തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന സയന്‍സ് പാര്‍ക്കിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന് 10 ഏക്കര്‍ ഭൂമി വിട്ടു നല്‍കാനുള്ള കേരളാ യൂണിവേഴ്‌സിറ്റിയുടെ നീക്കത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. സയന്‍സ് പാര്‍ക്കിന് ജില്ലാ കളക്ടര്‍ മറ്റൊരു സ്ഥലം കണ്ടെത്തുന്നതിനിടെ, യൂണിവേഴ്‌സിറ്റി വക ഭൂമി ഈ ആവശ്യത്തിന് പ്രത്യേകമായി മാറ്റിയിട്ടിരിക്കുന്നതായും, നിബന്ധനകള്‍ കൂടാതെ ഭൂമി സൗജന്യമായി വിട്ടു നല്‍കാമെന്നും കാണിച്ച് 'കേരള' രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയതിലാണ് അന്വേഷണം. പോലീസിന്റെ വിജിലന്‍സ് വിഭാഗം സര്‍വ്വകലാശാലയിലെത്തി അന്വേഷണം നടത്തി. ഇവര്‍ രജിസ്ട്രാര്‍ കെ എസ് .അനില്‍കുമാര്‍, പ്ലാനിങ് ഡയറക്ടര്‍ ഡോ:മിനി കാപ്പന്‍ എന്നിവരോട് ഫയലിലെ വിശദവിവരങ്ങള്‍ ആരാഞ്ഞു.

സയന്‍സ് പാര്‍ക്ക് ആരംഭിക്കുന്നതിന് കാര്യവട്ടം ക്യാമ്പസിലെ നൂറു കോടി രൂപ വിലയുള്ള പത്തേക്കര്‍ ഭൂമി സൗജന്യമായി വിട്ടുകൊടുക്കുന്നത് സര്‍വകലാശാലയുടെ വികസന പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്നത് പരിഗണിച്ചാണ് മുഖ്യമന്ത്രി മറ്റൊരു സ്ഥലം കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചത്. തിരുവനന്തപുരം ജില്ലയില്‍, സാങ്കേതിക സര്‍വ്വകലാശാല ക്യാമ്പസിനുവേണ്ടി വിളപ്പില്‍ശാലയിലുള്ള സ്ഥലത്തിന് സമീപമുള്ള ഭൂമിയുടെ ലഭ്യത ഇപ്പോള്‍ പരിശോധിക്കുകയാണ്.

അതിനിടെയാണ് കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ പത്തേക്കര്‍ ഭൂമി ഉപാധികള്‍ കൂടാതെ, സയന്‍സ് പാര്‍ക്കിന് സൗജന്യമായി വിട്ടുകൊടുക്കുവാന്‍ തയ്യാറെന്ന നിലപാടുമായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്തിറങ്ങിയത്. നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിച്ചതോടെ സര്‍വ്വകലാശാലയുടെ വികസന പ്രവര്‍ത്തനങ്ങളെ ഭൂമി കൈമാറ്റം ചെയ്യുന്നത് ദോഷകരമായി ബാധിക്കും. സയന്‍സ് പാര്‍ക്ക് കാര്യവട്ടം ക്യാമ്പസ്സിനു സമീപം വരുന്നത് കൊണ്ട് സര്‍വ്വകലാശാലയ്‌ക്കോ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കോ പ്രയോജനം ചെയ്യില്ലെന്ന് ടെക്‌നോപാര്‍ക്കിന് 50 ഏക്കര്‍ ഭൂമി വിട്ടു നല്‍കിയതിലൂടെ തന്നെ സര്‍വകലാശാലയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

തങ്ങള്‍ 10 ഏക്കര്‍ ഭൂമി സയന്‍സ് പാര്‍ക്കിന് പ്രത്യേകമായി മാറ്റിവച്ചിരിക്കുകയാണെന്നും വിട്ടു നല്‍കാന്‍ തയ്യാറാണെന്നും കാണിച്ച് സര്‍ക്കാരിന് നല്‍കിയ കത്തില്‍ സെനറ്റ് യോഗം മുന്നോട്ടുവച്ചിട്ടുള്ള നിബന്ധനകള്‍ മറച്ചുവച്ചാണ് രജിസ്ട്രാറുടെ പുതിയ കത്ത്. സയന്‍സ് പാര്‍ക്കിന്റെ ഭരണസമിതിയില്‍ വിസി ചെയര്‍മാന്‍ ആയിരിക്കണമെന്നും, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് പ്രാതിനിധ്യം വേണമെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണത്തിനുള്ള സൗകര്യം നല്‍കണമെന്നുമുള്ള നിബന്ധനകളാണ് രജിസ്ട്രാര്‍ ഒഴിവാക്കിയത്.

വിസി ഡോ:മോഹനന്‍ കുന്നുമ്മേല്‍ ഉന്നയിച്ച നിബന്ധനകള്‍ മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടുവെങ്കിലും, കേരള സര്‍വകലാശാലയുടെ വൈജ്ഞാനിക നേതൃത്വവും സാമീപ്യവും സയന്‍സ് പാര്‍ക്കിന് ഉറപ്പാക്കുക എന്ന ചില സ്വകാര്യ സംരംഭകരുടെ പ്രത്യേക താത്പര്യത്തിന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വഴങ്ങുകയായിരുന്നുവെന്നാണ് ആക്ഷേപം.

മുഖ്യമന്ത്രിക്ക് വസ്തുത ബോധ്യപ്പെട്ടുവെങ്കിലും, മന്ത്രിസഭയിലെ ഒരു പ്രമുഖ മന്ത്രിയുടെയും യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിലെ ചിലരുടെയും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയെന്നാണ് ആക്ഷേപം. കോടികളുടെ മൂല്യമുള്ള സര്‍വ്വകലാശാല ഭൂമി സൗജന്യമായി സര്‍ക്കാരിന് വിട്ടുനല്‍കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ വിസിയുടെ വിശദീകരണം ആവശ്യപ്പെട്ടിരിക്കവേയാണ് വിജിലന്‍സ് വിഭാഗം അന്വേഷണത്തിന് സര്‍വ്വകലാശാലയില്‍ എത്തിയത്. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് താന്‍ യൂണിവേഴ്‌സിറ്റിയുടെ സമ്മതം വീണ്ടും സര്‍ക്കാരിനെ അറിയിച്ചതെന്ന് രജിസ്ട്രാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് സൂചന.