- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്ര പെട്ടന്ന് പോകുമെന്ന് കരുതിയില്ല; കഴിഞ്ഞ തവണ കണ്ടപ്പോള്‍ ആരോഗ്യം ക്ഷയിച്ച തനിക്ക് മതിയായി എന്ന് പറഞ്ഞിരുന്നു; നമുക്ക് തിരിച്ചുവരാം എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്; ശ്രീനിവാസന്റെ ഓര്‍മ്മകളില്‍ വാക്കുകള്‍ മുറിഞ്ഞ് സത്യന്‍ അന്തിക്കാട്; സിനിമയില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത ആളെന്ന് മുകേഷും; അനുസ്മരിച്ചു സുഹൃത്തുക്കള്‍
ഇത്ര പെട്ടന്ന് പോകുമെന്ന് കരുതിയില്ല
കൊച്ചി: അന്തരിച്ച നടന്‍ ശ്രീനിവാസനെ അനുസ്മരിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒന്നും പ്രതികരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ് താനെന്നും എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ശ്രീനിവാസനോട് താന്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. കഴിഞ്ഞ ദിവസം തന്നോട് 'എനിക്ക് മതിയായി' എന്ന് പറഞ്ഞിരുന്നുവെന്നും അത് നോക്കിയിട്ട് കാര്യമില്ല, നമുക്ക് തിരിച്ചുവരാം എന്നാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
'ഒന്നും പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും സംസാരിക്കാറുണ്ടായിരുന്നു. മിനിഞ്ഞാന്നും സംസാരിച്ചു. അതിനിടയ്ക്ക് പുളളി ഒന്ന് വീണു. നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. സര്‍ജറി കഴിഞ്ഞു. വിളിച്ചപ്പോള്‍ നടക്കാന്‍ തുടങ്ങിയെന്ന് പറഞ്ഞു. രണ്ടാഴ്ച്ച കൂടുമ്പോള്‍ വീട്ടില്‍ പോയി ശ്രീനിവാസനൊപ്പം സമയം ചിലവഴിക്കുമായിരുന്നു. ചിന്തകളും ബുദ്ധിയുമൊക്കെ ഇപ്പോഴും ഷാര്‍പ്പായിരുന്നു. കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞു എനിക്ക് മതിയായി എന്ന്. ഞാനപ്പോള്‍ പറഞ്ഞു അത് നോക്കിയിട്ട് കാര്യമില്ല നമുക്ക് തിരിച്ച് വരാമെന്ന്': വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ സത്യന്‍ അന്തിക്കാട് വിതുമ്പി.
സിനിമയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്തയാളാണ് ശ്രീനിവാസനെന്ന് നടനും എംഎല്‍എയുമായ മുകേഷ്. ഒരു തിരക്കഥ വായിച്ചാല്‍ 10 ചോദ്യങ്ങളെങ്കിലും ചോദിക്കുന്ന, അതിന് മറുപടി ലഭിച്ചാല്‍ മാത്രം മുന്നോട്ട് പോവുന്നയാളായിരുന്നു ശ്രീനിവാസനെന്ന് മുകേഷ് അനുസ്മരിച്ചു. ശ്രീനിവാസന്റെ അടുത്ത് പോവാന്‍ ഭയമായിരുന്നു. അത്രയും ഷാര്‍പ്പായിരുന്നു ശ്രീനിവാസന്‍. ശ്രീനിവാസനെ കുറിച്ച് ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. 43 വര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും ചെറിയ നീരസം പോലുമില്ലാത്ത സുഹൃത്തായിരുന്നു ശ്രീനിവാസന്‍. സൃഷ്ടികള്‍ പോലെ തന്നെ ശ്രീനിവാസന്റെ ചിരിയും പ്രസിദ്ധമായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
താനുമായി ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ സഹോദരന്റെ വേര്‍പാട് വേദനയുണ്ടാക്കുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ അനുസ്മരിച്ചു. ലോകത്തിന്റെ ഏത് കോണില്‍ മലയാളികള്‍ ഉണ്ടോ അവരെല്ലാം ഒരു ദിവസം ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് എങ്കിലും പറയാതെ, ഓര്‍ക്കാതെ കടന്ന് പോകില്ല. 'ദാസാ ഓരോന്നിനും അതിന്റേതായ സമയം ഉണ്ട് മോനേ...' തുടങ്ങി മലയാളികള്‍ എന്നും ഓര്‍ക്കുന്ന എത്ര എത്ര ഡയലോഗുകള്‍. ഇനി ഇതുപോലെ ഒരു കലാകാരനെ നമ്മള്‍ക്ക് കിട്ടില്ല. ഓരോ രചനകളും മലയാളികളെ സംബന്ധിച്ചിടത്തോളം ചിരികള്‍ മാത്രമല്ല സമ്മാനിച്ചത്, അവരെ ചിന്തിപ്പിക്കുക കൂടിയാണ് ചെയ്തത്. തീരാ നഷ്ട്ടമാണെന്നും ഈ വിടവ് ഒരിക്കലും മലയാളികള്‍ക്ക് നികത്താന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
സംവിധായകന്‍ എന്ന നിലയിലുള്ള ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. സാധാരണ മനുഷ്യന്റെ ജീവിതം വളരെ അര്‍ത്ഥവത്തായി കേരളത്തിന്റെ മലയാളി മനസ്സുകളില്‍ അവതരിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള കോംബോ. മലയാള സിനിമയെ വാനോളം ഉയര്‍ത്തിയ ഒട്ടേറെ സമയങ്ങളുണ്ടായെന്നും അഭിനയത്തില്‍ സൗന്ദര്യശാസ്ത്രത്തിന് പങ്കില്ലെന്ന് തെളിയിച്ച നടനാണ് ശ്രീനിവാസനെന്നും മന്ത്രി സജി ചെറിയാന്‍ അനുസ്മരിച്ചു.
അഭിപ്രായ വ്യത്യാസങ്ങള്‍ പറയുമ്പോഴും മനസ് നിറയെ പുതിയ ലോകം രൂപപ്പെടണമെന്ന് ശ്രീനിവാസന്‍ ആഗ്രഹിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അങ്ങനെയൊരു മനുഷ്യസ്‌നേഹിയെയാണ് നഷ്ടമായത്. എത്ര ഗൗരവമുള്ള വിഷയവും സരസമായി അവതരിപ്പിച്ച അതുല്യ പ്രതിഭാ ശാലിയായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യരുടെ ജീവിതം കൃത്യമായി അവതരിപ്പിക്കാന്‍ കഴിവുള്ള പ്രതിഭയായിരുന്നു. ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ബഹുമതികളോടെ നടക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ശ്രീനിവാസന്റെ വിയോഗം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.




