- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിപ്പു കാറ്റില്‍ പറത്തി സഭയില്‍ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തി; സംഘപരിവാര്‍ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് അവര്‍ക്ക് നാലര ലക്ഷം ഭൂരിപക്ഷം നല്‍കിയത്; തത്തമ്മേ പൂച്ച എന്ന മട്ടില്‍ പെരുന്നാള്‍ ആശംസ പറഞ്ഞാല്‍ തൃപ്തിയാകില്ല; വഖഫ് ബില്ലില്‍ വിട്ടു നിന്ന പ്രിയങ്ക ഗാന്ധിക്കെതിരെ സമസ്ത നേതാവ്
വിപ്പു കാറ്റില്‍ പറത്തി സഭയില്‍ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തി
തിരുവനന്തപുരം: വഖഫ് ബില്ലിന്റെ അവതരണ ദിനത്തില്‍ വയനാട് അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ലോക്‌സഭയിലെത്താത്തത് കേരളത്തില്‍ സജീവ ചര്‍ച്ചായകുന്നുന്നു. മുസ്ലിംലീഗ് അടക്കം വിഷയത്തില്‍ പ്രിയങ്കയുടെ നിലപാടില്‍ അതൃപ്തിയിലാണ്. ഇതിനിടെ പ്രിയങ്കക്കെതിരെ വിമര്‍ശനവുമായി സമസ്തയും രംഗത്തുവന്നു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂരാണ് പ്രിയങ്കക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
സുപ്രധാനബില്‍ അവതരണ വേളയില്‍ കോണ്‍ഗ്രസ് വിപ്പു പോലും കാറ്റില്‍ പറത്തി സഭയില്‍ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തിയെന്നാണ് സത്താര്‍ പന്തല്ലൂരിന്റെ പറയുന്നത്. രാജ്യത്തെ സംഘപരിവാര്‍ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് അവര്‍ക്ക് നാലര ലക്ഷം ഭൂരിപക്ഷം നല്‍കിയത്. തത്തമ്മേ പൂച്ച എന്ന മട്ടില്‍ പെരുന്നാള്‍ ആശംസ പറഞ്ഞാല്‍ 48% മുസ്ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കില്‍ അതു ഭോഷ്‌കാണെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സത്താര്‍ പന്തല്ലൂര്‍ പ്രിയങ്കയെ വിമര്‍ശിച്ചത്.
സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
മുസ്ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ അടിത്തറ തകര്‍ക്കുക എന്ന ഫാസിസ്റ്റ് അജണ്ടയുടെ ആദ്യ കടമ്പ കേന്ദ്രഭരണകൂടം ലോകസഭയില്‍ പിന്നിട്ടു. ഉത്തരേന്ത്യന്‍ മുസ്ലിം സമൂഹം കഴിഞ്ഞ 9 നൂറ്റാണ്ടുകളായി ആര്‍ജ്ജിച്ച പൈതൃക മൂലധനമാണ് സംഘി ഭരണം കൊത്തിവലിക്കാന്‍ ഒരുമ്പെടുന്നത്.
രാത്രി പകലാക്കിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്നു പുലര്‍ച്ചെ 288 നെതിരെ 232 വോട്ടുകള്‍ വഖഫ് ബില്ലിനെതിരെ രേഖപ്പെടുത്തി. ഗൗരവ് ഗൊഗോയും, കെസി വേണുഗോപാലുമടങ്ങിയ കോണ്‍ഗ്രസ് നേതൃനിരയും ഇന്ത്യമുന്നണിയും ലോകസഭയില്‍ കാണിച്ച പേരാട്ട വീര്യം എടുത്തു പറയേണ്ടതാണ്. മതേതര ഇന്ത്യയില്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല.
2014 വരെ ന്യൂനപക്ഷ വിഷയങ്ങളില്‍ ഏകോദര സഹോദരങ്ങളെ പോലെ മുന്നോട്ടു പോയവരാണ് കേരളത്തിലെ മുസ്ലിം - ക്രൈസ്തവ സമുദായങ്ങള്‍. എന്നാല്‍ മോദിയുടെ രണ്ടാമൂഴത്തിനു ശേഷം സംഘികളുടെ മുസ്ലിം വിരുദ്ധ കോറസ് ഏറ്റുപാടാന്‍ സീറോമലബാര്‍ സഭ മുന്നോട്ടു വന്നു തുടങ്ങി. ചരിത്രമറിയാവുന്നവര്‍ക്ക് അതില്‍ അല്‍ഭുതമില്ല. ഹോളോകോസ്റ്റിനും ജൂത ഉന്‍മൂലത്തിനും ഹിറ്റ്‌ലര്‍ക്കൊപ്പം നിന്ന ചരിത്രമുള്ളവരാണ് കത്തോലിക്ക സഭ. സ്വാതന്ത്ര്യപൂര്‍വ്വ കാലത്ത് ബ്രിട്ടീഷ് വിധേയരായിരുന്ന അവരുടെ നിലപാടുകള്‍ സ്വാതന്ത്ര്യ സമരത്തെ ദുബലപ്പെടുത്തിയില്ല എന്നതു പോലെ പുതിയ ഫാസിസ്റ്റ് വിരുദ്ധസമരത്തിനും അത് ഭീഷണിയാവില്ല. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിനു പിന്നില്‍ പാറ പോലെ ഉറച്ചുനിന്നവര്‍ ഇന്ന് അവരെ കയ്യൊഴിയാന്‍ കാരണങ്ങള്‍ തേടുകയാണ്.
സഭയുടെ അവസരവാദം വിശ്വാസികളെ പൂര്‍ണ്ണമായി ബാധിച്ചിട്ടില്ല. ഈ വിടവ് നികത്താന്‍ ഏഷ്യാനെറ്റ് മുണ്ടു മുറുക്കുന്നുണ്ട്. മുനമ്പം വിഷയം കാരണമാണ് വഖഫ് ബില്‍ ഉണ്ടായത് എന്നു വരെ തീവ്ര വലതുപക്ഷ ഡീപ്‌സ്റ്റേറ്റിന്റെ മലയാള സംപ്രേഷണം വാദിച്ചു പോരുകയാണ്. കേരള മുസ്ലിംകളുടെ വിഭവശേഷിയും പൊതുബോധവും ഇത്തരം സംഘി- കൃസംഘി രസക്കൂട്ടുകളെ തിരിച്ചറിയാന്‍ സമയമായിട്ടുണ്ട്.
കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ എന്‍.കെ പ്രേമചന്ദ്രനും, ഹൈബി ഈഡനും, ഇ.ടി മുഹമ്മദ് ബഷീറുമൊക്കെ സഭയില്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് സുദായാംഗങ്ങള്‍ എന്നും നന്ദിയുള്ളവരാണ്. പക്ഷെ സുപ്രധാനബില്‍ അവതരണ വേളയില്‍ കോണ്‍ഗ്രസ് വിപ്പു പോലും കാറ്റില്‍ പറത്തി സഭയില്‍ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തി. രാജ്യത്തെ സംഘപരിവാര്‍ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് അവര്‍ക്ക് നാലര ലക്ഷം ഭൂരിപക്ഷം നല്‍കിയത്.
തത്തമ്മേ പൂച്ച എന്ന മട്ടില്‍ പെരുന്നാള്‍ ആശംസ പറഞ്ഞാല്‍ 48% മുസ്ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കില്‍ അതു ഭോഷ്‌കാണ്. കേരളത്തിലെ മുസ്ലിം സമുദായ പ്രതിനിധിയായി കോണ്‍ഗ്രസ് നല്‍കിയ ടിക്കറ്റില്‍ ജയിച്ചത് ഷാഫി പറമ്പിലാണ്. ഇഖ്‌റാ ചൗധരിയെയും, ഇമ്രാനെയും, ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും മണിപ്പൂര്‍ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസും, ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടക്കൊക്കെ വായ്പ കിട്ടുമോ എന്ന് അന്വേഷിക്കാവുന്നതാണ്. കെട്ട കാലത്തെ മുസ്ലിം പ്രാതിനിധ്യമെന്നാല്‍ റീല്‍സും കിഞ്ചന വര്‍ത്തമാനവും, ബാലന്‍സ് കെ നായര്‍ ഉഡായിപ്പുകളുമല്ല.
വഖഫ് ബില്ലുമായി ബന്ധപ്പെട്ട് എം പിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിരുന്നു എങ്കിലും ബില്ലിന്റെ ചര്‍ച്ചയിലോ വോട്ടെടുപ്പിലോ പ്രിയങ്ക പങ്കെടുത്തിരുന്നില്ല. അതേസമയം, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഒരു വിശദീകരണവും നല്‍കിയിട്ടില്ല.
വഖഫ് ബില്ലിന്റെ ചര്‍ച്ച തുടങ്ങുമ്പോള്‍ സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും ലോക്‌സഭയിലെത്തിയിരുന്നില്ല. എന്നാല്‍, പിന്നീട് അദ്ദേഹം ലോക്‌സഭയിലെത്തിയെങ്കിലും ബില്ലില്‍ ഇടപെട്ട് സംസാരിച്ചില്ല. 14 മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവിലാണ് വഖഫ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. 288 പേരാണ് ലോക്‌സഭയില്‍ ബില്ലിനെ അനുകൂലിച്ചത്. 232 പേര്‍ എതിര്‍ത്തു. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമാണ് വോട്ടെടുപ്പ് നടത്തിയത്.
ആശങ്കകള്‍ അനാവശ്യമെന്നും പ്രതിപക്ഷം മുസ്‌ലിങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കിരണ്‍ റിജിജു ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞിരുന്നു. കേരളത്തില്‍നിന്നുള്ള എം പിമാര്‍ അടക്കം പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളും തള്ളി. അതേസമയം, ഇന്ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. അതേസമയം, വഖഫ് ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ പാസായതോടെ മുനമ്പം സമരപന്തലില്‍ ആഹ്ലാദപ്രകടനവുമുണ്ടായി. പുലര്‍ച്ചെ സമരപ്പന്തലിന് സമീപം പടക്കം പൊട്ടിച്ചായിരുന്നു ആഘോഷം. സമരം ഉടന്‍ അവസാനിപ്പിക്കില്ലെന്നും വഖഫ് ഭേദഗതി നിയമമായി പ്രാബല്യത്തില്‍ വന്നശേഷം മാത്രം തീരുമാനമെന്നും സമരസമിതി വ്യക്തമാക്കി.