- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടാം ക്ലാസ് മുതല്‍ ഓള്‍ പാസ് വേണ്ടെന്ന് നേരത്തെ തീരുമാനിച്ച പിണറായി സര്‍ക്കാര്‍; മോദിയുടെ പുതിയ വിജ്ഞാപനത്തിലുള്ളത് അഞ്ചാം ക്ലാസിലും പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതിയെന്ന്; തോല്‍വിയില്ലാ സ്‌കൂള്‍ കാലം ഓര്‍മ്മകളിലേക്കോ? മിനിമം മാര്‍ക്ക് നിര്‍ബന്ധമാകുമ്പോള്‍
ന്യൂഡല്‍ഹി: പഠിക്കാതെ ഇനി ആര്‍ക്കും അഞ്ചാം ക്ലാസില്‍ ജയിക്കാന്‍ കഴിയില്ല. എട്ടാം ക്ലാസിലും അങ്ങനെ തന്നെ അഞ്ച്, എട്ട് ക്ലാസുകളില്‍ ഇനി ഓള്‍ പാസ് ഇല്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ എടുക്കുകയാണ്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ വേണ്ടിയാണ് ഇത്. ഓള്‍ പാസ് നയം ഈ ക്ലാസുകള്‍ക്ക് ഇനിമുതല്‍ നടപ്പാക്കേണ്ടതില്ലെന്ന് നിര്‍ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വിജ്ഞാപനമിറക്കി. കുട്ടികള്‍ പഠിക്കാതെ ജയിക്കുന്നുവെന്ന തിരിച്ചറിവിലാണ് ഇത്. 2019-ല്‍ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശനിയമത്തിലെ ഭേദഗതി വഴി 16 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെടെ ഈ നിര്‍ദേശം നടപ്പാക്കിയിട്ടുണ്ട്.15 വയസ്സില്‍ താഴെയുള്ള എല്ലാകുട്ടികള്‍ക്കും സൗജന്യ ഔപചാരികവിദ്യാഭ്യാസം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസവകാശ നിയമത്തില്‍ കേന്ദ്രം ഭേദഗതിവരുത്തിയത്. കേരളത്തില്‍ എട്ടാം ക്ലാസ് മുതല്‍ ഓള്‍ പാസ് വേണ്ടെന്ന നിലപാട് അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അഞ്ചാം ക്ലാസിലെ ആവശ്യം കേരളം അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതി കര്‍ശനമാക്കി വിജ്ഞാപനമിറക്കിയത്. ഇതോടെ കേരളത്തിനും ഇത് അംഗീകരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകും. കേന്ദ്രീയവിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, സൈനിക് സ്‌കൂളുകള്‍ എന്നിങ്ങനെ കേന്ദ്രസര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 3000-ത്തിലധികം സ്‌കൂളുകള്‍ക്ക് നിര്‍ദേശം നടപ്പിലാക്കും. അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കാമെങ്കിലും നിബന്ധന കര്‍ശനമാക്കിയേക്കും. ഫലത്തില്‍ കേന്ദ്ര നിര്‍ദ്ദേശം തള്ളിയാല്‍ കേന്ദ്ര സഹായങ്ങള്‍ കിട്ടുന്നതിന് അത് തടസ്സമാകും.
സ്‌കൂള്‍ വിദ്യാഭ്യാസം സംസ്ഥാന വിഷയമായതിനാല്‍ ഭേദഗതി നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കു വിവേചനാധികാരമുണ്ട്. 16 സംസ്ഥാനങ്ങളും ഡല്‍ഹി ഉള്‍പ്പെടെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളും നോ ഡിറ്റന്‍ഷന്‍ നയം നേരത്തേ അവസാനിപ്പിച്ചിരുന്നു. ഹരിയാനയും പുതുച്ചേരിയും നിലപാടെടുത്തിട്ടില്ല. മറ്റു സംസ്ഥാനങ്ങള്‍ നോ ഡിറ്റന്‍ഷന്‍ നയവുമായി മുന്നോട്ടുപോകുകയാണ്. നോ ഡിറ്റന്‍ഷന്‍ നയം നിര്‍ത്തുന്നത് വിദ്യാര്‍ഥികളുടെ സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നും നിരന്തര മൂല്യനിര്‍ണയം മെച്ചപ്പെടുത്തുകയാണു പഠിതാക്കളുടെ അറിവ് മെച്ചപ്പെടുത്താന്‍ വേണ്ടതെന്നുമായിരുന്നു കേരളത്തിന്റെ നിലപാട്. പിന്നീട് എട്ടാം ക്ലാസ് മുതല്‍ മാറ്റത്തിന് തയ്യറാവുകയും ചെയ്തു.
ഒരേ ക്ലാസില്‍ തുടര്‍പഠനം വേണ്ടിവരുമ്പോള്‍ കുട്ടിയുടെ പഠനശേഷിയിലെ പ്രശ്‌നങ്ങള്‍ ക്ലാസ് ടീച്ചര്‍ക്കും മാതാപിതാക്കള്‍ക്കും മനസിലാക്കാനാകുമെന്നും അധിക ശ്രദ്ധ നല്‍കി ഇതു പരിഹരിക്കാന്‍ വഴിയൊരുങ്ങുമെന്നും കേന്ദ്രം വിജ്ഞാപനത്തില്‍ പറഞ്ഞു. വാര്‍ഷികപരീക്ഷകള്‍ക്കുശേഷം അടുത്ത ക്ലാസിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ മാര്‍ക്ക് നേടുന്നതില്‍ അഞ്ച്, എട്ട് ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടാല്‍ ഫലം പ്രഖ്യാപിച്ച് രണ്ടുമാസത്തിനകം വീണ്ടും പരീക്ഷനടത്തണം. ഇതിലും മിനിമം മാര്‍ക്ക് നേടുന്നതില്‍ പരാജയപ്പെട്ടാല്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് അഞ്ചാംക്ലാസിലോ എട്ടാംക്ലാസിലോ വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ടതാണെന്നാണ് പുതിയ ചട്ടം പറയുന്നത്. പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതുവരെ ഒരു കുട്ടിയെയും സ്‌കൂളില്‍നിന്ന് പുറത്താക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
കേരളത്തില്‍ ഈവര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ ഓള്‍ പാസ് വേണ്ട എന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കെഎസ്ടിഎ അടക്കമുള്ള ഇടത് സംഘടനകള്‍ ഇതില്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. അടുത്ത വര്‍ഷം ഇത് ഒന്‍പതാം ക്ലാസിലേക്ക് കൂടി വിപുലീകരിക്കും. 2026-27 അക്കാദമിക വര്‍ഷം പത്ത് വരെയുള്ള ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഹയര്‍ സെക്കന്‍ഡറിക്ക് സമാനമായി സബ്ജക്ട് മിനിമം കൊണ്ടുവരാനാണ് സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. എഴുത്ത്പരീക്ഷയില്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് മാത്രമേ അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കൂ. ഈ വര്‍ഷം എട്ടാം ക്ലാസില്‍ സബ്ജക്ട് മിനിമം രീതി നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
ഹയര്‍ സെക്കന്‍ഡറിയില്‍ മാത്രമുള്ള മിനിമം മാര്‍ക്ക് എന്ന സംവിധാനം ഹൈസ്‌കൂള്‍ ക്ലാസുകളിലേക്ക് കൂടി നടപ്പിലാക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ എഴുത്തു പരീക്ഷയും നിരന്തരമൂല്യനിര്‍ണയവും ചേര്‍ത്ത് 30 ശതമാനം മാര്‍ക്ക് നേടിയാല്‍ കുട്ടികള്‍ ജയിക്കുമായിരുന്നു. എന്നാല്‍ ഇനിമുതല്‍ എഴുത്ത് പരീക്ഷയില്‍ മാത്രം ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് വീതം ലഭിക്കണം. ഇത് പ്രകാരം എട്ട് മുതലുള്ള ക്ലാസുകളില്‍ എല്ലാവരും വിജയിക്കുന്ന സമ്പ്രദായത്തില്‍ മാറ്റം വരും. പരീക്ഷണാര്‍ഥം എന്ന നിലയ്ക്കാണ് ഈ വര്‍ഷം എട്ടാം ക്ലാസ്സില്‍ മിനിമം മാര്‍ക്ക് രീതി കൊണ്ട് വരുന്നത്.
അടുത്ത വര്‍ഷം ഇത് ഒന്‍പതാം ക്ലാസിലേക്ക് കൂടി വിപുലീകരിക്കും. 2026 -27 അക്കാദമിക വര്‍ഷം പത്ത് വരെ ക്ലാസുകളില്‍ സബ്ജക്ട് മിനിമം കൊണ്ടുവരാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് പോലെ അഞ്ചാം ക്ലാസില്‍ ഓള്‍ പാസ് വേണ്ടെന്ന നിലപാടിനെ കേരളം എങ്ങനെ എടുക്കുമെന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്.