വെന്‍ഷൗ: വ്യാജ ഓണ്‍ലൈന്‍ പ്രണയങ്ങളിലൂടെ ഇരകളെ കബളിപ്പിച്ചതിന് കുപ്രസിദ്ധരായ മ്യാന്‍മര്‍ മാഫിയ കുടുംബത്തിലെ 11 അംഗങ്ങളെ ചൈന വധശിക്ഷയ്ക്ക് വിധേയരാക്കി. കിഴക്കന്‍ ചൈനീസ് നഗരമായ വെന്‍ഷൗവിലെ ഒരു കോടതി സെപ്റ്റംബറിലാണ് കുടുംബത്തിന് വധശിക്ഷ വിധിച്ചത്. ഇന്നലെ വ്യാഴാഴ്ച ഇതേ കോടതി വധശിക്ഷയും നടപ്പാക്കി. വലിയ അളവില്‍ പണം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച പ്രണയബന്ധങ്ങളിലേക്ക് മാഫിയ സംഘം പലരേയും ആകര്‍ഷിക്കുകയായിരുന്നു.

യുകെയിലെയും അമേരിക്കയിലും താമസിക്കുന്നവര്‍ വരെ ഇവരുടെ ഇരകളായിരുന്നു. മനഃപൂര്‍വ്വമുള്ള കൊലപാതകം, മനഃപൂര്‍വ്വം പരിക്കേല്‍പ്പിക്കല്‍, നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കല്‍, വഞ്ചന, കാസിനോ സ്ഥാപനം' തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് ഇവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ബീജിംഗിലെ സുപ്രീം പീപ്പിള്‍സ് കോടതി വധശിക്ഷ അംഗീകരിച്ചിരുന്നു.

2015 മുതല്‍ നടന്ന കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ നിര്‍ണ്ണായകവും പര്യാപ്തവുമാണ് എന്നാണ് അവരുടെ കണ്ടെത്തല്‍. ഇവര്‍ 14 ചൈനീസ് പൗരന്മാരുടെ മരണത്തിനും 'മറ്റ് നിരവധി പേര്‍ക്ക്' പരിക്കേല്‍പ്പിക്കുന്നതിനും കാരണമായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റവാളികളുടെ അടുത്ത ബന്ധുക്കള്‍ക്ക് വധശിക്ഷയ്ക്ക് മുമ്പ് അവരെ കാണാന്‍ അനുവാദമുണ്ടായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ 2023 ല്‍ ഇവരുടെ തലവനായിരുന്ന മിംഗ് സുചാങ് ആത്മഹത്യ ചെയ്തിരുന്നു.

മ്യാന്‍മര്‍ സൈന്യവുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, ലൗക്കിംഗ് പട്ടണത്തില്‍ അധികാരം പിടിച്ചെടുത്ത വംശീയ സായുധ സംഘങ്ങള്‍ അവരെ കസ്റ്റഡിയിലെടുത്ത് ചൈനീസ് അധികാരികള്‍ക്ക് കൈമാറ്റം ചെയ്യുകയായിരുന്നു. ചൈനീസ് നിയമപ്രകാരം, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചോ മാരകമായ കുത്തിവയ്പ്പ് ഉപയോഗിച്ചോ വധശിക്ഷയ്ക്ക് വിധേയരാക്കുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ യുകെ സര്‍ക്കാര്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നതും ലണ്ടനില്‍ നിരവധി ആസ്തികളുള്ളതുമായ മറ്റൊരു ശൃംഖലയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഈ ഗ്രൂപ്പിന്റെ നേതാവായ ചെന്‍ ഷിയും സഹായികളുടെ ശൃംഖലയും ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലെ അവരുടെ ബിസിനസുകള്‍ സംയോജിപ്പിക്കുകയും ലണ്ടന്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. വടക്കന്‍ ലണ്ടനിലെ അവന്യൂ റോഡില്‍ 12 മില്യണ്‍ പൗണ്ടിന്റെ ഒരു മാളിക, ലണ്ടന്‍ നഗരത്തിലെ ഫെന്‍ചര്‍ച്ച് സ്ട്രീറ്റില്‍ 100 മില്യണ്‍ പൗണ്ടിന്റെ ഒരു ഓഫീസ് കെട്ടിടം, ന്യൂ ഓക്സ്ഫോര്‍ഡ് സ്ട്രീറ്റിലും തെക്കന്‍ ലണ്ടനിലെ നയന്‍ എല്‍മ്സിലുമുള്ള പതിനേഴു ഫ്ലാറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആസ്തികള്‍ സ്വന്തമാക്കി.

ലോകമെമ്പാടുമുള്ള ഇരകളില്‍ നിന്ന് ഗണ്യമായ തുക തട്ടിയെടുക്കുകയും അവരുടെ കടത്തപ്പെട്ട തൊഴിലാളികളെ പീഡിപ്പിക്കുകയും ചെയ്യുന്ന സംഘതതിനെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായി എല്ലാ ബിസിനസുകളും സ്വത്തുക്കളും മരവിപ്പിച്ചു.

ചൈനയിലെ വധശിക്ഷ നടപ്പാക്കിയത് സര്‍ കെയര്‍ സ്റ്റാര്‍മര്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ബീജിംഗില്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ്.

മ്യാന്‍മറിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെ, തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളം, ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വ്യാജ പ്രണയ ബന്ധങ്ങളിലേക്ക് ആകര്‍ഷിക്കുന്ന തട്ടിപ്പ് സംഘങ്ങളും ക്രിപ്‌റ്റോകറന്‍സി നിക്ഷേപങ്ങളും വ്യാപകമായിട്ടുണ്ട്. കോടിക്കണക്കിന് ഡോളറാണ് ഇവര്‍ ഇരകളില്‍ നിന്ന് തട്ടിയെടുത്തത്.