റിയാദ്: ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വന്ഡ വരവേല്‍പ്പ് ഒരുക്കി സൗദി അറേബ്യ. പ്രസിഡന്റിന്റെ വിമാനമായ എയര്‍ഫോഴ്സ് വണ്‍ സൗദി അതിര്‍ത്തിയില്‍ പ്രവേശിച്ചതോടെ എഫ്-15 വിമാനങ്ങളുടെ അകമ്പടിയോടെയാണ് വരവേറ്റത്. സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍സല്‍മാന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ട്രംപിനെ സ്വീകരിച്ചത്. പിന്നിട് റിയാദിലെ രാജകുടുംബത്തിലെ കൊട്ടാരത്തിലും ട്രംപിന് ഗംഭീര സ്വീകരണമാണ് നല്‍കിയത്.

സൗദിയുടെ സൈനിക ശക്തി വിളിച്ചോതുന്ന തരത്തിലുള്ള ചടങ്ങുകളുടെ അകമ്പടിയോടെയാണ് രാജകുമാരന്‍ ട്രംപിനെ വരവേറ്റത്. ട്രംപിന് സല്യൂട്ട് നല്‍കാനായി സൈന്യം അണിനിരന്നിരുന്നു. കുതിരപ്പട ട്രംപിന് വാഹനവ്യൂഹത്തിന് മുന്നില്‍ ഉണ്ടായിരുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള

പരവതാനി വിരിച്ചാണ് സ്വീകരണം ഒരുക്കിയിരുന്നത്. അത്യപൂര്‍വ്വ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ഗംഭീര വിരുന്നും ട്രംപിനായി സല്‍മാന്‍ രാജകുമാരന്‍ ഒരുക്കിയിരുന്നു.




ട്രംപ് തന്റെ ഒപ്പമുള്ള പ്രതിനിധി സംഘത്തെ സല്‍മാന്‍ രാജകുമാരന് പരിചയപ്പെടുത്തിക്കൊടുത്തു. തുടര്‍ന്ന ്ഇരു രാജ്യങ്ങളും തമ്മിലുള്ള ഔപചാരിക ചര്‍ച്ചകള്‍ക്ക് തുടക്കമായി. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്, എലോണ്‍ മസ്‌ക് എന്നിവരുള്‍പ്പെടെ ട്രംപിന്റെ വിശ്വസ്തരായ വലിയൊരു സംഘമാണ് സൗദിയില്‍ എത്തിയിരിക്കുന്നത്. സൗദി അറേബ്യ അമേരിക്ക ഒരു ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സൗദി 600 ബില്യണ്‍ ഡോളര്‍ അമേരിക്കയിലെ വിവിധ സംരംഭങ്ങളില്‍ നിക്ഷേപിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ അന്തിമതീരുമാനമാകും എന്നാണ് കരുതപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുളള നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രംപ് ആദ്യം എത്തിയിരിക്കുന്നത് സൗദി അറേബ്യയിലാണ്. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഖത്തറും യു.എ.ഇയും സന്ദര്‍ശിക്കും. മൂന്ന് രാജ്യങ്ങളുമായി പരമാവധി സാമ്പത്തിക കരാറുകളില്‍ ഏര്‍പ്പെടാനാണ് ട്രംപിന്റെ നീക്കമെന്നാണ് പറയപ്പെടുന്നത്. അമേരിക്കയില്‍ നിന്ന് ഏറ്റവും അത്യാധുനിക പോര്‍വിമാനമായ എഫ്-35 സ്വന്തമാക്കാന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നുണ്ട്.

ഒപ്പം കോടിക്കണക്കിന് ഡോളര്‍ വില വരുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളും സൗദി അമേരിക്കയില്‍ നിന്ന് സ്വന്തമാക്കും. ട്രംപിന്റെ ഭരണകാലത്ത് തന്നെ ഇവയെല്ലാം സ്വന്തമാക്കാനാണ് സൗദി ആഗ്രഹിക്കുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ട്രംപിന്റെ ആദ്യ ഭരണകൂടത്തിന്റെ ഏറ്റവും വലിയ വിദേശനയ നേട്ടങ്ങളിലൊന്നായ അബ്രഹാം കരാറില്‍ സൗദിയേയും ഉള്‍പ്പെടുത്താനാണ് സൗദി ഭരണകൂടം ആഗ്രഹിക്കുന്നത്. ഗാസയില്‍ ഇപ്പോള്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധവും അവസാനിപ്പിക്കാന്‍ സൗദി അറേബ്യയും മുന്‍കൈ എടുത്തിരുന്നു. കഴിഞ്ഞ ദിവസം സൗദിയില്‍ നടന്ന സൗദി-അമേരിക്ക നിക്ഷേപ ഫോറത്തില്‍ ലോകകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കും അമേരിക്കയിലെ പ്രമുഖ വ്യവസായികളും പങ്കെടുത്തിരുന്നു.




സൗദിക്ക് ഇതിനകം തന്നെ അമേരിക്കയില്‍ വലിയ നിക്ഷേപമുണ്ട്, അതില്‍ 100 ബില്യണ്‍ ഡോളറിലധികം ട്രഷറി ബോണ്ടുകളാണ്. ട്രംപിന്റെ കുടുംബത്തിനും ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍തോതില്‍ നിക്ഷേപമുണ്ട്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദ്ദേഹത്തിന്റെ മക്കളായ എറിക്, ഡോണ്‍ ജൂനിയര്‍ എന്നിവരാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ദുബായിലും ജിദ്ദയിലും ട്രംപ് ബ്രാന്‍ഡഡ് റെസിഡന്‍ഷ്യല്‍ ടവറുകളും ആരംഭിച്ചിട്ടുണ്ട്.

അതേ സമയം ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശനവേളയില്‍ അവിടുത്തെ രാജകുടുംബം ട്രംപിന് ഒരു ആഡംബര ജെറ്റ് വിമാനം സമ്മാനമായി നല്‍കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഖത്തറിന്റെ സമ്മാനം സ്വീകരിക്കരുതെന്നാണ് ട്രംപിന്റെ വിശ്വസ്തരായ അനുയായികള്‍ പോലും ആവശ്യപ്പെടുന്നത്.