് നവംബര്‍ രണ്ടിന് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. പരിശോധിച്ച റിപ്പോര്‍ട്ടുകള്‍ കാണിച്ചു. അംഗവൈകല്യമുണ്ടാകാമെന്ന് അവിടത്തെ ഡോക്ടര്‍ പറഞ്ഞു. വീണ്ടും സ്‌കാനിങ് നടത്തി. അനക്കമുണ്ടെന്നു പറഞ്ഞു. അങ്ങനെ എട്ടാംതീയതിവരെ തുടര്‍ന്നു. അന്ന് വീണ്ടും കുഞ്ഞിന് അനക്കക്കുറവു പറഞ്ഞ് സിസേറിയന്‍ നടത്താമെന്നായി. പുറത്തെടുത്ത ഉടന്‍ എന്‍.ഐ.സി.യു.വില്‍ കൊണ്ടുപോയിയെന്നും അമ്മ പറയുന്നു. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യ വിഭാഗം ഡയറക്ടര്‍ ഡിഎംഒയോട് റിപ്പോര്‍ട്ട് തേടി. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് ഡിഎംഒ ആവശ്യപ്പെട്ടത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സൂപ്രണ്ട് ഉടന്‍ ഡിഎംഒയ്ക്ക് കൈമാറും.
എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഡോ. പുഷ്പ പ്രതികരിച്ചു. ആദ്യ രണ്ട് മാസത്തിലാണ് കുട്ടിയുടെ അമ്മയെ ചികിത്സിച്ചത്. ഈ കാലയളവില്‍ ശിശുവന്റെ വൈകല്യം കണ്ടെത്താന്‍ കഴിയില്ല. അഞ്ചാം മാസത്തിലാണ് ഇതെല്ലാം തിരിച്ചറിയുന്നത്. ആ സമയത്ത് കുട്ടിയുടെ അമ്മ തന്റെ അടുത്ത് ചികിത്സയ്ക്ക് എത്തിയിട്ടില്ലെന്ന് ഡോ. പുഷ്പ പറഞ്ഞു.