- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സന്ദര്‍ഭം ഗൗരവമായ ചോദ്യം ഉയര്‍ത്തുന്നു; കൂട്ടിലടച്ച തത്തയല്ലെന്ന് സിബിഐ തെളിയിക്കണം; സീസറിന്റെ ഭാര്യയെ പോലെ സംശയത്തിന് അതീതമാകണം; വിമര്‍ശനവുമായി സുപ്രീം കോടതി
ഇ.ഡി കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞയാളെ അറസ്റ്റുചെയ്തത് നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യം
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വലിയ ആശ്വാസം നല്‍കുന്നതാണ് സുപ്രീം കോടതി വിധി. വിശേഷിച്ച് ഹരിയാന തിരഞ്ഞെടുപ്പ് അടുത്തിരിക്കെ. മാര്‍ച്ച് 21 ന് ഇഡി അറസ്റ്റ് ചെയ്ത് ആറുമാസത്തിന് ശേഷം കെജ്രിവാള്‍ ജയിലിന് പുറത്തിറങ്ങും. ജൂണിലാണ് സിബിഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
കൂട്ടിലടച്ച തത്തയല്ലെന്ന് സിബിഐ തെളിയിക്കണമെന്ന് കെജ്രിവാളിന്റെ ജാമ്യാപക്ഷ പരിഗണിക്കവെ ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ പറഞ്ഞു. കൂട്ടിലടച്ച തത്തയാണെന്ന ജനങ്ങളുടെ ധാരണ സിബിഐ തിരുത്തണം. സിബിഐ സീസറിന്റെ ഭാര്യയെപ്പോലെ ആയിരിക്കണമെന്നും സംശയത്തിന് അതീതയാവണമെന്നും ജസ്റ്റിസ് ഭുയാന്‍ പരാമര്‍ശിച്ചു. ഇ.ഡി കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞ കെജ്രിവാളിനെ അറസ്റ്റുചെയ്തത് നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ഭുയാന്‍ അഭിപ്രായപ്പെട്ടു.
'കസ്റ്റഡിയില്‍ ഉള്ള ഒരാളെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമൊന്നുമില്ല. എന്തുകൊണ്ടാണ് അറസ്റ്റെന്ന് സിബിഐ തങ്ങളുടെ അപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്. ക്രിമിനല്‍ പ്രൊസിജ്യര്‍ കോഡിലെ സെക്ഷന്റെ 41 എ(3) ലംഘനവുമില്ല. എന്നാല്‍, 2023 മാര്‍ച്ചില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് സിബിഐക്ക് തോന്നിയില്ല. ഇഡിയുടെ അറസ്റ്റ് സ്‌റ്റേ ചെയ്തപ്പോള്‍ മാത്രമാണ് സിബിഐ സജീവമായതും കെജ്രിവാളിന്റെ കസ്റ്റഡി തേടിയതും. 22 മാസത്തോളം സിബിഐക്ക് അറസ്റ്റ് ചെയ്യണമെന്ന് തോന്നിയതേയില്ല. സിബിഐയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രവൃത്തി ഉണ്ടാകുന്നത് അറസ്റ്റിന്റെ സന്ദര്‍ഭത്തെ കുറിച്ച് ഗൗരവമായ ചോദ്യം ഉയര്‍ത്തുന്നു. ഇഡി കേസില്‍ കെജ്രിവാളിന് കിട്ടിയ ജാമ്യത്തെ മാറ്റിമറിക്കാന്‍ മാത്രമായിരുന്നു സിബിഐയുടെ അറസ്റ്റ്'- ജസ്റ്റിസ് ഉജ്ജ്വല്‍ ഭൂയാന്‍ നിരീക്ഷിച്ചു.
കെജ്രിവാള്‍ കേസിനെ കുറിച്ച് പൊതു പ്രസ്താവനകള്‍ ഒന്നു നടത്തരുതെന്നും വിചാരണ കോടതിയിലെ ഹിയറിങ്ങുകള്‍ക്കെല്ലാം ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി ജയിലില്‍ കഴിയുന്ന കെജ്രിവാളിന്റെ അപേക്ഷയില്‍ വിധി പറഞ്ഞത്. ജാമ്യത്തിനായി ആദ്യം വിചാരണക്കോടതിയെ സമീപിക്കാത്ത കെജ്രിവാളിന്റെ നടപടിയെ സി.ബി.ഐ. എതിര്‍ത്തിരുന്നു.
അതേസമയം, വീണ്ടും വിചാരണക്കോടതിയിലേക്കു വിട്ടാല്‍ അത് പാമ്പും കോണിയും കളി പോലെയാകുമെന്ന് കെജ്രിവാള്‍ വാദിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, സി.ബി.ഐ. കേസില്‍ ജാമ്യം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് തിഹാര്‍ ജയിലില്‍ കഴിയുന്നത്. ഇപ്പോള്‍ ജാമ്യം കിട്ടുന്നതോടെ കെജ്രിവാളിന് പുറത്തിറങ്ങാന്‍ കഴിയും. അനന്തകാലം ഒരാളെ ജയിലില്‍ ഇടുന്നത് ശരിയല്ലെന്നും ഈ കേസില്‍ വിചാരണ ഉടനൊന്നും തുടങ്ങില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇതാണ് കെജ്രിവാളിന് ആശ്വാസമാകുന്നത്.
കെജ്രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമാണോ എന്നതില്‍ ജസ്റ്റിസുമാര്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്. നിയമവിധേയമാണെന്നാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ പക്ഷം. എന്നാല്‍ അറസ്റ്റ് ചെയ്ത രീതി ശരിയല്ലെന്ന് ജസ്റ്റീസ് ഉജ്വല്‍ ഭുയാനും നിരീക്ഷിച്ചു. ജാമ്യം നല്‍കണമെന്നതില്‍ രണ്ടു ജഡ്ജിമാര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. അതുകൊണ്ടാണ് കെജ്രിവാളിന് പുറത്തേക്ക് എത്താന്‍ വഴിയൊരുങ്ങുന്നത്.
മദ്യനയക്കേസില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്ത തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ട് ഓഗസ്റ്റ് അഞ്ചിന് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് കൊണ്ടാണ് കെജ്രിവാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ സെപ്തംബര്‍ അഞ്ചിന് വാദം കേട്ട സുപ്രീംകോടതി വിധി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
ഇ ഡി കസ്റ്റഡിയിലായിരുന്ന കെജ്രിവാളിനെ സിആര്‍പിസി 41 എ പ്രകാരം ചോദ്യംചെയ്യാന്‍ അനുവാദം വാങ്ങിയ ശേഷം സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അഭിഭാഷകന്‍ മനു അഭിഷേക്‌സിങ്വി സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിആര്‍പിസി 41 എയില്‍ അറസ്റ്റ് ആവശ്യമില്ലാത്ത ചോദ്യംചെയ്യലിനാണ് അധികാരം നല്‍കുന്നത്. ഇഡി കേസില്‍ ജാമ്യം ലഭിച്ചാലും കെജ്രിവാള്‍ പുറത്തിറങ്ങരുതെന്ന നിര്‍ബന്ധബുദ്ധിയോടെയായിരുന്നു സിബിഐ നടപടിയെന്നും ആരോപിച്ചിരുന്നു.
'ഇ ഡി കസ്റ്റഡിയിലായിരുന്ന ഒരാളെ വീണ്ടും അറസ്റ്റ് ചെയ്യുംമുമ്പ് കോടതിയുടെ അനുമതി തേടേണ്ടതായിരുന്നു. സിആര്‍പിസിയില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്'- ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വല്‍ഭുയാന്‍ എന്നിവര്‍ അംഗങ്ങളായ വാദം കേട്ടതിന് ശേഷം ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട പിഎംഎല്‍എ കേസില്‍ ഇഡി മാര്‍ച്ച് 21നാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ ഇരിക്കെ ജൂണ്‍ 26ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.