- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷ്ണുജിത്തിനെ കൂനൂരില്‍ നിന്നും കണ്ടെത്തിയത് പെരുമ്പാവൂരില്‍ അമീറുള്‍ ഇസ്ലാമിനെ കുടുക്കിയ ശശിധരന്‍; അന്‍വറിന്റെ കോപം മലപ്പുറത്ത് നിന്നും പുറത്താക്കുന്നത് ഈ അന്വേഷണ മികവിനെ
2009-ല്‍ പാനായിക്കുളം എന്‍.ഐ.എ. കേസിലെ പ്രതി നിസാമിന് ജാമ്യം അനുവദിച്ചതിന്റെ പേരില്‍ ശശിധരന്‍ തന്നെ സസ്പെന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെന്ന് റിട്ട. മുന്‍സിഫ് മജിസ്ട്രേറ്റ് എം. താഹയും ആരോപണമുന്നയിച്ചു
വിഷ്ണുജിത്തിനെ കൂനൂരില്‍ നിന്നും കണ്ടെത്തിയത് പെരുമ്പാവൂരില്‍ അമീറുള്‍ ഇസ്ലാമിനെ കുടുക്കിയ ശശിധരന്‍; അന്‍വറിന്റെ കോപം മലപ്പുറത്ത് നിന്നും പുറത്താക്കുന്നത് ഈ അന്വേഷണ മികവിനെമലപ്പുറം: വിഷ്ണുജിത്തിനെ അതിവേഗം കണ്ടെത്തിയാണ് എസ് പി എസ് ശശിധരന്റെ മടക്കം. പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്കിടയിലും വിഷ്ണുജിത്തില്‍ പോലീസിന് പുതിയൊരു പൊന്‍തൂവല്‍ നല്‍കി എസ് പി. ഇനിയും സത്യത്തിനും നീതിക്കുംവേണ്ടി പോരാട്ടം തുടരുമെന്ന് മുന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ പറയുന്നു. ഒരു കൊല്ലത്തില്‍ത്താഴെയാണ് മലപ്പുറത്ത് ഉണ്ടായിരുന്നത്. ഇക്കാലത്ത് മുന്‍പെന്നത്തെയുംപോലെ സത്യസന്ധമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച ഉദ്യോഗസ്ഥനാണ് ശശിധരന്‍. എന്നാല്‍ രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ടവനാകാന്‍ കഴിഞ്ഞില്ല. ഇതു തന്നെയാണ് മ്ാറ്റത്തിന് കാരണമായത്. കഴിഞ്ഞവര്‍ഷം പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍ ശശിധരനെ കടുത്തഭാഷയില്‍ വിമര്‍ശിച്ചു. കേസുകളുടെ എണ്ണംകൂട്ടാന്‍ അനാവശ്യമായി കേസുകളെടുക്കുന്നുവെന്നായിരുന്നു ആരോപണം. ഈവര്‍ഷത്തെ പോലീസ് അസോസിയേഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ പി.വി. അന്‍വര്‍ എം.എല്‍.എ.യും ശശിധരനെ വേദിയിലിരുത്തി അവഹേളിച്ചു. അദ്ദേഹവും കേസുകളുടെ എണ്ണത്തില്‍ത്തന്നെയാണ് ഊന്നിയത്. സുജിത്ദാസിന്റെ കാലത്തുനടന്ന ഒരു കയര്‍മോഷണത്തിന്റെ പ്രതികളെ പിടികൂടിയില്ലെന്ന ആരോപണവും അന്‍വര്‍ ഉന്നയിച്ചു. ഇത് വിവാദമായി. സുജിത് ദാസിന്റെ പരിഹാസ ഫോണ്‍ സംഭാഷണമെത്തി. അങ്ങനെ ശശിധരന്‍ പുറത്തേക്കും.
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി സത്യത്തിന്റെയും നീതിയുടെയും വിജയമെന്ന് ഏവരും വിലയിരുത്തി. ഈ അന്വേഷണം നടത്തിയതും ശശിധരനാണ്. നിയമ വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ ശക്തമായ തെളിവുകളാണ് ശാസ്ത്രീയമായ റിപ്പോര്‍ട്ടിലൂടെ സമര്‍പ്പിച്ചത്. ഇരയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച പ്രതിയിലേക്ക് നയിക്കുന്ന തെളിവുകള്‍ ശക്തമായിരുന്നു. നഖത്തില്‍ നിന്ന് ലഭിച്ച ഡിഎന്‍എ തെളിവ്, പുറകുവശത്തെ കടിച്ച പാടില്‍ നിന്ന് കണ്ടെത്തിയ ഉമിനീര്‍, വസ്ത്രത്തില്‍ നിന്ന് ലഭിച്ച രക്തത്തിന്റെ ഡിഎന്‍എ, വീടിന്റെ കട്ടിലപ്പടിയിലെ രക്തത്തില്‍ നിന്ന് കിട്ടിയ ഡിഎന്‍എ ഉള്‍പ്പെടെ എല്ലാം ഒരാളുടേതായിരുന്നു. അങ്ങനെ അമീറുല്‍ ഇസ്ലാമിലേക്ക് കാര്യങ്ങളെത്തി. പ്രതിയെ പിടിക്കുകയും വധ ശിക്ഷ വാങ്ങി നല്‍കുകയും ചെയ്തു.
പെരുമ്പാവൂരിലെ അന്വേഷണം വലിയ വെല്ലുവിളിയായിരുന്നു. പ്രതിയെ കുറിച്ച് യാതൊരുവിധ സൂചനയും ഇല്ലായിരുന്നു. കൃത്യം നടത്തുന്നതിന് രണ്ട് ദിവസം മുമ്പ് പ്രതി അവന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇത് പ്രതിയിലേക്ക് എത്തുക എന്നത് ദുസ്സഹമാക്കി. സൈബര്‍ പരിശോധനകളിലൂടെ പ്രതിയിലേക്ക് എത്താന്‍ കഴിയാതെ വന്നു. എന്നാല്‍ മനുഷ്യനിലൂടെ ലഭിച്ച തെളിവിലൂടെ കേസ് അന്വേഷണം പുര്‍ത്തിയാക്കാനായി. ഹൈക്കോടതിയില്‍ നിന്ന് പോലും വധശിക്ഷ ശരിവച്ച വിധിയുമെത്തി. അങ്ങനെ കേരളം ഏറെ ചര്‍ച്ച ചെയ്ത കേസിലെ അന്വേഷണ മികവുള്ള ശശിധരനെയാണ് മലപ്പുറത്ത് നിന്നും മാറ്റുന്നത്. അപ്പോഴും ആരോടും ശശിധരരന് പരിഭവമില്ല.
മലപ്പുറത്തുനിന്ന് കാണാതായ പ്രതിശ്രുത വരന്‍ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി നാട്ടിലെത്തിച്ചത് ശശിധരന്റെ മറ്റൊരു അന്വേഷണ മികവാണ്. വിവാഹച്ചെലവുകള്‍ക്ക് പണം തികയില്ലെന്ന ചിന്തയിലാണ് നാടുവിട്ടതെന്ന് വിഷ്ണുജിത്ത് പൊലിസിനോട് പറഞ്ഞു. വിഷ്ണുജിത്ത് വിഷാദ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായും പൊലിസ് അറിയിച്ചു. പലരോടും കടമായി പണം ചോദിച്ചെങ്കിലും ഒന്നും ലഭിച്ചില്ലെന്നും അതോടെ മാനസികമായി തകര്‍ന്നുവെന്നും വിഷ്ണുജിത്ത് പൊലിസിന് മൊഴി നല്‍കി. ഒരു ലക്ഷം രൂപയില്‍ 10,000 രൂപ വീട്ടിലേക്ക് അയച്ചുവെന്നും, ബാക്കി പണത്തില്‍ അമ്പതിനായിരം രൂപ നഷ്ട്ടപ്പെട്ടുവെന്നും വിഷ്ണുജിത്ത് പറയുന്നു. തമിഴ്നാട്ടിലെ ഒരു വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ വീട്ടിലേക്ക് വിളിക്കണമെന്ന ചിന്തയിലാണ് ഫോണ്‍ ഓണ്‍ ആക്കിയതെന്ന് വിഷ്ണുജിത്ത് പറഞ്ഞു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഊട്ടി ടൗണില്‍ നിന്നാണ് വിഷ്ണു ജിത്തിനെ പൊലിസ് കണ്ടെത്തിയത്.
ഈ മാസം നാലിനാണ് വിഷ്ണുജിത്തിനെ കാണാതായത്. വിവാഹത്തിന് മൂന്ന് ദിവസം മുന്‍പ് പണത്തിന്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല. ആറുദിവസമായി കാണാതിരുന്ന വിഷ്ണുജിത്തിനെ ഊട്ടി കൂനൂരില്‍ നിന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട് ബസ്റ്റാന്റില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. ഇന്നലെ രാത്രി വിഷ്ണുവിന്റെ ഫോണ്‍ ഓണ്‍ ആയതാണ് ആളെ കണ്ടെത്താനുള്ള വഴിയൊരുക്കിയത്. ഒടുവില്‍ ഇന്ന് ഉച്ചയോടെ പ്രത്യേക അന്വേഷണസംഘം വിഷ്ണുവിനെ കുനൂരില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഈ അന്വേഷണം ഏകോപിപ്പിച്ചത് ശശിധരനാണ്. വിഷ്ണുജിത്തിനെ കണ്ടെത്തിയതിന് പിന്നാലെ ശശിധരനെ മാറ്റുന്ന ഉത്തരവും മലപ്പുറത്തേക്ക് എത്തിയെന്നതാണ് വസ്തുത.
2008ല്‍ മലപ്പുറത്ത് അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി.യായി ചുമതലവഹിച്ചിട്ടുള്ള എസ്. ശശിധരന്‍ 2023 നവംബര്‍ 22-നാണ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റത്. എസ്. സുജിത്ദാസ് സ്ഥലംമാറിപ്പോയ ഒഴിവിലായിരുന്നു അത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ. ഗവര്‍ണര്‍ക്കെതിരേ നടത്തിയ പ്രക്ഷോഭത്തില്‍ സര്‍വകലാശാലയ്ക്കുള്ളില്‍ ബാനര്‍ കെട്ടിയതില്‍ ഗവര്‍ണര്‍ കടുത്തഭാഷയില്‍ എസ്.പി.യെ ശകാരിച്ചത് വാര്‍ത്തയായിരുന്നു. സുജിത് ദാസിന്റെ കാലത്ത് ക്യാമ്പ് ഓഫീസില്‍നിന്ന് മരം മുറിച്ചുകടത്തിയെന്ന പരാതിയില്‍ നടപടിയെടുക്കാത്തതിന്റെ കുറ്റവും എത്തി.
2009-ല്‍ പാനായിക്കുളം എന്‍.ഐ.എ. കേസിലെ പ്രതി നിസാമിന് ജാമ്യം അനുവദിച്ചതിന്റെ പേരില്‍ ശശിധരന്‍ തന്നെ സസ്പെന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെന്ന് റിട്ട. മുന്‍സിഫ് മജിസ്ട്രേറ്റ് എം. താഹയും ആരോപണമുന്നയിച്ചു. പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെ മലപ്പുറം എസ് പി എസ്.ശശിധരനെ സര്‍ക്കാര്‍ സ്ഥലംമാറ്റുമ്പോള്‍ അതിലെ രാഷ്ട്രീയം വ്യക്തമാണ്. അന്‍വറിനെ തൃപ്തിപ്പെടുത്തുകയാണ് ലക്ഷ്യം. എസ്.പിയടക്കം ജില്ലാ പൊലീസില്‍ വ്യാപക അഴിച്ചുപണിയാണ് ആഭ്യന്തരവകുപ്പ് നടത്തിയത്. ഡിവൈ എസ് പിമാര്‍ മുതലുള്ളവര്‍ക്ക് സ്ഥലംമാറ്റമുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ചടക്കം സബ്ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്കും സ്ഥാനചലനമുണ്ടായി.
ഡിവൈ.എസ്.പി വി.വി ബെന്നിയെയും സ്ഥലംമാറ്റി. പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. പൊലീസിലെ അഴിച്ചുപണിയില്‍ തൃപ്തനാണെന്നാണ് പി.വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചത്.മലപ്പുറം മുന്‍ എസ് പിയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുമായ എസ്.സുജിത് ദാസിനെ അന്‍വറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സസ്പെന്‍ഡ് ചെയ്തിരുന്നു. എസ്.പി എസ്.ശശിധരനെതിരെ പറഞ്ഞതില്‍ മാപ്പ് പറയില്ലെന്ന് മുന്‍പ് അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ശശിധരന്‍ നമ്പര്‍ വണ്‍ സാഡിസ്റ്റാണെന്നും ഈഗോയിസ്റ്റാണെന്നുമായിരുന്നു അദ്ദേഹം ആരോപിച്ചത്. നല്ല ഓഫീസറല്ലെന്നും പൂജ്യം മാര്‍ക്കേ നല്‍കൂ എന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു. എസ്.പിയോട് മാപ്പ് പറയില്ലെന്നും കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട് , ഇനിയും വേണോ മാപ്പ്' എന്നുമായിരുന്നു അന്‍വര്‍ മുന്‍പ് നടത്തിയ പ്രതികരണം.