കൊച്ചി: കേരള സര്‍ക്കാരിനെതിരെ ഷാജന്‍ സ്‌കറിയ നടത്തി സുപ്രീംകോടതിയിലെ പോരാട്ടം അതിനിര്‍ണ്ണായകമായി. ഇനി പോലീസിന് അടിസ്ഥാനമില്ലാതെ പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം ചുമത്താനാകില്ല. ജാതിയ അധിക്ഷേപമാകുമ്പോഴെ പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം (എസ്.സി.-എസ്.ടി.) നിലനില്‍ക്കുവെന്ന് ഹൈക്കോടതി വിധിയില്‍ നിറയുന്നതും സുപ്രീംകോടതി പങ്കുവച്ച വികാര തുടര്‍ച്ചയാണ്. ജതീയമായ അധിക്ഷേപമുണ്ടെങ്കില്‍ മാത്രമേ എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കാകൂ എന്ന് സുപ്രീം കോടതി ഷാജന്‍ സ്‌കറിയയുടെ നിയമ പോരാട്ടത്തിലെ സുപ്രധാന വിധിയില്‍ വിശദീകരിച്ചിരുന്നു. പട്ടിക ജാതി, പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ അപകീര്‍ത്തികരമായി നടത്തുന്ന എല്ലാ പരാമര്‍ശങ്ങള്‍ക്കെതിരേയും 1989 ലെ എസ്.സി / എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

പി.വി ശ്രീനിജിന്‍ എം.എല്‍.എയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്‌കറിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണായക വിധിപ്രസ്താവം. ഇതു തന്നെയാണ് ഹൈക്കോടതിയും ഉയര്‍ത്തി പിടിക്കുന്നത്. പട്ടിക ജാതി, പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരായ എല്ലാ അധിക്ഷേപങ്ങളും, ഭീഷണികളും ജാതി അതിക്ഷേപത്തിന്റെ പരിധിയില്‍ വരില്ല. തൊട്ടുകൂടായ്മ, സവര്‍ണ മേധാവിത്വം തുടങ്ങിയവയാണ് ജാതി അധിക്ഷേപത്തിന്റെ പരിധിയില്‍ വരുന്നത്. ഇത്തരം പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ മാത്രമേ എസ്.സി / എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസ് നിലനില്‍കൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി. പി.വി ശ്രീനിജിന്‍ എം.എല്‍.എയ്‌ക്കെതിരെ ഷാജന്‍ സ്‌കറിയ ചെയ്ത വീഡിയോയുടെ ഉള്ളടക്കം സുപ്രീംകോടതി വിശദമായി പരിശോധിച്ചിരുന്നു.

എം.ജി.സര്‍വകലാശാല ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി ഡയറക്ടര്‍ ഡോ. നന്ദകുമാറിനെതിരേ ചുമത്തിയ കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീനും ഈ വിധിയുടെ അന്തസത്ത ഉയര്‍ത്തി പിടിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഗവേഷണവിദ്യാര്‍ഥി നല്‍കിയ പരാതിയിലായിരുന്നു കേസ്. ഗവേഷണത്തിന്റെ ഭാഗമായ സെമിനാറില്‍ പ്രസന്റേഷന്‍ നടത്തിയത് മോഷ്ടിച്ച ഭാഗങ്ങളാണെന്ന് മറ്റുള്ളവരുടെ മുന്നില്‍വെച്ച് അധ്യാപകന്‍ ആക്ഷേപിച്ചെന്നും അത് ജാതീയ അധിക്ഷേപമാണെന്നുമായിരുന്നു വിദ്യാര്‍ഥിയുടെ പരാതി. വിദ്യാര്‍ഥിയുടെ മൊഴിയും ഒരു സിന്‍ഡിക്കേറ്റ് അംഗത്തിന്റെ മൊഴിയുമായിരുന്നു കേസിന് അടിസ്ഥാനം.

പ്രസന്റേഷനില്‍ ഉള്‍പ്പെടുത്തിയത് മോഷ്ടിച്ച ഭാഗങ്ങളാണെന്ന വിമര്‍ശനത്തെ ജാതീയ അധിക്ഷേപമായി കാണാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അധ്യാപകന്‍ വിദ്യാര്‍ഥിക്കെതിരേ ജാതീയ അധിക്ഷേപം നടത്തിയതായി പ്രൊ വൈസ് ചാന്‍സലര്‍ പറഞ്ഞെന്നായിരുന്നു സിന്‍ഡിക്കേറ്റ് അംഗത്തിന്റെ മൊഴി. ഇത് കണക്കിലെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഗവേഷകവിദ്യാര്‍ത്ഥി നല്‍കിയ പരാതിയെ തുടര്‍ന്ന് നന്ദകുമാര്‍ കളരിക്കലിനെതിരെ 2023 ഓഗസറ്റ് ആദ്യം കേസെടുത്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 2015-ല്‍ സര്‍വകലാശാലയ്ക്ക് നല്‍കിയ പരാതിയിലായിരുന്നു നടപടി. ജാതി വിവേചനത്തിനെതിരെ നടത്തിയ നിരാഹാര സത്യാഗ്രഹം ഗവേഷണ മേഖലയിലെ ദളിത് വിവേചനത്തിനെതിരെ ചര്‍ച്ചകള്‍ ഉയരാന്‍ കാരണമായിരുന്നു.

എംജി സര്‍വകലാശാലയിലെ ജാതി വിവേചനത്തെപ്പറ്റി ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി കേന്ദ്രം ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. 2014 മാര്‍ച്ചിലാണ് നാനോ സയന്‍സ് ഗവേഷണ കേന്ദ്രത്തില്‍ പരാതിക്കാരി ഗവേഷണത്തിനു ചേര്‍ന്നത്. ജാതിവിവേചനവും പഠനത്തിനുള്ള സൗകര്യങ്ങളുടെ നിഷേധവും ചൂണ്ടിക്കാട്ടി 2015ലാണ് സര്‍വകലാശാലയ്ക്ക് ആദ്യം പരാതി നല്‍കിയത്. ആന്ധ്ര സ്വദേശിയായ ഗവേഷക വിദ്യാര്‍ഥി ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചതായും സര്‍വകലാശാലയിലെ ഒരു ജീവനക്കാരന്‍ മോശമായി പെരുമാറിയതായും വിദ്യാര്‍ഥിനി പരാതി നല്‍കിയിരുന്നു.

ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ ചുമതലകളില്‍ നിന്ന് മാറ്റിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഡോ. നന്ദകുമാര്‍ കളരിക്കല്‍ അന്നു തന്നെ പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കോടതി തള്ളിയതാണ്. പിന്നെയും ഇക്കാര്യം പറഞ്ഞ് സമരം ചെയ്യുന്നത് ശരിയല്ലെന്നും നന്ദകുമാര്‍ പ്രതികരിച്ചിരുന്നു. ഈ വിവാദത്തിലാണ് ഹൈക്കോടതിയില്‍ നിന്നും വീണ്ടും ആശ്വാസമെത്തുന്നത്.