കൽപ്പറ്റ: സോഷ്യൽ മീഡിയയിൽ നിരവധി സേവ് ദ് ഡേറ്റ് വീഡിയോകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇതുപോലൊരു വീഡിയോ ആരും കാണാൻ സാധ്യതയില്ല. കാലത്തിനനുസരിച്ച് മാറുന്ന മനുഷ്യൻ സ്വന്തം ആചാര അനുഷ്ടാനങ്ങൾ പോലും മറന്നു കൊണ്ടാണ് വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകൾ നടത്തുന്നത്. ഇവയെല്ലാം കാത്തു സൂക്ഷിച്ചു കൊണ്ടുള്ള ഒരു സേവ് ദ് ഡേറ്റ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

'മെയ് മാസ 29 ക്കു ഏങ്കള കല്യാണാഞ്ചു..ഒക്കളും വന്തൊയി മക്കളെ...' എന്നാണ് ഈ വീഡിയോയുടെ ടൈറ്റിൽ. ഇത് വായിച്ചു ഞെട്ടേണ്ട...കാരണം വയനാട്ടിലെ ആദിവാസി വിഭാഗത്തിന്റെ ഭാഷയാണിത്. അവരുടെ ഭാഷയിൽ ഇങ്ങനെ പറഞ്ഞാൽ 'മെയ് മാസം 29-ന് ഞങ്ങളുടെ കല്ല്യാണമാണ് എന്നാണ്. എല്ലാവരും കല്ല്യാണത്തിന് വരണം' എന്നുമാണ്. ഗോത്ര വിഭാഗത്തിലെ മാധ്യമപ്രവർത്തകനായ അവനീതിന്റെയും അഞ്ജലിയുടെയും വിവാഹമാണ് ഈ മാസം.

കാട്ടിനുള്ളിൽ ചിത്രീകരിച്ച മനോഹരമായ ചിത്രീകരണവും, പരമ്പരാഗതമായ അവരുടെ വസ്ത്രധാരണവുമാണ് വീഡിയോയെ ആകർഷിപ്പിക്കുന്നത്. പരമ്പരാഗത രീതിയിൽ വിവാഹം നടത്തുന്നത് ഇപ്പോൾ ഊരിൽ കുറവാണെന്നും അതിനെ പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ ഒരു സേവ് ദ ഡേറ്റ് വീഡിയോ ചെയ്തുനോക്കിയതെന്നും അവനീത് പറയുന്നു. കാട്ടിനുള്ളിൽ ചിത്രീകരിക്കാൻ പ്രത്യേക അനുമതി നേടേണ്ടി വന്നു. അതിനായി കുറച്ച് കഷ്ടപ്പെട്ടെന്നും അവനീത് വ്യക്തമാക്കി.

പണിയ സമുദായത്തിന്റെ തനത് വസ്ത്രമായ 'ചേല കെട്ടിമേച്ചാ'ണ് വധു വിവാഹത്തിനായി എത്തുക. സേവ് ദ ഡേറ്റ് വീഡിയോയിലും ഇത്തരത്തിൽ സാരി പ്രത്യേക രീതിയിലാണ് അഞ്ജലി ഉടുത്തിരിക്കുന്നത്. ഒപ്പം വരനും വധുവും മുടച്ചുൾ കഴുത്തിൽ അണിയും (കഴുത്തിനോട് ഒട്ടിനിൽക്കുന്ന തരത്തിലുള്ള മാലയാണിത്). ഇതുകൂടാതെ വധുവിന്റെ കഴുത്തിൽ കല്ല് മാലയും (ചെറിയ മുത്തുകൾ കൊണ്ട് കോർത്തുണ്ടാക്കിയത്), പണക്കല്ല മാലയും (നാണയത്തുട്ടുകൾ ചേർത്തുവെച്ചുണ്ടാക്കുന്നത്) ഉണ്ടാകും.

പുറത്തു നിന്ന് വാങ്ങുന്ന സാധനങ്ങൾ വിവാഹത്തിനായി ഉപയോഗിക്കില്ല. ഊരിലെ അമ്മമാരും അമ്മൂമ്മാരും ഒരുമിച്ചിരുന്ന് ചെറിയ മുത്തുകളും നാണയത്തുട്ടുകളുമെല്ലാം കോർത്തെടുത്താണ് മാലകളുണ്ടാക്കുന്നത്. കോല്വല്ലി എന്ന പേരിൽ വിവാഹ നിശ്ചയ ചടങ്ങുകളാണ് ആദ്യം നടക്കുക. വിവാഹം ഉറപ്പിച്ചുകഴിഞ്ഞാൽ പിന്നീട് പെൺകുട്ടിയുടെ എല്ലാ ചെലവുകളും പ്രതിശ്രുത വരൻ നിർവഹിക്കണം. പെണ്ണിന്റെ വീട്ടിലേക്ക് ഭക്ഷണമുണ്ടാക്കാനുള്ള ചപ്പും താളിയും അരിയും വിറകുമെല്ലാം വരൻ കൊടുക്കണം. എന്നാൽ ഇതെല്ലാം ആചാരപ്രകാരമുള്ള കാര്യമാണെന്നും ഇപ്പോൾ ആരും വിറക് പോലുള്ള സാധനങ്ങളൊന്നും കൊണ്ടുകൊടുക്കാറില്ലെന്നും അവനീത് പറയുന്നു.

അതേസമയം മൂന്ന് ദിവസം നീണ്ടുനിൽക്കുന്നതാണ് വിവാഹച്ചടങ്ങുകൾ. ദൈവത്തെ കണ്ട്, ദൈവത്തെ വിളിച്ച്. തുടി കൊട്ടി, കുഴലൂതി വിവാഹ ദിവസം വൈകുന്നേരം വരന്റെ ആളുകൾ വധുവിന്റെ വീട്ടിലെത്തും. പരമ്പരാഗതമായ വട്ടക്കളി കളിക്കും. വരന്റെ വീട്ടുകാർ കൊണ്ടുവന്ന അരി വധുവിന്റെ വീട്ടുമുറ്റത്ത് വിതറും. പൂർവ്വികർ വരനേയും വധുവിനേയും അനുഗ്രഹിക്കും. അന്ന് രാത്രി വരൻ വധുവിന്റെ വീട്ടിലാണ് താമസിക്കുക. അടുത്ത ദിവസം രാവിലെ മൂപ്പൻ വധുവിനെ വരന് കൈപിടിച്ച്കൊടുക്കും.

വിവാഹത്തിന് തയ്യാറാക്കുന്ന ഭക്ഷണവും പ്രത്യേകത നിറഞ്ഞതാണ്. ചോറും ചപ്പും താളിയുമാണ് ഭക്ഷണമായി ഉണ്ടാകുക. എന്നാൽ പുറത്തു നിന്നുള്ള പലരും വിവാഹത്തിൽ പങ്കെടുക്കുന്നതിനാൽ ഇത്തരം ഭക്ഷണങ്ങൾ ഇപ്പോൾ ആരും ഉണ്ടാക്കാറില്ല. എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽ ഇപ്പോൾ അധികവും ബിരിയാണിയാണ് വിളമ്പാറുള്ളതെന്നും അവനീത് വ്യക്തമാക്കി. പ്രശാന്ത് ഉണ്ണിയും രാഞ്ജിത് വെള്ളമുണ്ടയും ചേർന്നാണ് ഈ് വീഡിയോ സംവിധാനം ചെയ്തത്. ക്യാമറക്കു പിന്നിൽ പ്രശാന്ത് ഉണ്ണിയാണ്. എഡിറ്റിങ് കെന്റ് മീഡിയ. പശ്ചാത്തല സംഗീതം ഒരുക്കിയത് പ്രഥുൽ രാഘവാണ്. നിഥുൻ ആണ് കളറിസ്റ്റായി പ്രവർത്തിച്ചത്.