ജോഹന്നാസ് ബര്‍ഗ്: കഴിഞ്ഞ പത്ത് മാസമായി അന്റാര്‍ട്ടിക്കയില്‍ കുടുങ്ങി ആഫ്രിക്കയില്‍ നിന്നുള്ള പര്യവേഷണ സംഘം. സഹായം ആവശ്യപ്പെട്ട്് സംഘത്തിലെ ഒരു ഗവേഷകന്‍ അയച്ച ഇ മെയില്‍ സന്ദേശമാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു കൊണ്ടു വന്നിരിക്കുന്നത്. അന്റാര്‍ട്ടിക്കയിലെ സനേ ഫോര്‍ത്ത് എന്ന ഭാഗത്താണ് ശാസ്്ത്രജ്ഞന്‍മാര്‍ കുടുങ്ങിയിരിക്കുന്നത്. പ്രതികൂല കാലാവസ്ഥ കാരണമാണ് സംഘം ഇവിടെ കുടുങ്ങിയത്. ആഫ്രിക്കയില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്ന ക്യാമ്പ്.

ഒരു ചെറിയ പര്യവേഷണ കേന്ദ്രത്തിനുള്ളിലാണ് ഇവര്‍ കഴിയുന്നത്. കാലാവസ്ഥ കാരണം പുറത്തിറങ്ങാനോ ഗവേഷണം നടത്താനോ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. ഇതോടെ സംഘാംഗങ്ങള്‍ എല്ലാം തന്നെ കടുത്ത,മാനസിക സമ്മര്‍ദ്ദത്തിലാണ്. കഴിഞ്ഞയാഴ്ച ഇവരുടെ കൂട്ടത്തില്‍ പെട്ട ഒരാള്‍ മറ്റൊരാളിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇനിയും താന്‍ ആക്രമിക്കുമെന്നാണ് ഇയാള്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. ഇയാള്‍ ഒരു പൊതുഭീഷണിയായി മാറിയിരിക്കുകയാണെന്നാണ് മറ്റ് സംഘാംഗങ്ങള്‍ പറയുന്നത്.

കൂട്ടത്തിലുള്ള ഒരാളിനെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായും ആരോപണമുണ്ട്. സൗത്ത് ആഫ്രിക്കാസ് സണ്‍ഡേ ടൈംസ് എന്ന മാധ്യമത്തിലാണ് സംഘാംഗം അയച്ച ഇ-മെയിലിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അപകടകാരിയായ ഈ ഗവേഷകനെ എങ്ങനെ നേരിടണം എന്ന ആശങ്കയിലാണ് കൂടെയുള്ളവര്‍ എ്ന്നാണ് വാര്‍ത്തയില്‍ പറയുന്നത്. പലര്‍ക്കും നേരേ ഇയാള്‍ വധഭീഷണി മുഴക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ഒരു ഇ മെയില്‍ അയച്ചതിന്റെ പേരില്‍ താനായിരിക്കുമോ ഇയാളുടെ അടുത്ത ഇര എന്ന് സംശയിക്കുന്നതായും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരന്റെയോ പ്രശ്നം ഉണ്ടാക്കുന്ന വ്യക്തിയുടേയോ പേര് വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ദക്ഷിണാഫ്രിക്കയിലെ പരിസ്ഥിതി മന്ത്രിയായ ഡിയോന്‍ ജോര്‍ജ്് സംഘാംഗങ്ങളോട് നേരിട്ട് സംസാരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഗവേഷണ സംഘത്തിന്റെ തലവനെ തന്നെയാണ് പ്രശ്നം ഉണ്ടാക്കുന്ന വ്യക്തി മര്‍ദ്ദിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആദ്യം ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും തുടര്‍ന്ന് കൈയ്യേറ്റം നടക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

വളരെ വിദൂരമായ ഒരു സ്ഥലത്ത് പ്രതികൂല കാലാവസ്ഥയില്‍ ദീര്‍ഘകാലം ഒരു ചെറിയ സ്ഥലത്തിനുള്ളില്‍ കഴിയേണ്ടി വരുന്നവര്‍ക്ക് സ്വാഭാവികമായി ഉണ്ടാകാവുന്ന മാനസിക അവസ്ഥയാണ് ഇത്തരം സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നതെന്നാണ് പറയപ്പെടുന്നത്. മൈനസ് 23 ഡിഗ്രി തണുപ്പാണ് ഇപ്പോള്‍ ഇവിടെ അനുഭവപ്പെടുന്നത്. അത് കൊണ്ട് തന്നെ ഇവര്‍ക്ക് ഗവേഷണനിലയം വിട്ട് പുറത്തിറങ്ങാനും കഴിയുകയില്ല.