- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവില്‍ ഷാബാനു ജയിച്ചപ്പോള്‍ ശരീയത്ത് തോറ്റു! ആരിഫ് മുഹമ്മദ്ഖാനും അഭിമാനം; കേരളാ മാധ്യമങ്ങള്‍ മുക്കിയ ഒരു നിര്‍ണ്ണായക സുപ്രീംകോടതി വിധി ഇങ്ങനെ
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ കഴിഞ്ഞ ദിവസത്തെ ഏറെ സുപ്രധാനമായ ഒരു വിധിയായി ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്, സിആര്‍പിസി 125 എന്ന സെക്ഷന്‍ എല്ലാവര്ക്കും ബാധമാണ് എന്നത്. പക്ഷേ കേരള മാധ്യമങ്ങള്‍ ആ വാര്‍ത്ത തീര്‍ത്തും അവ്യക്തമായാണ് കൊടുത്തത്. പലവട്ടം വായിച്ചാലും ആ വിധിയുടെ പ്രധാന്യം പിടികിട്ടില്ല. സുപ്രീംകോടതി വിധിക്ക് ഇടയാക്കിയ പരാതിക്കാരന് ആരാണെന്നുപോലും വാര്‍ത്തയിലില്ല. സിആര്‍പിസി 125 പ്രകാരമുള്ള നഷ്ടപരിഹാരത്തിന് എല്ലാ വിഭാഗത്തിനും, പ്രത്യേകിച്ച് മുസ്ലീം വിഭാഗത്തിനും അര്‍ഹതയുണ്ട് എന്നതാണ് വാര്‍ത്ത.
ഈ സുപ്രീംകോടതി വിധി ചരിത്ര പ്രാധാന്യമുള്ളതാണ്. ശരീയത്ത് നിയമത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്യുന്ന വിധിയായി അത് ഫലത്തില്‍ മാറി. 1985-ലെ സുപ്രീംകോടതിയിലെ ഭരണഘടനാബെഞ്ചിന്റെ ഷാബാനുകേസിലെ വിധി, ആവര്‍ത്തിക്കുന്ന വിധിയാണ് ഇത്. 1986-ല്‍ രാജീവ്ഗാന്ധി പ്രത്യേക നിയമ നിര്‍മ്മാണത്തെ നടത്തിയാണ് ഷാബാനു വിധി അട്ടിമറിച്ചത്.
സുപ്രീം കോടതിയുടെ ഇന്നലത്തെ വിധി അനുസരിച്ച് ഒരു മുസ്ലീം സ്ത്രീയെ, തലാക് ചൊല്ലി ഒഴിഞ്ഞാലും, അവള്ക്ക്് സിആര്‍പിസി 125 അനുസരിച്ചുള്ള നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. അതാണ് 1985-ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ആ വിധിയെ അട്ടിമറിക്കാനാണ് 86-ല്‍ മുസ്ലീം സ്ത്രീയുടെ വിവാഹ മോചന അവകാശ നിയമം എന്ന പേരില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ആ നിയമത്തില്‍ പ്രതിഷേധിച്ചാണ്, ഇപ്പോള്‍ ബിജെപിയിലുള്ള, കേരളാ ഗവര്‍ണ്ണര്‍ ആരിഫ്് മുഹമ്മദ് ഖാന്, രാജീവ് ഗാന്ധിയോട് പിണങ്ങി, കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത്. ഇങ്ങനെ മുസ്ലീം സ്ത്രീയുടെ അന്തസ് ഉയര്‍ത്താന്‍ നടത്തിയ വലിയ പോരാട്ടങ്ങള്‍ കാണാതെയാണ്, കേരള മാധ്യമങ്ങള്‍ ഈ വാര്‍ത്ത കൊടുത്തത്.
വിവാദമായ തെലങ്കാന കേസ്
ഇപ്പോള്‍ സിആര്‍പിസി 125ന്റെ പ്രസക്തി എടുത്തപറഞ്ഞ സുപ്രീം കോടതി വിധിയുടെ തുടക്കം തെലങ്കാനയിലെ ഒരു ഡിവോഴ്സ് കേസാണ്. തെലങ്കാനയിലെ കീഴ്ക്കോടതിയിും, പിന്നീട് ഹൈക്കോടതിയും, മാസം ഇരുപതിനായിരം രൂപ വീതം തലാക്ക് ചെല്ലപ്പെട്ട സ്ത്രീക്ക് എല്ലാ മാസവും മെയിന്റനസ് അലവന്‍സ് കൊടുക്കാന്‍ വധി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ എതിര്‍കക്ഷിയായ മുഹമ്മദ് അബുദുല്‍ സലാം സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ്, സിആര്‍പിസി 125 ഓര്‍മ്മിപ്പിച്ച ചരിത്ര പ്രധാനമായ വിധിയുണ്ടാവുന്നത്. ജസ്റ്റിസ് ബി ബി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് എന്നിവരുടെ ബഞ്ചാണ് സുപ്രധാനമായി വിധി പ്രഖ്യാപിച്ചത്.
ഈ വിധി അനുസരിച്ച്, മുഹമ്മദ് അബുദുല്‍ സലാം തന്റെ തലാക്ക് ചെയ്ത ഭാര്യക്ക്, നഷ്ടപരിഹാരം കൊടുത്തേ മതിയാവൂ. അത് സിആര്‍പിസി 125 അനുസരിച്ച് തന്നെ കൊടുക്കണം. സിആര്‍പിസി 125ന് ഒരു പ്രത്യേകതയുണ്ട്. ഒരുസ്ത്രീ വിവാഹം കഴിക്കുമ്പോള്‍ ഏത് തരത്തിലുള്ള ജീവിത സൗകര്യങ്ങള്‍ അനുഭവിച്ചിരുന്നോ, അതേ സൗകര്യങ്ങള്‍ അവര്‍ക്ക് തുടരാനുള്ള അവകാശമുണ്ട്. വിവാഹ മോചിതയായാലും. അവര്‍ മറ്റൊരു വിവാഹം കഴിക്കുന്നത് വരെ അല്ലെങ്കില്‍, അതിനുള്ള വരുമാനം അവര്‍ക്ക് ഉണ്ടാവുന്നതുവരെ, അവരെ വിവാഹമോചനം നടത്തിയ ഭര്‍ത്താവ് ഈ പണം കൊടുക്കണം. സിആര്‍പിസി 125 വിവാഹമോചനത്തിന്റെ കാര്യത്തില്‍ മാത്രമല്ല ബാധകമാവുക. നിയമപരമായോ, അല്ലാതെയോ ഉണ്ടായ കുട്ടികളുടെ ചിലവുകള്‍ അവര്‍ പ്രായപൂര്‍ത്തിയാവുന്നതുവരെ, മൊഴിചൊല്ലിയ പുരുഷന് വഹിക്കണം. കുട്ടികള്‍ ഭിന്നശേഷിക്കാര്‍ ആണെങ്കില്‍ പ്രായപൂര്‍ത്തിയായാലും ചിലവുകള്‍ വഹിക്കണം.
കേവലം വിവാഹമോചനത്തിന് അപ്പുറത്ത്, ഒരാള്‍ തന്റെ ഭാര്യയെയും മക്കളെയു ഉപേക്ഷിച്ചാല്‍ അയാള്‍ക്ക് എന്തെല്ലാം കടമകള്‍ ഉണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്ന, നിയമാണ് സിആര്‍പിസി 125. പക്ഷേ ഇത് മുസ്ലീങ്ങള്‍ക്ക് ബാധകമല്ലാതാക്കിക്കൊണ്ടായിരുന്ന രാജീവ്ഗാന്ധി, 86-ല്‍ നിയമം കൊണ്ടുവന്നത്. അതിന്റെ കാരണം 85-ലെ ഷാബാനു കേസിലെ വിധിയായിരുന്നു.
ഷാബാനുകേസിന് ഒടുവില്‍
ഷബാനു ബീവി മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു സാധാരണ വീട്ടമ്മായിരുന്നു. അവരുടെ ഭര്‍ത്താവ് മുഹമ്മദ് അഹമ്മദ് ഖാന് അറിയപ്പെടുന്ന അഭിഭാഷകന് ആയിരുന്നു. ഇവര്‍ക്ക് അഞ്ചുമക്കളുണ്ടായി. എന്നാല്‍ ദീര്‍ഘകാലത്തിനുശേഷം, സുന്ദരിയായ ഒരു പ്രായം കുറഞ്ഞ സ്ത്രീയെ, മുഹമ്മദ് അഹമ്മദ് ഖാന് വിവാഹം കഴിക്കുന്നു. രണ്ടു ഭാര്യമാരുമായി അയാള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. പിന്നീട് മുത്തലാക്ക് ചൊല്ലി, ഷാബാനുവിനെ ഉപക്ഷേിക്കുന്നു. അവര്‍ക്ക് നഷ്ടപരിഹാരവും കൊടുത്തില്ല. ഷാബാനു അവിടുത്തെ ഒരു കോടതിയെ സമീപിക്കുന്നു. 500 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു, അവര്‍ പോയത്. പക്ഷേ 25 രൂപയാണ് കോടതി അനുവദിച്ചത്.
ഷാബാനു ഇതിനെതിരെ ഹൈക്കോടതിയില്‍ പോവുന്നു. ഹൈക്കോടതി 179 രൂപ 20 പൈസ വീതം എല്ലാമാസവും കൊടുക്കാന്‍ വിധി പ്രഖ്യാപിക്കുന്നു. ഇതിനെതിരെ മുഹമ്മദ് അഹമ്മദ് ഖാന് സ്ര്രുപീം കോടതിയെ സമീപിക്കുന്നു. കേസ് പരിഗണിച്ച സുപ്രീം കോടതി, ഭരണഘടനാ ബെഞ്ചിന് വിടുന്നു. അഞ്ചംഗ ഭരണഘടനാ ബെഞ്ച് സിആര്‍പിസി 125, മതേതര നിയമമാണെന്നും അത് എല്ലാവര്ക്കും ബാധകമാണെന്നും, മുസ്ലീം വ്യക്തിനിയമം അതിന് കീഴെയാണെന്നും പ്രഖ്യാപിക്കുന്നു. ഇതോടെ ഇന്ത്യയിലെ സകല പൗരന്മ്മാര്ക്കും ഈ നിയമം ബാധകമാവുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഈ വിധിയില്‍ സുപ്രീം കോടതി എടുത്തുപറയുന്നുണ്ട്.
ഇതിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തുവന്നു. മുസ്ലീംപേഴ്സല് ബോര്‍ഡ് അടക്കം തെരുവില്‍ സമരവുമായി ഇറങ്ങി. ഈ പ്രതിഷേധത്തില്‍ ഭയന്ന് രാജീവ്ഗാന്ധി, ഈ നിയമത്തെ അട്ടിമറിക്കാന്‍, മുസ്ലീം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഒരു പ്രത്യേക നിയമം കൊണ്ടുവരുന്നു. ഈ നിയമമനുസരിച്ച്, ഒരു മുസ്ലീം പുരുഷന് വിവാഹമോചനം നടത്തിയാല്‍ സ്ത്രീക്ക് മുന്നുമാസം മാത്രം നഷ്ടപരിഹാരം കൊടുത്താല്‍ മതിയാവും. കുട്ടികള്‍ക്ക് രണ്ടുവര്‍ഷവും. സിആര്‍പിസി 125നെ അട്ടിമറിക്കുന്ന നിയമമായിരുന്നു ഇത്.
ഇവിടെയാണ് കഴിഞ്ഞ ദിവസമുണ്ടായ സുപ്രീംകോടതി വിധിയുടെ പ്രസക്തി. 86-ല്‍ രാജീവ്ഗാന്ധി മന്ത്രിസഭ പാസാക്കിയ, മുസ്ലീം സ്ത്രീകളുടെ വിവാഹ മോചന അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമം നല്ലതാണ്. അത് നിലനില്ക്കട്ടെ. ആ നിയമമനുസരിച്ച് ഏതെങ്കിലുമൊരു മുസ്ലീം സ്ത്രീക്ക് എന്തെങ്കിലും ഒരു നേട്ടം വേണമെങ്കില്‍ അവര്‍ പോയി വാങ്ങിക്കോട്ടെ. ഒരു കുഴപ്പവുമില്ല. എന്നാല്‍ സിആര്‍പിസി, 125 അസാധുവാക്കിയിട്ടില്ല. അത് മതേതര നിയമമാണ്. ആ നിയമത്തിന്റെ താഴെ മാത്രമേ പുതിയ നിയമം വരൂ. അതുകൊണ്ടുതന്നെ മുസ്ലീം സ്ത്രീകള്‍ അടക്കമുള്ള സകല ഇന്ത്യന്‍ സ്ത്രീകള്‍ക്കും, സിആര്‍പിസി 125 അനുസരിച്ചുള്ള നഷ്ടപരിഹാരത്തിന്, അധികാരമുണ്ടെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി അസന്നിഗ്ധമായി വ്യക്തമാക്കിയത്. അതായത് 86-ലെ രാജീവ്ഗാന്ധിയുടെ നിയമം അനുസരിച്ച് നഷ്ടപരിഹാരം വേണമെങ്കില്‍ വാങ്ങാം. വാങ്ങിയാലും വാങ്ങിയില്ലെങ്കിലും സിആര്‍പിസി 125 എല്ലാവര്ക്കും ബാധകമാണ്. അതായത് 85-ല്‍ സുപ്രീംകോടതി വിധിച്ചത് ഇപ്പോഴും നിലനില്ക്കുന്നു. അതിനെ അട്ടിമറിക്കാന്‍ 86-ലെ നിയമത്തിന് സാധിച്ചിട്ടില്ല.
ഇത് കേരളത്തിലടക്കം മുസ്ലീം സംഘടനകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. കാരണം, ഇത് ശരീയത്ത് നിയമത്തിന് അനുസൃതമായി ഉണ്ടാക്കിയ നിയമത്തിന് എതിരാണ്. മുസ്ലീം പുരുഷന്റെ താല്‍പ്പര്യമല്ല ഇത് സംരക്ഷിക്കുന്നത്. അതൂകൊണ്ടുതന്നെ നമ്മുടെ മാധ്യമങ്ങള്‍ ഷാബാനുകേസിനെക്കുറിച്ച് മിണ്ടാതെയാണ്, ഈ കേസിനെക്കുറിച്ച് മാത്രമുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത് എന്നാണ് പൊതുവെയുള്ള വിമര്‍ശനം.