കോട്ടയം : അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച കേസില്‍ കോട്ടയത്ത് ഇസ്രയേലി സ്വദേശി പിടിയിലാകുമ്പോഴും അട്ടിമറികളൊന്നും നടന്നില്ലെന്ന നിഗമനത്തില്‍ പോലീസ്. ഇസ്രയേല്‍ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്. ഇസ്രയേലില്‍നിന്നു കുമരകത്ത് എത്തിയ ഇയാള്‍ അവിടെനിന്ന് തേക്കടിയിലേക്ക് ഭാര്യയുമായി പോകുന്ന യാത്രാമധ്യേ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള സാറ്റലൈറ്റ് ഫോണ്‍ ആണ് ഉപയോഗിച്ചത്. വിനോദ സഞ്ചാരികളുടെ മൊഴിയില്‍ പോലീസ് നിലവില്‍ ദുരൂഹത കാണുന്നില്ല. എങ്കിലും വിശദ അന്വേഷണം നടത്തും.

ഇന്റലിജന്‍സ് വിഭാഗം മുഖേനയാണ് പൊലീസിനു വിവരം ലഭിച്ചത്. പിന്നാലെ ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടി. ഇന്റലിജന്‍സും എന്‍ഐഎ ഉദ്യോഗസ്ഥരും പൊലീസും ചോദ്യം ചെയ്തു. സാറ്റലൈറ്റ് ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു നിയമ നടപടികള്‍ക്ക് ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ത്യന്‍ ആര്‍മിയുടെ നിരീക്ഷണത്തില്‍, മുണ്ടക്കയം മേഖല കേന്ദ്രീകരിച്ച് സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിന്റെ ഭാഗമായി, പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോട്ടയം ജില്ലാ അതിര്‍ത്തിയില്‍ സ്വകാര്യ ടാക്‌സി കാറില്‍ യാത്ര ചെയ്ത ഇരുവരെയും മുണ്ടക്കയം പോലീസാണ് കസ്റ്റഡിയിലെടുത്തത്.

ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയതാണെന്നും സ്ഥലപരിചയം കുറവായതിനാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ടെത്താനാണ് ഫോണ്‍ ഉപയോഗിച്ചതെന്നും ഇവര്‍ മൊഴി നല്‍കി. ഇവിടെ ഇതിന് നിരോധനമുള്ള കാര്യം അറിയില്ലായിരുന്നെന്നും ഇവര്‍ പറഞ്ഞു. ഫോണ്‍ പരിശോധിച്ചതില്‍, മറ്റ് നിയമവിരുദ്ധപ്രവൃത്തികള്‍ ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് കേസെടുക്കാതെ ഇവരെ വിട്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാകേഷ് പറഞ്ഞു.

ഇസ്രയേലില്‍ നിന്നും കുമരകത്ത് എത്തിയ ഇയാള്‍ അവിടെനിന്ന് തേക്കടിയിലേക്ക് ഭാര്യയ്‌ക്കൊപ്പം പോകുന്ന വഴിയില്‍ ആണ് പിടിയിലായത് ഇന്റലിജന്‍സും പൊലീസും ഇയാളെ ചോദ്യം ചെയ്തിരുന്നു. ആലപ്പുഴയില്‍ എത്തിയ ഇയാള്‍ സാറ്റലൈറ്റ്ഫോണ്‍ ഉപയോഗിച്ചതോടെ ആര്‍മിയുടെ ടെലികോം വിഭാഗം, അനധികൃത സിഗ്‌നല്‍ കണ്ടെത്തുകയായിരുന്നു. ഇസ്രയേലി പൗരന്‍ ദുബായില്‍ നിന്നാണ് ഫോണ്‍ നിന്നാണ് വാങ്ങിയത്. മലയിലും കാട്ടിലും പോകുമ്പോള്‍ ഉപയോഗിക്കാനായാണ് വാങ്ങിയതെന്നാണ് വിശദീകരണം.

തുറായ കമ്പനിയുടേതായിരുന്നു സാറ്റലൈറ്റ് ഫോണ്‍. കേരളത്തില്‍ ഇന്റര്‍നെറ്റ് ദുര്‍ബലമായതിനാല്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് ഇസ്രായേലിലേക്ക് വിളിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയതായി പോലിസ് അറിയിച്ചു. ഇസ്രായേലിന്റെ പൗരത്വത്തിന് ഒപ്പം ജര്‍മന്‍ പൗരത്വവും ഇയാള്‍ക്കുണ്ട്.