- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പോയി ക്ഷമ ചോദിക്കൂ; ഭരണഘടനാ പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ അല്‍പം വിവേകം കാണിക്കണം; കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ വിമര്‍ശിച്ച് സുപ്രീംകോടതി; ഹൈക്കോടതിയില്‍ പോയി ക്ഷമ ചോദിക്കാന്‍ നിര്‍ദ്ദേശം
മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ വിമര്‍ശിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ വിമര്‍ശിച്ച് സുപ്രീം കോടതി. ഹൈക്കോടതിയില്‍ പോയി ക്ഷമ ചോദിക്കാനും അല്‍പം വിവേകം കാണിക്കാനും സുപ്രീം കോടതി പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ അസ്വീകാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ചൂണ്ടിക്കാട്ടി. ഭരണഘടനാ പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ സംസാരത്തില്‍ വിവേകം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയാണ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്.
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി നേതാവ് വിജയ് ഷായ്ക്കെതിരെ കേസെടുത്തിരുന്നു. വിജയ് ഷായ്ക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് (എഫ്ഐആര്‍) ഫയല്‍ ചെയ്യാന്‍ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് മാന്‍പൂര്‍ പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വിജയ് ഷായ്ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് പൊലീസിന് നിര്‍ദേശം നല്‍കി.
പരാമര്‍ശം മതസ്പര്‍ധയും സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ ശേഷിയുള്ളതെന്നും വ്യക്തമാക്കിയാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. മധ്യപ്രദേശ് മന്ത്രിയായ വിജയ്, സോഫിയ ഖുറേഷിയെ 'ഭീകരരുടെ സഹോദരി' എന്നു വിളിച്ചത് വന്‍ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. വിവാദമായതോടെ മന്ത്രി വാക്കുകള്‍ മയപ്പെടുത്തുകയും ചെയ്തിരുന്നു.
'സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തില്‍ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല. എന്റെ വാക്കുകള്‍ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പത്തു തവണ ക്ഷമ ചോദിക്കാന്‍ തയാറാണ്'' മന്ത്രി പിന്നീട് പറഞ്ഞു.
മന്ത്രിയുടെ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണ്. വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ബിജെപിയും ആര്‍എസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലര്‍ത്തുന്നുവരാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം ഓപ്പറേഷന്‍ സിന്ദൂറിന്റെ വിവരങ്ങള്‍ മാധ്യമങ്ങളോടു വിശദീകരിച്ചത് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങുമായിരുന്നു.