കൊല്ലം: റിട്ട. ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ സി.പാപ്പച്ചനെ (81) ആശ്രാമത്ത് കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സരിതയുടെ വീട്ടിലെ റെയ്ഡില്‍ പോലീസിന് കിട്ടിയത് നിര്‍ണ്ണായക രേഖകള്‍. വിവിധ ധനകാര്യസ്ഥാപനങ്ങളിലെ പണമിടപാട് സംബന്ധിച്ച ഒട്ടേറെ രേഖകള്‍ പോലീസ് പിടിച്ചെടുത്തു. പ്രതികളില്‍ നിന്നും പോലീസ് വിശദ മൊഴി എടുക്കലും നടത്തി. ഇവര്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. മിനി മുത്തൂറ്റിലെ ജീവനക്കാരിയായിരുന്നു സരിത.

അഞ്ച് പ്രതികളുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. മൂന്നാംപ്രതി സരിത വാടകയ്ക്കു താമസിച്ചിരുന്ന തേവള്ളി മൃഗാശുപത്രിക്കു സമീപം കാവില്‍ ഹൗസില്‍ ഒന്നരയോടെയാണ് പോലീസ് എത്തിയത്. ഒന്നിലേറെ എയര്‍ കണ്ടിഷണറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ഇരുനില ആഡംബരവീടിന് മാസം ഇരുപതിനായിരത്തിലേറെ രൂപ വാടക ലഭിക്കുന്നതായി വീട്ടുടമസ്ഥന്‍ പറഞ്ഞു. സരിത ബാങ്കുകളില്‍ പണം നിക്ഷേപിച്ചതിന്റെ രേഖകള്‍ പോലീസ് പരിശോധിച്ചു. നാലാംപ്രതി അനൂപിന്റെ മരുത്തടിയിലെ വീട്ടില്‍ നിന്നും രേഖകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. പോളയത്തോട്ടില്‍ അനിമോന്റെയും ഹാസിഫിന്റെയും വീടുകളിലും പോലീസ് എത്തി. അരമണിക്കൂറിനുള്ളില്‍ ഇരുവീടുകളിലെയും പരിശോധന പൂര്‍ത്തിയാക്കി.

ഇനി തെളിവെടുപ്പും നടക്കും. സിറ്റി പോലീസ് കമ്മിഷണര്‍ വിവേക്കുമാറിന്റെ മേല്‍നോട്ടത്തില്‍ രണ്ടുദിവസങ്ങളിലായാണ് മൊഴിയെടുപ്പ് നടന്നത്. തിങ്കളാഴ്ചമുതല്‍ ആശ്രാമം ശ്രീനാരായണ കണ്‍വെന്‍ഷന്‍ സെന്ററിനു സമീപമുള്ള സംഭവസ്ഥലം, ഹൈസ്‌കൂള്‍ ജങ്ഷനിലെ ധനകാര്യസ്ഥാപനം, തേവള്ളി, പോളയത്തോട്, മരുത്തടി വാസുപിള്ള ജങ്ഷന്‍ എന്നിങ്ങനെ നഗരപരിസരത്തും തെളിവെടുപ്പ് നടത്തും. കൊലപാതകത്തിനുശേഷം ഒന്നാംപ്രതി അനിമോനും അഞ്ചാംപ്രതി ഹാസിഫും എറണാകുളം തമ്മനത്തെ ഹോട്ടലില്‍ തങ്ങിയിരുന്നു. അവിടെയും പ്രതികളെ എത്തിക്കും.

പ്രതികളുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും പൊലീസ് പറയുന്നു. ഇന്നു പ്രതികളുമായി തെളിവെടുപ്പു നടത്തും. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിക്കാന്‍ പാപ്പച്ചന്‍ നല്‍കിയ അരക്കോടിയിലധികം രൂപ തിരിമറി നടത്തിയത് കണ്ടുപിടിക്കാതിരിക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്ക് പുറമേ, സ്വന്തം നിലയില്‍ കൂടിയ പലിശയ്ക്കു പണം നല്‍കിയും സരിത വരുമാനം ഉണ്ടാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്നലെ പൊലീസിനു ലഭിച്ചു.

എന്നാല്‍, സരിതയുടെ ചില മൊഴികള്‍ പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പാപ്പച്ചനില്‍ നിന്നു തട്ടിയെടുത്ത പണത്തില്‍ കുറച്ചു ഭാഗം പലിശയ്ക്കു നല്‍കിയെന്നാണ് വിവരം. സരിത തിരിമറി നടത്തിയ 53 ലക്ഷം രൂപയില്‍ ഏകദേശം 20 ലക്ഷം രൂപ ക്വട്ടേഷന്‍ സംഘം കൈക്കലാക്കിയിരുന്നു. ബാക്കി തുകയാണ് പലിശയ്ക്കു നല്‍കിയിരുന്നത്. ധനകാര്യ സ്ഥാപനത്തിലെ മറ്റു നിക്ഷേപങ്ങളിലും തിരിമറി നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സരിതയ്ക്കു നല്‍കിയെന്നു പറയുന്ന 50 ലക്ഷത്തില്‍ അധികം രൂപയ്ക്കു പകരമായി നല്‍കിയ നിക്ഷേപ സര്‍ട്ടിഫിക്കറ്റിന്റെ സാധുത പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നു കണ്ടെത്തിയിരുന്നു. ധനകാര്യ സ്ഥാപനത്തിന്റെ രേഖ അനധികൃതമായി ഉപയോഗിച്ചതാണോ, അതോ വ്യാജമായി നിര്‍മിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജ രേഖ ചമയ്ക്കലില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.