- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം വെടിഞ്ഞേക്കും; മതസംഘടനകളുമായുള്ള ചര്‍ച്ച ബുധനാഴ്ച്ച; സമരം നടത്തുമെന്ന സമസ്തയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അനുനയ വഴിയില്‍ സര്‍ക്കാര്‍; രാവിലെ 15 മിനിറ്റ് വര്‍ധിപ്പിക്കുന്നതിനു പകരം വൈകീട്ട് അര മണിക്കൂര്‍ വര്‍ധിപ്പിക്കണമെന്ന് സമസ്ത
സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം വെടിഞ്ഞേക്കും
തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ മതസംഘടനകളെ ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍. ബുധനാഴ്ചയാണ് വിദ്യാഭ്യാസ മന്ത്രി മതസംഘടന കളുമായി ചര്‍ച്ച നടത്തുക. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് ചര്‍ച്ച. സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകള്‍ ശക്തമായി എതിര്‍ത്തിരുന്നു. സമരം അടക്കം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്താനൊരുങ്ങുന്നത്. സമസ്തയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോകുമോ എന്നാണ് അറിയേണ്ടത്. കാന്തപുരം വിഭാഗവും സമയമാറ്റത്തിനെതിരെ രംഗത്തുവന്നിരുന്നു.
പഠന സമയം രാവിലെയും വൈകീട്ടുമായി കൂട്ടിയതാണ് സംസ്ഥാനത്ത് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങള്‍ എന്ന ഹൈകോടതി നിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ കണക്കിലെടുത്താണ് പുതിയ സമയക്രമം സര്‍ക്കാര്‍ തീരുമാനിച്ചത്.
സ്‌കൂള്‍ സമയമാറ്റത്തില്‍ ബുദ്ധിമുട്ടുണ്ടെന്ന് സമസ്ത അറിയിച്ചിരുന്നു. ബദല്‍ നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും അനുകൂലമായ നടപടിയുണ്ടാകുന്നില്ലെങ്കില്‍ സമരം ശക്തമാക്കാനും സമസ്തയുടെയും പോഷകസംഘടനകളുടെയും സംയുക്ത ഏകോപനസമിതി യോഗം തീരുമാനിച്ചിരുന്നു. രാവിലെ 15 മിനിറ്റ് വര്‍ധിപ്പിക്കുന്നതിനുപകരം വൈകീട്ട് അര മണിക്കൂര്‍ വര്‍ധിപ്പിക്കാം. പാദ വാര്‍ഷിക പരീക്ഷ, അര്‍ധ വാര്‍ഷിക കഴിഞ്ഞുള്ള അവധി ദിവസങ്ങള്‍ പ്രവൃത്തി ദിനമാക്കാം. മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കാനും സമസ്ത നിര്‍ദേശിച്ചു.
സ്‌കൂള്‍ സമയം രാവിലെയും വൈകുന്നേരവുമായി അരമണിക്കൂര്‍ വര്‍ധിപ്പിക്കുന്നത് മദ്രസ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ സമയമാറ്റം പുനഃപരിശോധിക്കണമെന്നഭ്യര്‍ഥിച്ച് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചില്ലെന്ന് പരാതിയും ഉയര്‍ന്നിരുന്നു.
സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്‌കൂള്‍ സമയമാറ്റം നിലവില്‍ വന്നു കഴിഞ്ഞു. എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയമാണ് അരമണിക്കൂര്‍ വര്‍ധിച്ചത്. സംസ്ഥാനത്തെ 8 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ അധ്യയന സമയം 1100 മണിക്കൂര്‍ ആക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഇതിനായി തയ്യാറാക്കിയ പുനഃക്രമീകരിച്ച സമയക്രമം അംഗീകരിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
അരമണിക്കൂര്‍ വീതമാണ് സ്‌കൂള്‍ പ്രവൃത്തിസമയം വര്‍ധിക്കുക. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് സമയ വര്‍ധനവ്. സമസ്തയുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് സമയമാറ്റം നടപ്പിലാക്കുന്നത്. സമസ്ത മുഖ്യമന്ത്രിയോട് തന്നെ നേരിട്ടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. പുതിയ സമയക്രമം പിന്‍വലിക്കേണ്ടതില്ലെന്നും, പരാതി വന്നാല്‍ പരിശോധിക്കാം എന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. സമസ്തയുടെ സമ്മര്‍ദ്ദത്തിനെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക അടക്കം രംഗത്തുവന്നിരുന്നു.