വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള അനേകം പ്രദേശങ്ങള്‍; 'സേഫ്, അണ്‍സേഫ് ഏരിയ' തരംതിരിക്കുമെന്ന് ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി; റിപ്പോര്‍ട്ട് ഉടന്‍
കല്‍പ്പറ്റ: വന്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ പരിശോധന നടത്തി ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം. വയനാട്ടില്‍ 'സേഫ് ഏരിയ അണ്‍സേഫ് ഏരിയ' ഏതൊക്കെ എന്ന് തരംതിരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജോണ്‍ മത്തായി പറഞ്ഞു. ചൂരല്‍മലയില്‍ ഉരുള്പൊട്ടിയസ്ഥലം മുതല്‍ താഴേക്ക് വന്ന് പരിശോധിക്കാനും സംഘം ഉദ്ദേശിക്കുന്നുണ്ട്. എന്താണ് ഉരുള്‍പൊട്ടലിന് കാരണമെന്നും പ്രഭവകേന്ദ്രമേതെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗം സംഘമാണ് ദുരന്തമേഖലയില്‍ എത്തിയത്. ഉരുള്‍പൊട്ടലുണ്ടായ മേഖലകള്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
കല്‍പ്പറ്റ: വന്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ പരിശോധന നടത്തി ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം. വയനാട്ടില്‍ 'സേഫ് ഏരിയ അണ്‍സേഫ് ഏരിയ' ഏതൊക്കെ എന്ന് തരംതിരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജോണ്‍ മത്തായി പറഞ്ഞു. ചൂരല്‍മലയില്‍ ഉരുള്പൊട്ടിയസ്ഥലം മുതല്‍ താഴേക്ക് വന്ന് പരിശോധിക്കാനും സംഘം ഉദ്ദേശിക്കുന്നുണ്ട്. എന്താണ് ഉരുള്‍പൊട്ടലിന് കാരണമെന്നും പ്രഭവകേന്ദ്രമേതെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗം സംഘമാണ് ദുരന്തമേഖലയില്‍ എത്തിയത്.
ഉരുള്‍പൊട്ടലുണ്ടായ മേഖലകള്‍ സന്ദര്‍ശിച്ച ശേഷം 'സുരക്ഷിതമായ പ്രദേശങ്ങള്‍ ഏതൊക്കെ, ദുര്‍ബലപ്രദേശങ്ങള്‍ ഏതൊക്കെ, ഇനി എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉരുള്‍പൊട്ടിയ ഭാഗത്തേക്കാണ് ആദ്യം പോകുന്നത്. അവിടെനിന്ന് താഴോട്ട് വരും. രണ്ടോ മൂന്നോ ദിവസം അവിടെ ഉണ്ടാകും. ആറംഗസംഘം ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും'- ജോണ്‍ മത്തായി പറഞ്ഞു.
എത്രയും പെട്ടെന്ന് തന്നെ പഠനം തീര്‍ത്ത് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. പരിശോധന കഴിയുന്നമുറയ്ക്ക് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശം വയനാട്ടില്‍ അനേകം ഉണ്ട്. 300 മില്ലിമീറ്റര്‍ മഴയില്‍ കൂടുതല്‍ പെയ്യുകയാണെങ്കില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനെ സൂക്ഷ്മരീതിയില്‍ തരംതിരിച്ചെടുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേടുപാടുകള്‍ പറ്റാത്ത വീടുകളില്‍ ആളുകള്‍ക്ക് താമസം സാധ്യമാണോ എന്ന ചോദ്യത്തിന്; സേഫ് ഏരിയ അണ്‍സേഫ് ഏരിയ ആയി തിരിച്ച ശേഷം കേടുപാടുകള്‍ സംഭവിക്കാത്ത വീടുകളുണ്ടെങ്കില്‍, സേഫ് ഏരിയ ആണെങ്കില്‍ അവയെ ഉപയോഗപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.ഡബ്ല്യു.ആര്.എം. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.കെ. ദൃശ്യ, സൂറത്ത്കല്‍ എന്‍.ഐ.ടി. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ താരാ മനോഹരന്, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.
അതേസമയം ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട്ടില്‍ ദീര്‍ഘകാല പുനരധിവാസ പദ്ധതിയാണ് നടപ്പിലാക്കേണ്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി. പുനരധിവാസത്തിന് ദീര്‍ഘകാല പദ്ധതികള്‍ അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം. അതിന്മേല് ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നല്‍കുമെന്നും ഗവര്‍ണര്‍ തൃശൂരില്‍ പറഞ്ഞു.
ദീര്‍ഘകാല പുനരധിവാസത്തിലാണ് ഇനി ശ്രദ്ധ പുലര്‍ത്തേണ്ടത്. സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കുന്ന പദ്ധതി കേന്ദ്രത്തിന് നല്‍കുന്നതോടെ അതിന്മേല് ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നല്‍കും. വയനാടിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി സഹായമാണ് ലഭിക്കുന്നത്. നിലവില്‍ ശരി തെറ്റുകള്‍ വിലയിരുത്തേണ്ട സാഹചര്യമല്ല. ദുരന്ത മുഖത്താണ് നാം നില്‍ക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.